Image

വാടക മുറിയിലെ അഭയാർത്ഥികൾ (ചെറുകഥ: പി.എം. ഇഫാദ്)

Published on 04 February, 2021
വാടക മുറിയിലെ അഭയാർത്ഥികൾ (ചെറുകഥ: പി.എം. ഇഫാദ്)
"താഴത്തെ നിലയിൽ രണ്ട് മുറികളാ,ഒരെണ്ണത്തിൽ അറ്റാച്ചഡ് ബാത്രൂം.മുകളിലത്തെ നിലയിൽ ഒരു റൂം പിന്നെ ബാൽക്കണിയും.വെള്ളം കിണറിൽ നിന്ന് മോട്ടർ വഴിയാണ്.ദാ ആ കാണുന്ന വഴി കണ്ടോ സാറെ,അവിടന്ന് ഇറങ്ങിയാൽ ഒരു കൊള്ളാവുന്ന ചായ പീടികയുണ്ട്,നിങ്ങടെ അവിടെ കാണുവോന്ന് അറിയത്തില്ല,ബൺ രണ്ടാക്കി മുട്ടയടിച്ചൊരു സംഭവമുണ്ട്,അതൊന്നു ട്രൈ ചെയ്യണം രണ്ടാളും,അങ്ങോട്ട് എറങ്യാൽ മതി.

"മുമ്പ് ഇവിടെ ആരായിരുന്നു"?

"അങ് വടക്കുന്ന് ആയിരുന്നു,അയാൾ ഒരു ദിവസം ഓടി പോയി"

"എങ്ങോട്ട്"?

"ആ..അറിയാൻ മേല"

"ഓടിയെന്നു പറഞ്ഞാൽ "??

"അങ്ങനെ പറയാൻ മാത്രമുള്ള നല്ലൊരു ഓട്ടം ഒന്നുമായിരുന്നില്ലന്നെ,ചുമ്മാ ഒരു കിടുങ്ങാമണിയൊട്ടം " (അയാളുടെ ഇറങ്ങി പോക്ക് പ്രായം പോലെ ആയിരുന്നു,തിരികെ വരുകയേ ഉണ്ടായില്ല )

"ആ..ഒരു രസമുണ്ട് കേൾക്കാൻ "

"ഞാൻ പോട്ടെ സാറെ "
ചോദ്യത്തിന് പുറമെ അതൊരു ആത്മഗതം പോലെ തോന്നിച്ചു.

മടക്കി കുത്തിയ മുണ്ട് ഒരു കയ്യിലും മറു കയ്യിൽ ചുരുട്ടി പിടിച്ച നോട്ടുകളുമായി ഇറങ്ങി പോകുന്ന ഉടമസ്ഥനെ അയാൾ നോക്കി നിന്നു.കഷണ്ടി തലയിൽ ഒരു വലിയ റോസാ പൂ വിരിഞ്ഞു നിന്നിരുന്നെങ്കിൽ...

"സീ ദിസ്, ജീസസ് ഈസ് വേവിങ് അറ്റ് അസ്"(കർത്താവിന്റെ രംഗ പ്രവേശം)
അവളുടെ നേർത്ത ശബ്ദം കേട്ട് കർത്താവ് തല പൊക്കി നോക്കി.ഇഷ്ടപെടാത്തത് പോലെ കയ്യിൽ തറച്ച ആണികൾ പറിച്ചു കളഞ്ഞ് കർത്താവ് മുറിയുടെ മൂലയിലിരുന്നിരുന്ന രൂപ കൂടിൽ നിന്നും ഇറങ്ങി നടന്നു.അരയോളം വളർന്നു നിന്നിരുന്ന പുല്ലുകളിലൂടെ തോണി തുഴയും പോലെ തുഴഞ്ഞു പോകവേ,ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കി കൈവീശി.(കർത്താവ് ഏത് രാജ്യക്കാരൻ?)

അവൾ പഴയൊരു കർട്ടനിൽ തിരുപിടിച്ചു കൊണ്ട് ചുറ്റും നോക്കുകയാണ്.

"നൈസ് പ്ലേസ്"അവൾ കയ്യുറ ഊരി സോഫയിലേക്ക് വലിച്ചെറിഞ്ഞു.

"യെസ്"

ഒഴിഞ്ഞ രൂപകൂടിനുള്ളിൽ ഉറങ്ങും പോലെ ചോര പുരണ്ട കുരിശ് കണ്ണടച്ചു കിടന്നു.

"ഞാനൊന്നു മുകളിലോട്ടു പോയി നോക്കി വരാം"
പടി കയറുമ്പോൾ മരം മുറുകുന്ന ശബ്ദം മാത്രം.
"രണ്ടാം നിലയിൽ നല്ല തണുപ്പുണ്ട്"
"ഉവ്വ്"
"അവിടെ കയറി നോക്കിയാൽ ആരെയൊക്കെ കാണാമെന്ന് ഞാൻ ആലോചിച്ചു."
"എന്നിട്ട്"?
"എന്റെ ഈ തലയ്ക്കുള്ളിലെ ഒന്നര കിലോ ജെല്ലിയിൽ കാണാൻ കഴിയാത്ത..(മുറിഞ്ഞു പോയ വാക്കുകൾ കർത്താവിനോപ്പം എത്തുവാൻ വേഗത്തിൽ...)
"ജസ്റ്റ് എ സെക്കന്റ്,നമുക്ക് മുകളിലിരിക്കാം"

"ഐ വാസ് തിങ്കിംഗ് എബൌട്ട് അവറ് സ്കൂൾ ഡേയ്സ്,ആലോചിക്കുമ്പോ ഒരു കുളിരൊക്കെയുണ്ട്,എന്നിരുന്നാലും തണുത്ത മരവിച്ച ദിവസങ്ങൾ ആയിരുന്നു അവ,എന്നെ മിസ് ഗേൾ "

"തണുത്തതോ"? അവൾ കണ്ണിന്റെ കോണിലേക്ക് കുസൃതി നിറഞ്ഞ ചിരി നീക്കി വെച്ചു ചോദിച്ചു

"അതെ,ഒന്നു തൊടാനും ഉമ്മ വെക്കാനും കഴിയാതെ,പേടിച് പേടിച്"...

"എനിക്കതായിരുന്നു ഇഷ്ടം..നീ എന്നെ തൊടാതെയും ഉമ്മ വെക്കാതെയും പേടിച്ച്‌.. പേടിച്ച്..ചുണ്ടുകൾക്ക് മുകളിലെ പൊട്ടി മുളച്ചിരുന്ന മീശയിലെ വിയർപ്പ് കുമിളകളും..വിറയ്ക്കുന്ന കാക്ക ചുണ്ടുകളും..എന്നെ ആഗ്രഹിച്ചാഗ്രഹിച്ച്‌..ആ പേടി ഒന്നു കൂടി അനുഭവിക്കണം.നിന്റെ പ്രേമത്തിനിപ്പോ ചത്ത എലിയുടെ ഗന്ധമാണ്..ചീഞ്ഞ് ചീഞ്ഞ് "

"ഹൌ സേഡ്..പണ്ട് ഞാൻ പറയാറുള്ളത് ഓർമ്മയുണ്ടോ,കാടിനെ പെറ്റി പറയുമ്പോ മാത്രമേ എനിക്ക് നിന്നോട് പ്രേമം തോന്നാറുള്ളുവെന്ന്.നീ സ്റ്റെപ് കട്ട് ചെയ്ത മുടിയിൽ നിന്നും വളരുന്ന ചില്ലയിൽ നിറയെ ഇലകൾ,ശരീരത്തിന് കൈവരുന്ന ആലിന്റെ രൂപ സാദൃശ്യം,കാലിന് പകരം മണ്ണിലുറക്കുന്ന വേരുകൾ. ചെവിയിൽ നിന്നും ഊർന്നു വരുന്ന വിഷകായ പറിച്ചു തിന്നുന്ന ഞാൻ.."(മുറിഞ്ഞ് പോയ വാക്കുകൾ വികാരങ്ങളുടെ തുടക്കമായിരിക്കയില്ലേ )

"നിന്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ലല്ലോ,ആറ് യു ഹൈ"??

"നോ,ഒരിക്കലുമില്ല,അല്ലെങ്കിൽ തന്നെ എന്താണ് ഈ ഹൈ,ഏതെങ്കിലുമൊരു വികാര പ്രക്ഷോഭമല്ലേ ഈ ഹൈ "

അയാൾ ഒന്നു മൂരി നിവർന്നു :"ഐ തിങ്ക് വീ ഷുട് ഹാവ് എ ഡ്രിങ്ക്"

വിസ്കി നിറഞ്ഞ ചുണ്ട് തുടച്ചു കൊണ്ട് അവൾ പറഞ്ഞു :
"താഴത്തെ നിലയിൽ ആരെയും കയറ്റണം എന്നില്ല്യ,അത് ഒഴിഞ്ഞു കിടക്കട്ടെ"
അവളുടെ ശബ്ദം ഇലകൾ തമ്മിൽ കൂട്ടി മുട്ടുന്നത് പോലെയാണ്.അയാൾ ഒരു സിപ് കൂടിയെടുത്ത്  രസത്തോടെ ആലോചിച്ചു.

"കേട്ടോ ഞാൻ പറഞ്ഞത്", ഉയർന്നു പൊങ്ങിയ അവളുടെ ശബ്ദം മലയോരത്തു കൂടി സൂര്യ കാന്തി പൂക്കൾ നിറഞ്ഞിടത്തേക്ക് ഇറങ്ങി പോയി.

"ഉവ്വ്"

"നിനക്ക് അറിയുമോ രാത്രിക്ക് പകൽ എല്ലെങ്കിൽ പകലിന് രാത്രി ഇവയേതെങ്കിലും മറ്റൊന്നിന് അഭയാർത്തിയാണ്,ആം ഐ കറക്റ്റ് മിസ് "

"ഉം.. ഉം" അവൾ തെറ്റാണെന്ന ഭാവത്തിൽ തലയാട്ടി :"നിന്റെ തിയറിയോട് എനിക്ക് യോജിപ്പില്ല"

മറുപടിക്ക് പകരം അയാൾ സൂര്യ കാന്തി പൂക്കൾ നിറഞ്ഞിടത്തേക്ക് കണ്ണിനെ അഴിച്ചു വിട്ടു..ഒളിച്ചിരുന്ന അവളുടെ ശബ്ദത്തെ കണ്ണ് പതിയെ ചുംബിച്ചു.

എന്തുകൊണ്ടാണ് അഭയാർത്ഥികൾ തങ്ങളുടെ സംസാര വിഷയങ്ങളിലേക്ക് തിരുകി കേറിയതെന്ന് അവർ വൃഥ ആലോചിക്കുക പോലുമുണ്ടായില്ല.ഒരു മരത്തിൽ നിന്നും വൃദ്ധയായി മരിച്ചു വീഴുന്ന മഞ്ഞയില പോലെ നിസ്സാരമായ ഭാവത്തിൽ 'അഭയാർത്ഥികൾ ' എന്നവർ പറഞ്ഞപ്പോൾ പോലും ഒരു ചെറിയ വ്രണം ചുണ്ടുകളിൽ രൂപപ്പെടുകയുണ്ടായി.വായിൽ നിന്നും മുറിഞ്ഞു വീണ ചോര പുരണ്ട,വിശപ്പിന്റെ നിറമുള്ള,മുള്ള് വേലികളുടെ നീട്ടമുള്ള ഒരു വരിയിൽ അന്തർലീനമായി അഭയാർത്ഥികൾ മുങ്ങി കിടന്നത് അവൾ അറിഞ്ഞില്ല (കർത്താവ് അരുളി: വൈകാതെ അവർ അറിയുമാറാകും ) "താഴത്തെ നിലയിൽ ആരെയും കയറ്റണം എന്നില്ല്യ,അത് ഒഴിഞ്ഞു കിടക്കട്ടെ" അവളുടെ ഈ വാർത്തമാന ശീല് മുടന്തനായ തെരുവു പട്ടിയായി മാറിയിരുന്നു,പാലായനത്തിന്റെ കോപ്പകളിൽ യാത്രയുടെ കാലുകൾ നിറച്ച വിയർപ്പ് കാണികകൾ പ്രണയിനികളുടെ ശബ്ദങ്ങളിൽ ത്രസിച്ച് രോക്ഷദീപ്തങ്ങളിൽ വിണ്ടു കീറി.(എവിടെയാണ് അവരുടെ രാജ്യം )

"ങ്ങാ,പിന്നെ മിസ് ഗേൾ,ഞാൻ പടി കയറി വരുമ്പോ താഴത്തെ മുറിയിൽ ആറ് കാലുള്ള ഒരു എട്ടുകാലി എന്റെ വീക്ഷങ്ങളുടെ വലയിൽ പെടുകയുണ്ടായി ( മദ്യപിച്ചാൽ അയാൾ സാഹിത്യകാരനാകുമായിരുന്നു ) ആ ഹിംസ്ര ജന്തുവിനോട് ആഫ്രിക്കയിലക്ക് തിരിച്ചു പോകുവാൻ പറയ് പെണ്ണെ..നമ്മുടെ ഈ ഫ്രാൻ‌സിൽ അവനെന്ത് കാര്യം"

"ഫ്രാൻസിലെ അതിർത്തി വേലി, ചൂലിന്റെ രൂപത്തിൽ അവനെ തുരത്തി വിടുന്നതായിരുക്കും രാജാവേ"
അവൾ ഉറക്കെ ചിരിച്ചു.

ചിരിക്കുമ്പോൾ വിഷ കായകൾ വരുന്നുണ്ടോ എന്നയാൾ ഒളിഞ്ഞു നോക്കി.

വിസ്കി വീണ്ടും ഇരുവരുടെയും ഗ്ലാസുകളിൽ നിറഞ്ഞു.

"ആറ് കാലുള്ള എട്ടു കാലിയെ 'എട്ടു'കാലി എന്ന് വിളിക്കുമ്പോൾ അവന് എന്ത് തോന്നുമായിരിക്കും "?

"അവന് ഇനി എട്ടുകാലിയുടെ അർത്ഥമില്ല"

"പിന്നെ"?

"അവൻ ശൂന്യനായി,അർത്ഥമില്ലാതെ,സ്വത്വമില്ലാതെ,അങ്ങനെയെങ്ങനെ.അമൂർത്തമായി കൊണ്ട്,ദർശനികമായോ,കലികമായോ പ്രസക്തിയില്ലാത്ത ജീവി വർഗ്ഗങ്ങളെ പോലെ അന്യ വൽക്കരിക്കപ്പെട്ട്,സമൂഹമായി നില നില്ക്കാൻ കഴിയാതെ...(മുറിഞ്ഞ വാക്കുകൾ അവളുടെ വായിൽ ദേശീയതയുടെ കൈ നഘങ്ങളിൽ കുരുങ്ങിയ അഭയാർത്ഥികളെ പോലെ ഞാണ്ടു കിടന്നു )

"ആഫ്രിക്കക്കാർ ഫ്രാൻ‌സിൽ എത്തുമ്പോഴും,മ്യാന്മാറിലെ ആളുകൾ മലേഷ്യലേക്ക് എത്തുമ്പോഴും,യൂറോപ്പിലേക്ക് എത്തുന്ന തുർക്കിക്കാരും എട്ടുകാലികളിൽ നിന്നും ആറു കളികളിലേക്കുള്ള പരിണാമത്തിന്റെ ഇരകളാണ്." അയാൾ പ്ലാറ്റോയെ പോലെ താൻ പറഞ്ഞ തത്വത്തിന്റെ ഗോപുരങ്ങളിൽ വിസ്കിയുടെ ചെറു കയ്പ് വായിലേക്ക് നുകർന്നു കൊണ്ട് ഉയർന്നിരുന്നു.(ഏതോ പുസ്തകത്തിൽ അയാൾ വായിച്ചിരുന്നത്,പക്ഷെ വൈകാതെ അയാൾ പറഞ്ഞതിനോട് ഇരുവരും സമരസപ്പെടും )

"എനിക്ക് അയഹുവാസ്‌ക കഴിക്കണം എന്ന് തോന്നുന്നു." അവൾ അയാളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു

"എന്റെ കയ്യിൽ പുകയുണ്ട്."

"ഞാൻ നിന്നെ പോലെ ഡ്രഗ് അഡിക്റ്റ ഒന്നുമെല്ല"

"യെസ്.. ബട്ട് ഐ ആം"

വിസ്കി നിറഞ്ഞ ഗ്ലാസിൽ നീണ്ടു മെലിഞ്ഞൊരു പുഴയുടെ ശവം കിടക്കുന്നതായി അയാൾക് തോന്നി."മത്സ്യങ്ങളുടെ ഫോസിൽ ഭൂമിയുടെ പ്രായത്തെ പെറ്റി കവിത എഴുതുന്നത് പോലെ തോന്നിക്കുന്നു "

"സീ ദിസ് ഐ ക്യാൻ സീ എ വോൾ വേൾഡ് ഇൻ എ സിംഗിൾ ഗ്ലാസ്"(അയാൾക്ക് ഒരു ചുക്കും കാണുവാൻ കഴിഞ്ഞിരുന്നില്ല,പക്ഷെ വൈകാതെ അയാൾ കാണുന്നതാണ് )

"ഉം"

ബാൽക്കാണിയിലെ ജനാലകളെ കാറ്റിലാടാൻ അനുവദിക്കാതെ കൊളുത്തിട്ട് ബെഡ്റൂമിലേക്ക് അവളും പിന്നാലെ ആയാളും ഇഴഞ്ഞു പോയി,സർപ്പവിത്തുകൾ.ഫാനിന്റെ നരച്ചു തീരാറായ ശബ്ദങ്ങളെ സാക്ഷിയാക്കി അവർ ചേർന്നിരുന്നു.തൊലി തോലിയോട് ചേർന്നു. അവളുടെ ശ്വാസതിന്റെ സംഗീതത്തിന് മുകളിൽ  ബീതോവന് പിയാനോ വായിക്കാൻ കഴിയാതെ ആകാശകോണികൾ കയറി അപ്രത്യക്ഷമായി.അവളുടെ വിടർന്ന മൂക്കിൽ നിന്നും നീണ്ടു നിന്ന കൊമ്പിൽ അയാൾ ഊഞ്ഞാലിന്റെ കയർ മുറുക്കി,രണ്ട് മെലിഞ്ഞ ചന്തികൾ സ്വയം അയാളതിലുറപ്പിച്ചു.അവളുടെ തലയോട്ടിയിലെ ഇലകളിൽ നിന്നും ഞരമ്പുകളുടെ പച്ച മണം അയാളെ ഉദ്ദേചിപ്പിച്ചു.ഉദരത്തിൽ നിന്നും പറന്നുയർന്ന ശത്ഭത്തിന്റെ ചിത്ര രേഖകളിൽ വാൻ ഗോഖിനെ പോലെ ഭ്രാന്തനായി കൊണ്ടിരുന്നു,വിസ്കി വയറുമായി അയാൾ..പിന്നെ പതിയെ വിയർപ്പ് തുള്ളി വറ്റുന്ന ശരീരങ്ങൾ തളർന്നു കിടന്നു (അഭയാർത്ഥികളെ പെറ്റി അവർ ചിന്തിക്കുകയായിരുന്നു,ഭോഗാനന്തരം മുളച്ചു പൊന്തുന്ന ദിവ്യ ജ്ഞാനം പോലെ )

"ദാ ഒരു കുരുവി എത്തി നോക്കുന്നു",അവൾ അയാളുടെ നെഞ്ചിലെ രോമത്തിലൂടെ കൈകൾ നീക്കി കൊണ്ടിരുന്നു.

"പെണ്ണെ,പിന്നാലെ ദാ ഒരു കലമാനും നോക്കുന്നുണ്ട്"

"അടക്കാ കിളി"

"തേൾ"

"മുയൽ"

മൃഗങ്ങളും പക്ഷികളും ഓരോന്നായി,ഇടമുറിയാതെ ഉന്മത്തരായ മനുഷ്യരെ പോലെ മുകളിലെ നിലയിലേക്ക് വന്നു കൊണ്ടിരുന്നു.കണ്ണിമ വെട്ടുന്ന ഇരുൾ നേരങ്ങളിൽ ദുരിതത്തിന്റെ നിറമുള്ള മൃഗ ജന സാഗരങ്ങളുടെ അടിയൊഴുക്കുകൾ അവരുടെ പ്രജ്ഞയെ ഉലച്ചു കളഞ്ഞു.

"തുർക്കിയിൽ നിന്നും യൂറോപ്പിലേക്കു കടന്ന ഇസ്‌തംബൂൾകാരെ പോലെയിരുന്നു ആ വന്യ ജന്തുക്കൾ".ദുരിതത്തിന്റെ മണമുള്ള സിംഹം അവരുടെ കട്ടിലിൽ കയറികൂടി.അവന്റെ സടയുടെ മൂർച്ച പ്രണയിനികളുടെ ഭീതിയെ തിരികെ കൊണ്ടുവന്നു (കർത്താവ് അങ്ങനെ അരുളിയിരുന്നിരിക്കാം )


സിഗരറ്റിൽ നിന്നും വാർന്നു പറക്കുന്ന പുക സന്ധ്യകളെ പോലെ,വികാരനിറവിന്റെ ശരീര ഭാരവുമായി,അവരിരുവരും നഗ്നരായി നിഭിഡമായ നിഴലുകൾ വീണു കിടന്ന മണ്ണിലൂടെ, ആവർത്തന വിരസതയുടെ വെയിൽ മങ്ങി പോയ ഇടങ്ങളിലൂടെ,പച്ച നിറം മുങ്ങിയ പുൽ യോനികളിലൂടെ കാലം മരവിച്ചു നിന്ന ക്ലോക്ക് ടവറും മുറിച്ചു കടന്ന് ഓടികൊണ്ടിരുന്നു.ഉച്ച ചൂട് കിനിയുന്ന സൂര്യനു കീഴെ ശരങ്ങളേറ്റ നഗര വാസികളെ പോലെ മോക്ഷമില്ലാത്ത കാറ്റു കണക്കെ തീർത്ഥം ദാഹിക്കുന്ന നാക്ക്‌ നീണ്ടവരായി അവർ മാറിയതറിയാതെ.നിമിഷങ്ങൾ മാത്രം നീണ്ടു നിന്ന ഇറങ്ങിയോട്ടത്തിന്റെ കടലിൽ തിരമാലകൾക്കനുപാതമായി യുഗങ്ങൾ വന്നു പോയതോ,ചിതമ്പലുകളിൽ തളിർത്ത പരിണാമത്തിന്റെ പുതു ദിശ മാറിയതോ അവരറിഞ്ഞില്ല.മനുഷ്യന്റെ അവസാനത്തെ നിറവും മങ്ങി പോയിരിക്കെ,മനുഷ്യന്റെ അവസാനത്തെ മണവും ഒടുങ്ങിയിരിക്കെ വാരിയെല്ലിൽ പൂത്ത ഒരു പ്രേമം മാത്രം ബാക്കി വെച്ചു ഇരുവരും.

മലയോരങ്ങളിൽ വളർന്നു നിന്ന സൂര്യകാന്തി ചെടികളിലേക്ക് അവർ തളർന്നു വീണു.ചതഞ്ഞ പൂവുകൾ അവരെ അന്താളിപ്പോടെ നോക്കി.അവൾ അയാളെ വാരി വലിച്ചു പുണർന്നു,ചുംബനത്തിന്റെ ആഴമില്ലാ കയങ്ങളിൽ അവർ വെന്തു കിടന്നു ,കണ്ണീർ വീഴ്ത്തി,ചുണ്ടുകൾ കവിളുകളിൽ തപസ്സിരിക്കും പോലെ നിശ്ചലമായിരുന്നു.ആദവും ഹവ്വയും ഇവരാണെന്ന് തെറ്റിദ്ധരിച്ച് ആപ്പിൾ മരങ്ങൾ തങ്ങളുടെ ആപ്പിളുകളെ ഇലയുടെ മാറിടങ്ങളിലേക്ക് ഒളിച്ചു വെച്ചു.

രണ്ട് കിതപ്പുകൾ ഒന്നാവുന്നതും,രതിയുടെ ചതുപ്പിൽ ഇറങ്ങി നിൽക്കുന്ന രണ്ട് ജീവരശ്മികൾ അനാഥമായവരുടെ ചെളിയിൽ മുങ്ങി നിവരുന്നതും പിന്നെ വഴി തെറ്റിയ കർത്താവിനെയും(വഴി തെറ്റിയത് കുഞ്ഞാടിനല്ലേ??) ആ വാടക വീട് മറന്നു പോയോ?(പാലായനത്തിന് പരിണാമമേൽക്കാതെ പോയിരിക്കുന്നു )

"ഇങ്ങനെയാണോ അഭയാർത്ഥികൾ ഉണ്ടാകുന്നത് "?? വീട് വിട്ട് ഓടി പോന്നതിന്റെ ഓർമ്മയിൽ
അയാൾ അവളുടെ മടിയിൽ കിടന്നു കൊണ്ട് ചോദിച്ചു.

"ഇരിക്കുന്നിടത്തു കടിയനുറുമ്പുണ്ടെങ്കിൽ നീയെന്ത് ചെയ്യും "??(അതൊരു ചോദ്യമായിരുന്നോ എന്ന് സംശയമാണ്,ഉത്തരത്തിൽ അവർ ജീവിക്കുകയായിരുന്നുവെല്ലോ )

"മാറിയിരിക്കും"(അതൊരു ഉത്തരമായിരുന്നൊ എന്ന് അയാൾക്കും സംശയമായിരുന്നു,ചോദ്യത്തിൽ അവർ ജീവിക്കുകയായിരുന്നുവെല്ലോ)

"അങ്ങനെയാണ് അഭയാർത്ഥികൾ ഉണ്ടാകുന്നത്"(അനന്തരം കർത്താവ് പുഞ്ചിരിക്കുകയും,സ്വർഗത്തിൽ വിരാജിക്കാൻ അവരെ അനുവദിക്കുകയും ചെയ്തു )


Join WhatsApp News
വായനക്കാരൻ 2021-02-05 21:55:43
കഥയിൽ, ഒരു പുതു ശൈലി കൊണ്ടുവരാൻ കഥാകൃത്തിനു കഴിഞ്ഞു. അഭിനന്ദനങ്ങൾ. അക്ഷത്തെറ്റുകൾ കുറെ ഉണ്ട്, തിരുത്തിയാൽ മെച്ചപ്പെടുത്താം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക