Image

കൂടെ.. (കഥ: പുഷ്പമ്മ ചാണ്ടി )

Published on 05 February, 2021
കൂടെ.. (കഥ: പുഷ്പമ്മ ചാണ്ടി )
കുറച്ചു ദിവസമായി വായിക്കുമ്പോൾ അക്ഷരങ്ങൾ ചെറുതാകുന്നതു പോലെ , അല്ല  കണ്ണിന്റെ കാഴ്ചശക്തി കുറഞ്ഞ താണ് , രണ്ടു വർഷമായി കണ്ണ് പരിശോധിച്ചിട്ട്  ,വാര്‍ദ്ധക്യം മനസ്സിനെ ബാധിച്ചിട്ടില്ല എന്നൊക്കെ പറയാം , പക്ഷെ ശരീരം ഇടക്കൊക്കെ അത് ഓർമ്മിപ്പിക്കും.  കണ്ണാശുപത്രിയിൽ ഇരിക്കുമ്പോൾ ചുറ്റും നോക്കി, തന്നെപ്പോലെ തനിയെ വന്നിരിക്കുന്നവർ ആരും ഇല്ല , അല്ല ഒരാളെ കണ്ടു ..അങ്ങ് ദൂരെ മാറി അയാൾ ഇരിക്കുന്നു . അപ്പോൾ ഒരാശ്വാസം തോന്നി ...താൻ മാത്രം അല്ല , വേറെയും ആളുകളുണ്ട് ഏകാന്തപഥികരായി .. . തനിയെ ആണെന്നുള്ള വിഷമങ്ങളൊന്നും സാധാരണ തോന്നാറില്ല , ചിലപ്പോൾ ഇങ്ങനെ ഓരോ അവസരങ്ങളിലൊക്കെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്നോർക്കും . 
രാവിലെ അടുത്ത വീട്ടിലെ അഖില ചോദിച്ചതാ കൂടെ വരട്ടെയെന്ന് ... 
പാവം അവൾക്കു വീട്ടിൽ നൂറുകൂട്ടം പണിയുണ്ട് , ഭൂമിയെ കുനിഞ്ഞു പുല്ലു പറിക്കാത്ത  ഭർത്താവും  ചെറിയ രണ്ടു കുട്ടികളും . അവളുടെ ഒരു ദിവസം വെറുതെ കളയണോ എന്നു കരുതി പറഞ്ഞു
" വണ്ടി ഓടിക്കാൻ ശ്രീനി ഉണ്ടല്ലോ അത് മതി " 
നമ്മള് തന്നെ നമ്മളെ നോക്കുമ്പോൾ , അത് വേറെ വല്ലാത്ത ഒരു ആത്മവിശ്വാസം  തരും . ഈ ഏകാന്തത ആരുമില്ലായ്മ അതും ചിലപ്പോൾ ഒരു തരം  ആനന്ദമാണ്  .എനിക്ക് ഞാൻ ഉണ്ടല്ലോ എന്ന ആഹ്‌ളാദം.

ഒരു പെൺകുട്ടി വന്ന് എല്ലാവരുടെയും കണ്ണിൽ തുള്ളിമരുന്ന് ഒഴിച്ച് , കണ്ണടച്ചിരിക്കാൻ പറയുന്നു .  കൂട്ടിനു വന്നവരാകട്ടെ,  ഫോണിൽ കുത്തി രസിക്കുന്നു ...  ഇങ്ങനെ കണ്ണടച്ചിരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമല്ല , ചുറ്റുമുള്ളവരെ വീക്ഷിക്കാൻ പറ്റില്ല  ചുറ്റുപാടും നടക്കുന്നതൊക്കെ കാണുന്നത് ഒരു  രസമാണ് , ആൾക്കാർ അറിയാതെ അവരെ അവരെ ശ്രദിക്കുന്നതും രസം തന്നെ...

വല്ലാത്ത ഒരു മുഷിപ്പിനൊടുവിൽ എൻ്റെ പേരും വിളിച്ചു .
ഇംഗ്ലീഷ് അക്ഷരമാല ചിലതെല്ലാം വായിപ്പിച്ചു , പിന്നെ 
ഇടത്തോട്ടും വലത്തോട്ടും , മുകളിലോട്ടും  താഴോട്ടും നോക്കാൻ പറഞ്ഞു എല്ലാം കഴിഞ്ഞപ്പോൾ , കണ്ണിനു ചെറുതായി കാഴ്ചശക്തി കുറഞ്ഞതായി ഡോക്ടർ പ്രഖ്യാപിച്ചു ..പിന്നെ വ്യായാമം അത് കാലിനും കൈക്കും മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും കൊടുക്കണം, കണ്ണിനും അത് ആവശ്യം , ഡോക്ടർ ഓർമ്മിപ്പിച്ചു . 
മൂക്കിന്റെ തുമ്പിലേക്ക് നോക്കുക, തുടര്‍ന്ന് കണ്‍പീലികളിലേക്ക് നോക്കുക. വീണ്ടും മൂക്കിന്റെ തുമ്പിലേക്കു ദൃഷ്ടികൊണ്ടു വരിക. റിലാക്‌സ് ചെയ്യുക, എല്ലാം തലകുലുക്കി കേട്ട് , പുതിയ കണ്ണാടിക്കുള്ള കുറിപ്പ് വാങ്ങി പുറത്തിറങ്ങിയപ്പോൾ , കണ്ണിന്റെ കൃഷ്ണമണി ഡയലേറ്റ് ചെയ്തു വലുതാക്കിയത് കൊണ്ടാവാം കാഴ്ചയിൽ ഒരു വ്യത്യാസം . പുറത്തെ വെട്ടം കുത്തിക്കൊള്ളുന്ന പോലെ , ഫോണിലെ അക്കങ്ങൾ നൃത്തം ചെയ്യുന്നു ...
ഒരു വിധത്തിൽ ഡ്രൈവറെ വിളിച്ചു  വണ്ടിയിൽ കയറി .പോകുന്ന വഴി തന്നെ കണ്ണട കൂടി വാങ്ങാം എന്ന് കരുതി.അതിനിനി വരേണ്ടല്ലോ .

കണ്ണടക്കടയിൽ കയറിയപ്പോൾ ആകെ ഒരു ചിന്താകുഴപ്പം , ലെൻസ് മാത്രം മാറ്റാം, ഫ്രെയിം ഇത് തന്നെ മതി , പക്ഷെ കടയിലെ പയ്യനുണ്ടോ വിടുന്നു, അവൻ കമ്പ്യൂട്ടർ നോക്കിയിട്ടു പറയുകയാ
" മാഡം ഇത് 2014 ൽ വാങ്ങിയ കണ്ണടയാണ് , ( നമ്മെളെക്കാൾ നമ്മുടെ കാര്യം ഈ കംപ്യൂട്ടറിനറിയാം, സത്യം പറഞ്ഞാൽ എനിക്ക് ഈ കണ്ണട എന്ന് വാങ്ങി എന്ന് ഒരോഓർമയും ഇല്ല ) 
" പഴയ മോഡൽ ആണ് , ദേ നോക്കു, ഇതൊക്കെ പുതിയ തരാം ഫ്രെയിംസ് ആണ്  "
അവൻ ഈ ഫ്രെയ്‌മുകളെ പറ്റി ഒരു പ്രഭാഷണം തന്നെ തന്നു .
രണ്ടുമൂന്നെണ്ണം ഞാൻ ധരിച്ചു നോക്കി , അവസാനം പഴയ ഫ്രെയിം തന്നെ മതി  , ലെൻസ് മാറ്റു എന്ന് പറഞ്ഞ് പുറത്തിറങ്ങി . കാറിലേക്ക് കയറാൻ തുടങ്ങിയപ്പോൾ തോന്നി ,
അല്ല ഒരു പുതിയ ഫ്രെയിം വാങ്ങിയാലോ , 
" ഈ പിശുക്ക് ആർക്കു വേണ്ടിയാ അല്ല പിന്നെ "
തിരിച്ചു കടയിൽ ഒന്ന് കൂടി കയറി
" കുറച്ചു മുൻപേ എടുത്ത കണ്ണടകൾ ഒന്നുകൂടി മുഖത്തു  വെച്ച് നോക്കി , 
അവസാനം രണ്ടെണ്ണം എടുത്തു വെച്ചു. ഈ പുതിയ കണ്ണടകളിൽ ഏതു തനിക്കു ചേരും എന്ന് ആരോട് ചോദിക്കും , തൻ്റെ മുഖത്തിനു ഏതു കണ്ണാടി ചേരും ? ഒരു ചിന്താക്കുഴപ്പം ...
കുറച്ചു വിഷമം തോന്നി , എന്നാലും പ്രസരിപ്പ് കൈവെടിയാതെ
ആ മുഖംനോക്കുന്ന കണ്ണാടിയോടു തന്നെ ചോദിച്ചു 
" കണ്ണാടീ, കണ്ണാടീ ഏതു ഫ്രെയിമാണ് എനിക്കു ചേർച്ച ?
ആ എടുത്തു വെച്ച രണ്ടെണ്ണത്തിൽ ഒരെണ്ണം ആവട്ടെ എന്ന്  കണ്ണാടി  ചിരിച്ചുകൊണ്ടെന്നോടു പറഞ്ഞു , 
എനിക്ക്  ഏറ്റവും ഇഷ്ടമുള്ള എന്നെത്തന്നെയാണ് ഞാനപ്പോൾ എടുത്തത് എന്നു മനസ്സിലായി .
പുതിയ കണ്ണടക്ക് ഓര്‍ഡര്‍ കൊടുത്തിട്ടു പുറത്തേക്കിറങ്ങുമ്പോൾ തോന്നി , കൂടെ ആരും ഇല്ലാത്തവർക്ക് കണ്ണാടിയോളം നല്ലൊരു ചങ്ങാതി വേറെയില്ലെന്ന് ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക