Image

ചുണ്ടുകളുടെ മഹായാനം (മിനി ഗോപിനാഥ് )

Published on 12 February, 2021
ചുണ്ടുകളുടെ മഹായാനം  (മിനി ഗോപിനാഥ് )
“നിന്റെ ചുണ്ടുകളെ നീ പുച്ഛിക്കാൻ പഠിപ്പിക്കരുത്.അവ ചുംബിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണ്” വില്യം ഷേക്‌സ്പിയർ .

ഹൃദയത്തിന്റെ അറകളിൽ പ്രണയത്തിന്റെ ശംഖൊലികൾ മുഴങ്ങുമ്പോൾ   ചുണ്ടുകളിലുതിരുന്ന മന്ത്രണമാണ് ചുംബനം.  “സ്നേഹമാണഖിലസാരമൂഴിയിൽ” എന്ന നിത്യ സത്യത്തിലേക്ക് നമ്മെ നയിക്കുന്നൊരു നനുത്ത  തൂവൽ സ്പർശമായി  നമ്മളെ തഴുകിയുണർത്താൻ അത്‌ വെമ്പൽ കൊള്ളുന്നുണ്ട്.ആ രസതന്ത്രം സ്വായത്തമാക്കുന്നവർ ,ലോകം തന്നെ മാറ്റിമറിക്കും. ഇതിലൂടെ

“രണ്ട് പേർ തമ്മിൽ ചുംബിക്കുമ്പോൾ ലോകം മാറുന്നു”
എന്ന  ഒക്ടേവിയാ പാസിന്റെ
 വചനമായിരിക്കും  സാർത്ഥകമാകുക,

വികാരസാന്ദ്രമായ രണ്ട് ചുംബന മുഹൂർത്തങ്ങളുടെ ഇടവേളയാണ് ജീവിതം. പരസ്പരം ആത്മാവിനെ മണക്കുന്ന പ്രതിഭാസമാണിതെന്ന് പറയപെടുന്നുണ്ട്. മാസ്‌മരവും വർണനാതീതവുമായ    ജീവപ്രപഞ്ചത്തിന്റെ സത്യവും,ദിവ്യാനുഭൂതിയുമായ ഹരിത ചുംബനത്തിലൂടെ വികാരങ്ങളുടെ വേലിയേറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. വാത്സല്യം,സ്നേഹം,സൗഹൃദം, ബഹുമാനം,സാന്ത്വനം,പ്രണയം,രതി  എന്നിവയുടെയെല്ലാം  ഊഷ്മാവ്  ചുംബനങ്ങളിലൂടെ ക്രമാതീതമായി വർദ്ധിച്ച്   പ്രകമ്പനമായി രൂപാന്തരം പ്രാപിക്കും .

സ്പർശന ബന്ധത്തിന്റെ ആത്മാനുഭൂതികൾ വായിലും നാക്കിലുമുള്ള നാഡികളിലൂടെയാണ് അതിന്റെ പരം പൊരുളുകളായി പകർത്തുന്നത്.. ആത്മാവിലലിഞ്ഞ,ദൈവീകമായ, അമ്മയുടെ ചുംബനത്തിൽ,മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്ന ജാതിമതങ്ങളുടെയും ദേശ ഭാഷകളുടെയും അന്തരം യാതൊരു സ്വാധീനവും  ചെലുത്തുന്നില്ല..

കുഞ്ഞിന്റെ ചങ്കിടിപ്പിൽ, തന്റെ ജീവിത പങ്കാളിയുടെ ഉദരത്തിൽ,പൊക്കിൾ കൊടിയിലേക്ക് മുത്തങ്ങൾ നല്കിത്തുടങ്ങി,അമ്മയ്ക്കും മുമ്പേ ചുംബനച്ചുട് പകരുന്നത് അച്ഛനാണ്.  കരുതലും വാത്സല്യവും മധുരാർദ്രമായ പുതപ്പാക്കി  എക്കാലവും കാത്തു സൂക്ഷിക്കുന്ന കാണാത്ത  ദൈവമായ അച്ഛന്റെ ചുംബനം, അണയാത്ത ദീപമാണ്.

ശ്രീകുമാരൻ തമ്പി എഴുതിയ “അച്ഛന്റെ ചുംബനം” എന്ന കവിതയിൽ

 “മകളേ നിനക്കിന്നു നൽകുമീ ചുംബനം
മന്വന്തരങ്ങളായ് തുടരുന്ന സാന്ത്വനം
സുകൃതമെന്താണെന്നറിഞ്ഞു  ഞാനിന്ന്
നിൻ മിഴിയിൽ പിതൃത്വ സൗഭാഗ്യം തുളുമ്പവേ….
അധരത്തിലിറ്റുമീ ഉപ്പും,ആത്മാക്കളിൽ
മധുരമായ് മാറുന്നൊരൽഭുതം കാൺക നീ… “

ഈ വരികളിലൂടെ അച്ഛനെന്ന സുന്ദരകാവ്യത്തെ ഉല്കൃഷ്ടമാക്കുകയാണ്  കേരളക്കരയാകെ  ചുംബനപ്പൂകൊണ്ട് മൂടി ഉമ്മതന്നുണ്മയായ്  അനുരാഗക്കണ്ണീരിനെ വാഴ്ത്തുന്ന പാട്ടുകാരൻ.

 നമ്മുടെ കൂടെപ്പിറപ്പുകളായ ചുംബനം  തളിർത്തു പൂമൊട്ട് മുത്തങ്ങളായി മാറുന്നത് മാലാഖമാരായ കളിക്കൂട്ടുകാർക്കിടയിലാണ്. ഇവ വിടർന്ന് സുഗന്ധം പരത്തിയിരുന്നുവെന്ന്  പരസ്പരം തിരിച്ചറിയുന്നത് , കാലങ്ങൾക്കിപ്പുറം ഓർമ്മകളിലൂടെയായിരിക്കും. പ്രണയിനികളുടെ ആദ്യചുംബനമായിരുന്നു അതെന്ന വെളിപാടുണ്ടാകുന്നവർ, കവിയായ ഖലീൽ ജിബ്രാന്റെ, ദൈവത്തിന്റെ ചുംബനങ്ങൾ എന്ന പുസ്തകത്തിൽ, “ചുംബിക്കുമ്പോൾ മാത്രം ദൈവം നമുക്ക്  ചിറകുകൾ നൽകുന്നു” എന്ന പ്രവചനത്തിന്റെ  ദൃഷ്ടാന്തങ്ങൾക്ക് ഭാവം പകർന്നവരുടെ പിൻപേ പറക്കുന്ന പക്ഷികളായി പരിണമിക്കും.

വയലാർ, ദേവരാജൻ, ഗാനഗന്ധർവ്വൻ കൂട്ടുകെട്ടിലെ
“ഉത്തരായനകിളി പാടി ഉന്മാദിനിയെപ്പോലെ ….പൊന്നും വളയിട്ട വെണ്ണിലാവേ നിന്നെ ഒന്ന് ചുംബിച്ചോട്ടെ …”
എന്ന ഗാനവീചികൾ  ആസ്വാദക ഹൃദയത്തിൽ പകരുന്നത് വശ്യമായ പ്രപഞ്ച പ്രതിഭാസങ്ങളിൽ അന്തർ ലീനമായിരിക്കുന്ന അഭൗമ ചുംബനങ്ങളുടെ നിർവൃതിയാണ്.

 "First kiss a lady,
  Last bufe Cigar.."

എന്നൊരു മഹാൻ പറഞ്ഞത് വെറുതെയല്ല.
ഏത് രൂപത്തിലായാലും  കന്യകയുടെ ചുണ്ടിന്റെ മൂത്തമാകാൻ കഴിവുള്ള ഗഗനചാരിയെ അഭ്രപാളികളിൽ ആവാഹിച്ചു പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഗന്ധർവനാണ് പദ്മരാജൻ..വായനാലോകം വിലയിരുത്തിയ ആദ്ദേഹത്തിന്റെ ആദ്യകഥയായ “ലോല”യിലെ ചുംബിക്കപ്പെട്ട ചുണ്ടുകളിലൂടെ

“വീണ്ടും കാണുക എന്നൊന്ന് ഉണ്ടാവില്ല.ഞാൻ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കണക്കാക്കുക.ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക”

ആ ചുംബനം,അനുവാചക ഹൃദയത്തിൽ  പ്രണയത്തിന്റെ കാതരമായ ലാസ്യഭാവം പകർന്ന് കൊണ്ട് നിലയ്ക്കാത്ത തേനരുവിപോലെ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

“പതിയെ ചുംബിച്ചുണർത്തിയ ഓർമ്മകൾ പോലും ഇന്നിന്റെ മഴയിൽ അടയാളങ്ങളില്ലാതെ ഒലിച്ചു പോകുന്നു “

എന്ന് ഇരുട്ടിന്റെ ആത്മാവിലൂടെ എം.ടി പറയുമ്പോൾ ,
സച്ചിദാനന്ദൻ തന്റെ ‘പ്രണയ ബുദ്ധനി’ൽ പറയുന്നത്
“ഇരുളിൽ നമ്മുടെ ചുംബനം ഇടിമിന്നൽ പൊലെ തിളങ്ങി,ആ ഗുഹ ബോധിയായി.എനിക്ക് പ്രണയത്തിന്റെ വെളിപാടുണ്ടായി.ഇപ്പോൾ ഞാൻ ജന്മാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന അവസാനത്തെ മനുഷ്യ ജോഡിക്കും പ്രണയ നിർവ്വാണം ലഭിച്ചു കഴിഞ്ഞേ പരമ പദം പ്രാപിക്കുകയുള്ളൂ”എന്നാണ്.

വീഞ്ഞിന്റെ ലഹരി പകരും വിധമുള്ള ചുംബന വർണ്ണനകൾ   ലോകോത്തര കൃതികളുൾപ്പെടെയുള്ള രചനകളിലെല്ലാം തുടിച്ചൂ നിൽക്കുന്നുണ്ട്. വീണുടഞ്ഞ  പ്രേമത്തിന്റെ ചില്ലുകൾ കൊണ്ട്‌ വാർന്നൊഴുകിയ ഹൃദയരക്തം തൂലികയിൽ ചാലിച്ചു രചിച്ച  സർഗസൃഷ്ടികൾ  നൊമ്പര ചുംബനങ്ങളായി  അനുവാചക ഹൃദയത്തിലൂടെ കാലത്തെ അതിജീവിക്കും എന്ന ദീർഘവീക്ഷണത്തെ അന്വർത്ഥമാക്കുന്നതാണ്,  

“ഞാൻ മരണത്തെ പുൽകുമ്പോൾ എന്നെ ഉമ്മ വയ്ക്കൂ”എന്ന ഈജിപ്‌ഷ്യൻ കവിവചനം.

കലാരൂപങ്ങളും ഛായാ ചിത്രങ്ങളും കവിതപോലെ അല്ലെങ്കിൽ  അതിലും  മനോഹരമായി ചുംബനങ്ങളെ ആഖ്യാനിക്കുന്നുണ്ട്.

അഭ്രപാളിയിലെ ആദ്യചുംബനം “ദ കിസ്സിലൂടെ”  (മേ ഇർവിൻ കിസ്സ്)
1896 ലാണ് സാക്ഷാൽക്കരിക്കപ്പെട്ടത്.
ഗ്രീറ്റ സിമ്മർ ഫ്രീഡ്മാൻ എന്ന  യുവതിയെ, ജോർജ്ജ്  മെൻഡോസ എന്ന നാവികൻ  തീവ്രമായി ചുംബിക്കുന്ന ചിത്രം,രണ്ടാം ലോകമഹായുദ്ധം  അവസാനിക്കുമ്പോഴുള്ള  ആഹ്ലാദ പ്രകടനത്തിന്റെ പ്രതീകമാണ്.

ക്രിസ്തു ദേവന്റെ  മഹത് ശരീരത്തിലെ ജീവന്റെ തുടിപ്പുകളെ ഇല്ലാതാക്കുവാനായി  ചുംബന രൂപത്തിലെത്തിയ വഞ്ചനയാണ് യൂദാസിന്റെ ചുംബനം.

“യൂദാസേ,നീ മനുഷ്യപുത്രനെ ഒരു ചുംബനം കൊണ്ട് ഒറ്റിക്കൊടുക്കുകയാണോ?”

എന്ന  ചോദ്യത്തിലൂടെ ഹൃദയപൂർവ്വം ആ മരണചുംബനം ഏറ്റു വാങ്ങുകയായിരുന്നു യേശുക്രിസ്തു ..

“ഒരു വാള് കൊണ്ട് സാമ്രാജ്യങ്ങൾ കീഴടക്കാനായേക്കാം.എന്നാൽ ഒരു ചുംബനം മതി നിങ്ങളെ കീഴ്പ്പെടുത്താൻ” എന്ന് പറഞ്ഞത് ഡാനിയേൽ ഹെയ്ൻസിയർ ആണ്

വ്യക്തികളുടെ അന്തർലോകങ്ങൾ മാറ്റിമറിക്കാൻ പര്യാപ്തമാണ്  രാസപ്രക്രിയയായ  ചുംബനം. കുടുംബ ബന്ധങ്ങൾ സുദൃഢമാക്കാൻ ഒരു ചുംബനത്തിന് കഴിയും. ഓരോ മണിമുത്തങ്ങളും ഭാവ പ്രകടനത്തിന്റെ വ്യത്യസ്തമായ പകർന്നാട്ടമാണ്. ദമ്പതികൾ, മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ, സഹോദരീ സഹോദരൻമാർ,മുത്തച്ഛനും മുത്തശ്ശിയും ഇങ്ങനെ കുടുംബത്തിലെ ഓരോ കണ്ണികളെയും വിളക്കിചേർക്കാൻ
സ്നേഹാർദ്ര പാരിതോഷികങ്ങളായ ചുംബനങ്ങൾ അത്യന്താപേക്ഷിതമാണ്. ദേഷ്യവും വെറുപ്പും പോലെയുള്ള വികാരങ്ങളലിഞ്ഞില്ലാതാകാൻ നേർത്ത, മഞ്ഞു തുള്ളി പോലൊരു ചുംബനത്തിന്റെ മാന്ത്രികത മതിയാകും.

ഭാര്യാ ഭർതൃബന്ധത്തിലാണ് ചുംബനത്തിന്റെ വൈവിധ്യങ്ങൾ സമ്മേളിക്കുന്നത്. ലൈംഗീകതയുടെ അപാര സാധ്യതകൾ കുടിയിരിക്കുന്ന വായിലെയും നാക്കിലെയും  നാഡികളിലൂടെ ചുംബനങ്ങൾ സൃഷ്ടിക്കുന്ന  ഉദ്ദീപനങ്ങൾ  ജീവിതാവസാനം വരെ നിലനിർത്താൻ ദമ്പതികൾക്ക്  സാധിക്കും.വംശവർദ്ധനവിലുപരി രതി ഭാവങ്ങളുടെ വേറിട്ട അനുഭൂതികൾ പകരാനും ആസ്വദിക്കാനും  ഇതിലൂടെ സാധ്യമാകും. സ്ത്രീക്കും പുരുഷനും ഏതെല്ലാം പദങ്ങൾ ഒരേ സമയം അലങ്കരിക്കാനാകും എന്നും  സാഹചര്യത്തിനനുസരിച്ചു രൂപം മാറാൻ കഴിയുന്ന അർത്ഥമുള്ള ചുംബനങ്ങളിലൂടെ  കെട്ടുറപ്പുള്ള  കുടുംബ ജീവിതം നയിക്കാനും പ്രാപ്തരാകുകയും ചെയ്യും .

സമൂഹ ജീവിയായ മനുഷ്യന് വിവേകപൂർവ്വം ചുംബനസാദ്ധ്യതകളെ
പരിപോഷിപ്പിക്കാനും  ആരോഗ്യകരവും
ഊഷ്മളവും പക്വതയുമാർന്ന ബന്ധങ്ങളുടെ കണ്ണികളാകാനും  കഴിയും. വികസിത കാഴ്ചപ്പാടുകളുള്ള  സമൂഹത്തെ വാർത്തെടുക്കാനും  മാറ്റങ്ങളെ,
 നല്ല  അർത്ഥത്തിൽ വീക്ഷിക്കാനും വ്യാഖ്യാനിക്കാനും  ഉൾക്കൊള്ളാനും  മാനസികമായി നാം ,സ്വയം പര്യാപ്തത
നേടിയേ മതിയാകൂ.

വാത്സ്യായന മഹർഷി  നാൽപ്പത് തരം ചുംബങ്ങളെക്കുറിച്ച്   പ്രതിപാദിക്കുന്നുണ്ട്. ജീവിതരീതികൾക്കും ശാരീരിക പ്രകൃതികൾക്കും അനുസരിച്ചു  ചുംബനങ്ങളിൽ മാറ്റം വരുത്തണമെന്നും    
എല്ലാത്തരം ചുംബനങ്ങളും എല്ലാവരിലും  പ്രായോഗികമല്ലെന്നും, വ്യക്തികളുടെ ആരോഗൃം പ്രത്യേകം പരിഗണിക്കണമെന്നും  അദ്ദേഹം മുന്നറിയിപ്പും നൽകുന്നുണ്ട്.

വാത്സ്യായനൻ,കാമസൂത്രത്തിൽ വിവരിക്കുന്ന
ചുബനമുറകളിലൂടെ  എ.ഡി കാലഘട്ടം  മുതൽ   ഭാരതീയർക്ക് , അധര ചുംബനത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന സൂചന ലഭിക്കുന്നു.അലക്‌സാണ്ടർ ദ ഗ്രേറ്റ്, വേദ സംസ്കാരത്തിൽ നില നിന്നിരുന്ന ചുംബനത്തെ പടിഞ്ഞാറോട്ടു കൊണ്ട് പോയി പ്രചരിപ്പിച്ചതാണെന്നും വിധേയത്വം പ്രകടിപ്പിക്കാനുള്ള ആചാരമായി  ഇതിനെ പരിഗണിച്ചതായും  പറയപ്പെടുന്നുണ്ട്. ചുണ്ടുകൾ കൊളുത്തിയുള്ള ചുംബനം ക്രമേണ ഉരുത്തിരിഞ്ഞു വന്നതാണെന്നും  പടിഞ്ഞാറൻ സംസ്കാരങ്ങളിലേക്ക് ഇത് വ്യാപിച്ചതാണെന്നും കരുതപ്പെടുന്നു.മുഖമോ മൂക്കുകളോ കൂട്ടിമുട്ടിക്കുന്നതാണ്  ചുംബനത്തിന്റെ അടിസ്ഥാനമെങ്കിലും, ചുണ്ട് കൊണ്ട് മറ്റൊരാളുടെ ഏത്  ഭാഗത്തുള്ള സ്പർശനവും ചുംബനമാണ്.സ്വാഗതം, വിട ഇവയൊക്കെ ചൊല്ലുന്ന വേളകളിൽ കവിളുകളിൽ പരസ്പരം  മൂന്ന് പ്രാവശ്യം ഉമ്മ വയ്ക്കുന്ന  സമ്പ്രദായം പലയിടങ്ങളിലും സംസ്കാരത്തിന്റെ ഭാഗമാണ്.

പരിണാമ ശാസ്ത്രത്തിലൂടെയാണ് ചുംബന പ്രക്രിയ വികസിച്ചതെന്നാണ് കരുതപ്പെടുന്നത്.  ഇതിന്റെ കാലപ്പഴക്കം ഇതുവരെ കണ്ടെത്തിയിട്ടില്ല. ചുണ്ടുകൾ കുട്ടി മുട്ടിക്കുന്ന വാനരന്മാരും ,നാക്കുകളെ തമ്മിൽ സ്പർശിക്കുന്ന ചിമ്പൻസികളും    ചുംബനങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലേയ്ക്ക് നരവംശശാസ്ത്രജ്ഞരെ നയിക്കുന്ന ദൃഷ്ടാന്തങ്ങളാണ്.

പ്രപഞ്ചം, ചുംബന വിസ്മയങ്ങൾ കൊണ്ട്   മായാജാലങ്ങൾ സൃഷ്ടിക്കുന്നു.പ്രകൃതി നിയമങ്ങൾ പാലിച്ചുകൊണ്ട്  ജീവജാലങ്ങളെല്ലാം ഇത് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ പ്രതിഫലം ഓരോ രീതിയിലാണ് ദൃഷ്ടി ഗോചരമാകുന്നത്.കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതും  സസ്തനികൾ,കുഞ്ഞുങ്ങളെ നക്കിതുടക്കുന്നതുമെല്ലാം  ചുംബനങ്ങളുടെ വകഭേദങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. മൽസ്യങ്ങളിലും, രതിയുടെ ഭാഗമായി പല്ലികളിലും  ചുംബന സമാനമായ പ്രക്രിയകളാണ് കാണപ്പെടുന്നത്. .കൊക്കുരുമ്മിയിരുന്ന് കൗതുകങ്ങൾ  സൃഷ്ടിക്കുന്ന  കിളികൾ, മുഖത്തോട് മുഖം ചേർന്നിരിക്കുന്ന കാഴ്ച അത്യപൂർവ്വമായേ സമ്മാനിക്കാറുള്ളൂ.

സംസ്കാരം വിശ്വാസം ആചാരം തുടങ്ങിയ ഘടകങ്ങളെല്ലാം മനുഷ്യന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ട്‌ .ചുംബിക്കുബോൾ വായിലൂടെ പുറത്തു വരുന്ന ആത്മാവിനെ ആരെങ്കിലും അറിയാതെ വലിച്ചെടുക്കുമെന്ന അന്ധവിശ്വാസം കാരണം ആഫ്രിക്കയിൽ  ചുംബനം നിഷേധിച്ചിരിക്കുകയാണ്. അറപ്പുളവാക്കുന്ന ഒന്നായി ഇതിനെ  കാണുന്ന സംസ്കാരവും  നിലവിലുണ്ട്. ന്യൂ-ഗിനിയയിലും ആമസോൺ മേഖലയിലും ജീവിക്കുന്നവർ ചുംബിക്കാറേ ഇല്ലത്രേ..

പാശ്ചാത്യ സംസ്കാരത്തിൽ ചുംബന വേളയിൽ  സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം ഒന്നും കൊടുക്കുന്നില്ല. ഈ രീതി നമ്മുടെ രാജ്യത്തിലും വേണം എന്ന പ്രഖ്യാപനമാണ് ചുംബന സമരത്തിലൂടെ  കേരളത്തിൽ അരങ്ങേറിയത്. സദാചാരത്തിനെതിരായിത് മാറിയപ്പോൾ, കാണുന്നവരുടെ മാനസിക നിലയാണ് ഇതിന്  കാരണമെന്ന വാദമാണ് സമരക്കാർ ഉന്നയിച്ചത്. 58 മണിക്കൂർ 35 മിനിറ്റ് 58 സെക്കന്റ് നേരം നിയമങ്ങൾ പാലിച്ചു കൊണ്ടാണ്  ചുമ്പനത്തിൽ,തായ്‌ലൻഡ്കാരൻ  ലോകറെക്കോർഡ് നേടിയത്.

ചുംബനഫലം ഗുണദോഷസമ്മിശ്രമാണെന്നാണ് ആരോഗ്യശാസ്ത്രം വിലയിരുത്തുന്നത്.ഇതിൽ  വിലമതിക്കാനാവാത്തതാണ് ജീവന്റെ ചുംബനം.അധരങ്ങളിൽ നിന്നും ജീവിതം മുത്തിയെടുത്ത്, അനന്തമായ നിദ്രയെ പുൽകാതെ ജീവനിൽ ശ്വാസം പകരുന്ന ചുംബനമാണിത്.  ജീവൻ രക്ഷിക്കാനായി കൃത്രിമ ശ്വാസോച്ഛാസം നൽകുന്നത് എല്ലാ മനുഷ്യരും ശാസ്ത്രിയമായി അഭ്യസിച്ചിരിക്കേണ്ടതാണ്.

ചുംബിക്കുമ്പോൾ  പ്രതിരോധശക്തി വർദ്ധിക്കുമെന്നും, എന്നാൽ ബാക്ടീരിയയും  വൈറസുകളും ഉമിനീർ വഴി നല്ലതും ചീത്തയുമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ചില പഠനങ്ങൾ വെളിവാക്കുന്നുണ്ട്. സാമൂഹിക അകലം പാലിച്ചിരിക്കുന്ന ഈ കൊറോണക്കാലത്ത്    ചുംബനത്തിലൂടെയുണ്ടാകാവുന്ന  വ്യാധികളെ കുറിച്ചു കൊച്ചു കുഞ്ഞുങ്ങൾക്കും അറിയാവുന്നതാണ്.അതായത് ചുംബനത്തെ പേടിക്കേണ്ട കാലം.

ഒടുങ്ങാത്ത ദാഹവും അടങ്ങാത്ത മോഹവുമായി പൊരുളുകൾ തേടി ചുണ്ടുകൾ യാനം തുടരുകയാണ്.ആത്മാക്കളുടെ തീർത്ഥാടനമായ ആർദ്ര ചുംബനങ്ങൾക്ക് ,രണ്ടിതളുകളായ സ്വന്തം  അധരങ്ങളിൽ സ്വയം ചുംബിച്ചൊന്നലിയാൻ സാധിക്കാത്തിടത്തോളം.

“ഒരു ചുംബനത്തിനായ് ദാഹം ശമിക്കാതെ
എരിയുന്ന പൂവിതൾതുമ്പുമായി
പറയാത്ത പ്രിയതരമാമൊരു  വാക്കിന്റെ
മധുരം പടർന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു
നിറമൗന ചഷകത്തിനിരുപുറം നാം…”
Join WhatsApp News
amerikkan mollakka 2021-02-13 21:50:01
ഞമ്മക്ക് പറയാൻ ബാക്കുകളില്ല. ഹൽവ ഹൽവ.. ഈ ചുംബനം ഞമ്മക്ക് പെരുത്ത് ഇസ്റ്റാണ് . ഓരോ ബിഭരണവും ഒരു മൊഞ്ചത്തിയുടെ kiss പോലെയുണ്ട്. മുബാറക്ക് സാഹിബ .. ഇങ്ങനെ മൊഹബത്ത് പോലെ സുഖമുള്ള എയ്തുമായി ബീണ്ടും ബരിക.
ബീബി ബീബാത്തു ‌ 2021-02-13 22:34:10
ന്റെ മൊല്ലാക്ക .ഇത്രേം നാളായി ഇങ്ങള് ഒരു മുത്തും ഞമ്മക്ക് തന്നിട്ടില്ല . നാട്ടിൽ മൊഞ്ചുള്ള പെണ്ണുങ്ങൾക്ക് മുത്തം കൊടുക്കാൻ ഇങ്ങള് ഓടി നടക്കണ്. ഇങ്ങള് ഇങ്ങടെ പല്ല് എടുക്കാൻ മറന്നുപോയി. മുത്തം കൊടുക്കാനേരം നിങ്ങടെ ചുണ്ട് ആകെത്തേക്ക് മടങ്ങിപ്പോകും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക