Image

കഞ്ചിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്

Published on 26 July, 2012
കഞ്ചിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്
കഞ്ചിക്കോട്: വാളയാര്‍ ദേശീയപാതയില്‍ വാനുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ല. ചതുപ്പ് സ്ഥലമായതിനാലാണ് വന്‍ദുരന്തം ഒഴിവായത്.

 ഇന്നു രാവിലെ 7.30ന് ദേശീയപാത കൊയ്യാമരക്കാടിനുസമീപമായിരുന്നു അപകടം. മലബാര്‍ സിമന്റ്സ് ഫാക്ടറി ജീവനക്കാരുടെ കുട്ടികളെ കയറ്റിവന്ന സ്കൂള്‍ ബസാണ് പാടത്തേക്കു മറിഞ്ഞത്. പിക്കപ്പ്വാന്‍ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട ബസ് വാനിലിടിച്ച് മറിയുകയായിരുന്നു. വാളയാറില്‍നിന്നുള്ള ഫാക്ടറി തൊഴിലാളികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നാല്‍പതോളം പേരാണ് ബസിലുണ്ടായിരുന്നത്. പിക്കപ്പ് വാന്‍ ഡ്രൈവറായ കോയമ്പത്തൂര്‍ പി.എന്‍.പുതൂര്‍ ശക്തിനഗര്‍ സെന്തില്‍കുമാറിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തടിയോളം താഴ്ചയിലേക്കു മറിഞ്ഞ ബസിന്റെ മുന്‍വശത്തെ ഗ്ളാസ് പൊട്ടി അതുവഴി കുട്ടികള്‍ വീണെങ്കിലും ചതുപ്പുനിലമായതിനാല്‍ ആര്‍ക്കും കാര്യമായ പരിക്കേറ്റില്ല. സിമന്റ്സ് ഫാക്ടറിക്കുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണിത്. കുട്ടികളെ ഫാക്ടറിയിലെ ആശുപത്രിയില്‍ പരിശോധിച്ചു. കഞ്ചിക്കോട് ഫയര്‍ഫോഴ്സ് യൂണിറ്റ് ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക