Image

സാങ്കേതിക വളര്‍ച്ച പൊലീസിന് വെല്ലുവിളി ഡി.ജി.പി.ജേക്കബ് പുന്നൂസ്

Published on 28 July, 2012
സാങ്കേതിക വളര്‍ച്ച പൊലീസിന് വെല്ലുവിളി ഡി.ജി.പി.ജേക്കബ് പുന്നൂസ്
കണ്ണൂര്‍: സാങ്കേതികസൗകര്യങ്ങളുടെ വളര്‍ച്ച പൊലീസിന് വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാങ്കേതിക സൗകര്യങ്ങള്‍ സങ്കീര്‍ണമാകുന്നതോടെ ജനജീവിതത്തിന് ഔദ്യാഗിക സംവിധാനങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകത വളരെ കുറഞ്ഞുവരുകയാണ്. എന്നാല്‍, നേരെ വിപരീതമായാണ് പൊലീസിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്്. പൊലീസിന്റെ ബാധ്യതയും ജോലിയും കൂടിവരുന്നു. കൊല്ലത്ത് എ.ടി.എം തട്ടിപ്പ് നടത്തിയവരെ പഞ്ചാബില്‍ ചെന്നാണ് പിടികൂടിയത്. ഇനി വരാനിരിക്കുന മാറ്റങ്ങളും അത് പൊലീസിനുണ്ടാക്കുന്ന വെല്ലുവിളികളും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതിനപ്പുറമായിരിക്കും.

പൊലീസിന്റെ പ്രവര്‍ത്തനമേഖല വരും നൂറ്റാണ്ടുകളില്‍ വളരെ വലുതാകും. കേസ് ഡയറിയും തോക്ക് പിടിച്ചുള്ള ഗാര്‍ഡ് ഡ്യൂട്ടിയും ഉള്‍പ്പെടെ ഇപ്പോള്‍ ചെയ്യുന്ന പലതും ഇല്ലാതാകുമെങ്കിലും തല്‍സമയം പ്രതികരിക്കാന്‍ ശേഷിയുള്ള സദാസജ്ജരായ സേനയായി നാം മാറേണ്ടിവരും. ഇനിയുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ നിലനില്‍പിനെപോലും ബാധിക്കുന്ന വിധത്തില്‍ വളരെ വലുതായിരിക്കും.
1861 മുതല്‍ 1977 വരെ കേരളത്തിലെ പൊലീസ് സേനയില്‍ ഉണ്ടായതിനേക്കാള്‍ വളരെ വലുതാണ് ’78 മുതല്‍ 2012 വരെ ഉണ്ടായ മാറ്റങ്ങള്‍. കമ്പ്യൂട്ടര്‍, നീന്തല്‍ ഉള്‍പ്പെടെ ആധുനിക രീതിയിലുള്ള പരിശീലനം സിദ്ധിച്ച ഏക പൊലീസ് സേന കേരള പൊലീസാണ്് . കേരള പൊലീസിന്റെ ശൈലി മാറി.

സമൂഹത്തിനും സര്‍ക്കാറിനും പൊലീസ് വിലപ്പെട്ട ഏജന്‍സിയായി മാറിയിരിക്കുന്നു. പണ്ട് പൊലീസിനെ ആവശ്യം സര്‍ക്കാറിന് മാത്രമായിരുന്നു. ഇപ്പോള്‍ ജനങ്ങളുടെ സൗകര്യങ്ങളും സുരക്ഷയും വര്‍ധിപ്പിക്കുന്ന സംവിധാനമായി കേരള പൊലീസ് സ്വയം മാറി. കേരള സമൂഹത്തില്‍ എഴുപതുകളില്‍ ഉണ്ടായതുപോലെയുള്ള കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ നിലവിലില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാണെങ്കിലും അക്രമങ്ങള്‍ കുറഞ്ഞു.

197779 കാലഘട്ടത്തില്‍ ഞാന്‍ തലശ്ശേരി എ.എസ്.പിയായിരിക്കെ മാഹി മുതല്‍ മാനന്തവാടി തിരുനെല്ലിവരെയുള്ള സബ്ഡിവിഷന്‍ പരിധിയില്‍ മാത്രം 23 രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായി. ഡി.ജി.പി ആയിരിക്കെ 2009 മുതല്‍ 2011 വരെ കേരളത്തില്‍ ആകെയുണ്ടായത് 20 രാഷ്ട്രീയ കൊലപാതകങ്ങളാണ്. 1974ലെ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 556 കൊലപാതകങ്ങളുണ്ടായി. അന്ന് രണ്ടു കോടിയായിരുന്നു ജനസംഖ്യ. 

2012ല്‍ ജനസംഖ്യ 3.35 കോടിയായി വര്‍ധിച്ചിട്ടും കേരള പൊലീസ് അധപതിച്ചായി പറയുമ്പോഴും കൊലപാതകങ്ങളുടെ എണ്ണം 365 ആയി ചുരുങ്ങി. ’77ല്‍ രജിസ്റ്റര്‍ ചെയ്ത തരത്തിലുള്ള കേസുകള്‍ പലതും ഇന്നില്ല. അതേസമയം, ’77ല്‍ 50,000 കുറ്റകൃത്യങ്ങളുടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ 2011ല്‍ കുറ്റകൃത്യങ്ങള്‍ വളരെ വര്‍ധിച്ച് കേസുകളുടെ എണ്ണം 4.60 ലക്ഷമായി. പണ്ട് കുറ്റമായി ആരും കരുതിയിട്ടില്ലാത്ത പ്രവൃത്തികള്‍ ഇന്ന് ക്രിമിനല്‍ കുറ്റമായി മാറിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നമ്മുടെ സംസ്‌കാരവും, നാടിനെയും പ്രകൃതിയെയും സംബന്ധിച്ച വീക്ഷണവും മാറിയപ്പോഴാണ് പുതിയ നിയമങ്ങളുണ്ടായത്. സമൂഹത്തെ മൊത്തമായി പരിഷ്‌കരിക്കുന്നതിന് നിയമങ്ങള്‍ അത്യാവശ്യമാണ്. ജീവിതത്തിന്റെ സര്‍വ മേഖലയിലും നിയമങ്ങള്‍ കടന്നുവന്നു. അതിനെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമായി. അതോടെ പൊലീസിന്റെ ജോലിഭാരം വര്‍ധിച്ചുവെന്ന് ഡി.ജി.പി അഭിപ്രായപ്പെട്ടു.

സാങ്കേതിക വളര്‍ച്ച പൊലീസിന് വെല്ലുവിളി ഡി.ജി.പി.ജേക്കബ് പുന്നൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക