Image

തെറ്റുകള്‍ വി.എസ് ഏറ്റുപറയുക തന്നെ ചെയ്യും കാരാട്ട്

Published on 28 July, 2012
തെറ്റുകള്‍ വി.എസ് ഏറ്റുപറയുക തന്നെ ചെയ്യും കാരാട്ട്
തിരുവനന്തപുരം: ചെയ്ത തെറ്റുകള്‍ വി.എസ്. അച്യുതാനന്ദന്‍ ഏറ്റുപറയുക തന്നെ ചെയ്യുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തിരുവനന്തപുരത്ത്എ.കെ.ജി ഹാളില്‍ ദക്ഷിണ മേഖലാറിപ്പോര്‍ട്ടിങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര സ്ഥാനത്തിരുന്ന ചിലര്‍ സി.പി.എമ്മിനെതിരെ ഗൂഢാലോചന നടത്തിയതായി സംശയിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചൂണ്ടിക്കാട്ടി. ഇതിന്റെ തെളിവാണ് കോഴിക്കോട് നിന്നുള്ള ഒരു അശ്‌ളീല വാരികക്കാരന്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ കവിയൂര്‍ കേസില്‍ വന്‍തുക വാഗ്ദാനം ചെയ്തത്.

തെറ്റുപറ്റിയെന്ന് വി.എസ്. അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റി യോഗത്തില്‍ സമ്മതിച്ചതായി പ്രകാശ്കാരാട്ട് യോഗത്തെ അറിയിച്ചു. പിണറായി വിജയനെ പാര്‍ട്ടിയുടെ പിളര്‍പ്പിന് കാരണക്കാരനായ ഡാങ്കെയോട് ഉപമിച്ചതും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും തെറ്റായിയെന്ന് വി.എസ് പറഞ്ഞിട്ടുണ്ട്. ചന്ദ്രശേഖരന്‍ വധം സംബന്ധിച്ച അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും വി.എസ് ഏറ്റുപറഞ്ഞു. സംഘടനാതത്ത്വങ്ങളില്‍ നിന്ന് പലകുറി വ്യതി ചലിച്ചപ്പോള്‍ തെറ്റ് തിരുത്താന്‍ അവസരം നല്‍കിയതാണ്. തിരുത്താന്‍ വി.എസിന് ഇത് അവസാന അവസരമാണ്. പറ്റിയ തെറ്റുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ വി.എസ് ഏറ്റുപറയുക തന്നെ ചെയ്യുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി. കേന്ദ്രകമ്മിറ്റി അവതരിപ്പിച്ച പ്രമേയം വളച്ചൊടിച്ചുവെന്ന പ്രചാരണം ശരിയല്ല. കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം തന്നെയാണ് ‘ദേശാഭിമാനി’പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേതാക്കള്‍ക്കെതിരെയും പാര്‍ട്ടിക്കെതിരെയും നടക്കുന്ന ഗൂഢനീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രചാരണം നടത്തണമെന്ന് പിണറായി വിജയന്‍പറഞ്ഞു. കവിയൂര്‍ കേസിലെ പ്രതിയായ ലതാനായര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കൂടി പാര്‍ട്ടിയുടെ പ്രചാരണപരിപാടികളില്‍ ഉള്‍പ്പെടുത്തണം.

സി.പി.എം നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയാല്‍ ഒരു കോടി രൂപ നല്‍കാമെന്ന് നന്ദകുമാര്‍ പറഞ്ഞതായാണ് ലതാനായര്‍ സി.ബി.ഐക്ക് മൊഴി നല്‍കിയത്. ഇത്രയും തുക വാഗ്ദാനം ചെയ്യണമെങ്കില്‍ അന്നത്തെ അധികാരകേന്ദ്രങ്ങളുടെ സഹായം ലഭിച്ചിട്ടുണ്ടാകണം. ഇക്കാര്യങ്ങള്‍ ജനമധ്യത്തിലെത്തിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

തെറ്റുകള്‍ വി.എസ് ഏറ്റുപറയുക തന്നെ ചെയ്യും കാരാട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക