Image

അരലക്ഷം കൈക്കൂലി; പ്രതി ആദ്യം നിഷേധിച്ചു, പിന്നീട് പൊട്ടിക്കരഞ്ഞു

Published on 30 July, 2012
അരലക്ഷം കൈക്കൂലി; പ്രതി ആദ്യം നിഷേധിച്ചു, പിന്നീട് പൊട്ടിക്കരഞ്ഞു
കൊച്ചി:അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റിലായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാംഗ്ലൂര്‍ ചീഫ് മാനേജര്‍ വികാസ് തുംകൂറിനെ പ്രത്യേക കോടതി പതിനാല് ദിവസത്തേക്ക് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തുകൊണ്ട് തിങ്കളാഴ്ച ഉത്തരവായി. പ്രതിയെ പ്രത്യേക കോടതിയില്‍ സി.ബി.ഐ ഹാജരാക്കിയിരുന്നു.

ചാലക്കുടിയിലെ എസ്.ബി.ഐ. കാര്‍ഷിക വികസന ശാഖയുടെ പ്രവര്‍ത്തനം വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് പ്രതിയായ വികാസ് തുംകൂര്‍ എത്തിയത്. ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാണെന്ന് വിലയിരുത്തി എഴുതാന്‍ അദ്ദേഹം ബാങ്ക് മാനേജരോട് അരലക്ഷം കൈക്കൂലി ചോദിച്ചു. ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തെ ഇക്കാര്യം അറിയിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ സി.ബി.ഐ.യുമായി കൂടിയാലോചന നടത്തി. ആയിരത്തിന്റെ അമ്പത് നോട്ടുകള്‍ ബാങ്ക് സി.ബി.ഐ.യ്ക്ക് കൈമാറി. അവയുടെ നമ്പര്‍ രേഖപ്പെടുത്തിയ ശേഷം അടയാളപ്പെടുത്തിക്കൊണ്ട് സി.ബി.ഐ തുടര്‍ നടപടികള്‍ എടുത്തു.

ചാലക്കുടി ശാഖയിലെ ഒരു മുറിയില്‍ ഇരുന്നാണ് പ്രതി വികാസ് തുംകൂര്‍ തന്റെ ജോലികള്‍ ചെയ്തത്. കൈക്കൂലി തരാമെന്ന് ബാങ്ക് മാനേജര്‍ സമ്മതിച്ചപ്പോള്‍ അവ കടലാസില്‍ പൊതിഞ്ഞു നല്‍കാന്‍ പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ കടലാസില്‍ പൊതിയരുതെന്ന് സി.ബി.ഐ നിര്‍ദേശിച്ചു. അരലക്ഷം രൂപ പ്രതി വാങ്ങി മേശയുടെ വലിപ്പിലിട്ടു. പെട്ടെന്നായിരുന്നു ഒളിഞ്ഞു നിന്നിരുന്ന സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പ്രതിയെ കൈയോടെ പിടികൂടിയത്.

അര ലക്ഷം രൂപ തന്നെ ബാങ്കിലുള്ളവര്‍ കെട്ടിയേല്‍പ്പിച്ചതാണെന്ന് പ്രതി പറഞ്ഞു. കൈക്കൂലിക്കാര്യം പാടേ നിഷേധിച്ചു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ അപ്പോള്‍ ഇങ്ങനെ പറഞ്ഞു: ''താങ്കളുടെ കൈവിരലുകള്‍ തങ്ങള്‍ക്ക് പരിശോധിക്കണം. പരിശോധിച്ചപ്പോള്‍ നോട്ടില്‍ പുരട്ടിയിരുന്ന അടയാളങ്ങള്‍ പ്രതിയുടെ കൈയിലും കാണാന്‍ കഴിഞ്ഞു. സാക്ഷിയുടെ സാന്നിധ്യത്തില്‍ പ്രതിയെ അപ്പോള്‍ അറസ്റ്റു ചെയ്തു. തൊഴിലെടുക്കുന്ന സ്ഥാപനത്തില്‍ നിന്ന് തന്നെ കൈക്കൂലി വാങ്ങിയത് പ്രതിയുടെ മനസ്സിനെ വേദനിപ്പിച്ചു. പ്രതി തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. പ്രതിയെ ജീപ്പില്‍ കയറ്റി സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ സി.ബി.ഐ. ഓഫീസിലേക്ക് കൊണ്ടുപോയി. തൃശ്ശൂരിലെ ഒരു നക്ഷത്രഹോട്ടലിലാണ് പ്രതി താമസിച്ചത്. പ്രതി പലരില്‍ നിന്നും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. അവയെല്ലാം സി.ബി.ഐ. കസ്റ്റഡിയിലെടുത്തു.

പ്രതിയുടെ പ്രവൃത്തി ബാങ്ക് അധികൃതരെ തന്നെ ഞെട്ടിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആസ്ഥാനത്ത് വിവരം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. പ്രതിയുടെ അനധികൃത സമ്പാദ്യങ്ങള്‍ ഇനി അന്വേഷണ വിധേയമാകും. പ്രതിയെ ഉടന്‍ സസ്‌പെന്റ് ചെയ്യും. ജാമ്യാപേക്ഷ സി.ബി.ഐ പ്രത്യേക കോടതി ചൊവ്വാഴ്ചയെടുക്കും.

അരലക്ഷം കൈക്കൂലി; പ്രതി ആദ്യം നിഷേധിച്ചു, പിന്നീട് പൊട്ടിക്കരഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക