Image

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അം​ഗീകാരം

Published on 24 September, 2012
സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ അം​ഗീകാരം
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്ത സമിതിയുടെ അം​ഗീകാരം. ചില്ലറ വില്പന മേഖലയിലെ വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ള പരിഷ്കരണ നടപടികള്‍ക്ക് പ്രവര്‍ത്തക സമിതി പിന്തുണ നല്‍കി. വിദേശ നിക്ഷേപത്തെ അനുകൂലിച്ച് പ്രവര്‍ത്തക സമിതി പ്രമേയവും പാസ്സാക്കി. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ദരിദ്രരുടെ ഉന്നമനത്തിനാണെന്ന് സമിതി വിലയിരുത്തി.

സാമുദായിക ഐക്യം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ജനകീയ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. സബ്സിഡി കുറച്ചത് വിശാല താല്‍പര്യം കരുതിയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി പറഞ്ഞൂ. സാമ്പത്തിക പരിഷ്‌കരണ നടപടികളെ യോഗത്തില്‍ പങ്കെടുത്ത 23 പേരും അനുകൂലിച്ചുവെന്നും ദ്വിവേദി കൂട്ടിച്ചേര്‍ത്തു.

തെലുങ്കാന പ്രശ്നം ചര്‍ച്ചയ്ക്കു വന്നില്ലെന്നും ദ്വിവേദി അറിയിച്ചു. ഒരു വ്യക്തിയെ സംബന്ധിച്ചോ പാര്‍ട്ടിയിലെ മറ്റു കാര്യങ്ങളെ കുറിച്ചോ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃനിരയിലേക്ക് വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് ദ്വിവേദി പ്രതികരിച്ചു.

മമത ബാനര്‍ജി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ സ്ഥിതി വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗം സാമ്പത്തിക പരിഷ്‌കരണത്തില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പും ചര്‍ച്ച ചെയ്തു. രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങളും കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയും ചര്‍ച്ചയ്ക്കു വരുമെന്ന് സൂചനയുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക