Image

സ്‌കൂളില്‍ പച്ച കോട്ട്‌ ധരിക്കണമെന്ന്‌; അധ്യാപിക പരാതിയുമായി വനിതാ കമ്മീഷനില്‍

Published on 25 September, 2012
സ്‌കൂളില്‍ പച്ച കോട്ട്‌ ധരിക്കണമെന്ന്‌; അധ്യാപിക പരാതിയുമായി വനിതാ കമ്മീഷനില്‍
മലപ്പുറം: സ്‌കൂളില്‍ പച്ച കോട്ട്‌ ധരിക്കണമെന്ന മാനേജ്‌മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന്‌ അധ്യാപിക പരാതിയുമായി വനിതാ കമ്മീഷനില്‍ പരാതി നല്‍കി. മലപ്പുറം അരീക്കോട്‌ സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലാണ്‌ കോട്ട്‌ ധരിക്കണമെന്ന്‌ നിര്‍ദേശിച്ചത്‌. ഹൈസ്‌കൂളിലെ വനിതാ ജീവനക്കാരും അധ്യാപകരും പച്ചക്കോട്ട്‌ ധരിക്കണമെന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ തീരുമാനം. പച്ചക്കോട്ട്‌ സ്വീകാര്യമല്ലെന്ന്‌ പറഞ്ഞതിന്റെ പേരില്‍ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന്‌ ചൂണ്ടിക്കാട്ടി സ്‌കൂളിലെ കണക്ക്‌ അധ്യാപിക വനിതാ കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയിരിക്കയാണ്‌.

എന്നാല്‍ ക്‌ളാസെടുക്കുമ്പോള്‍ അധ്യാപികമാരുടെ ശരീരഭാഗങ്ങള്‍ പുറത്തുകാണുന്നത്‌ ഒഴിവാക്കാനാണ്‌ പച്ചക്കോട്ട്‌ ധരിക്കാന്‍ നിര്‍ദേശിച്ചതെന്ന്‌ സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, പച്ചക്കോട്ട്‌ ധരിക്കാനാവില്ലെന്ന്‌ വ്യക്തമാക്കി കണക്ക്‌ അധ്യാപിക വെള്ളക്കോട്ട്‌ ധരിച്ചെത്തിയത്‌ അധികൃതരെ ചൊടിപ്പിച്ചു.

ഏതാനും ദിവസം ഈ അധ്യാപിക വെള്ളക്കോട്ട്‌ ധരിച്ചാണ്‌ ക്‌ളാസെടുത്തത്‌. സ്‌കൂളിലെ വസ്‌ത്രധാരണ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പച്ചക്കോട്ട്‌ ധരിച്ചില്ലെങ്കില്‍ ക്‌ളാസില്‍ വരേണ്ടെന്നുമാണത്രെ ഇവരോട്‌ മാനേജ്‌മെന്റ്‌ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

നേരത്തെ ഒരു സര്‍ക്കാര്‍ ചടങ്ങില്‍ സെറ്റ്‌ സാരിയും പച്ച ബ്ലൗസും ധരിച്ച്‌ വരണമെന്ന്‌ വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയത്‌ നേരത്തെ വിവാദമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക