Image

ട്വന്റി20- ലോകകപ്പ്

Published on 25 September, 2012
ട്വന്റി20- ലോകകപ്പ്
കൊളംബോ:  നീണ്ട ഇടവേളയ്ക്കുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവില്‍ പ്രതികൂല സാഹചര്യങ്ങളെയെല്ലാം അനായാസം മറികടക്കാന്‍ ഈ മുപ്പത്തിരണ്ടുകാരനായി. ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ എക്കാലത്തെയും മികച്ച പ്രകടനത്തോടെയാണ് ഇംഗ്ലീഷ് ബാറ്റിങ്‌നിരയെ ടര്‍ബനേറ്റര്‍ തകര്‍ത്തെറിഞ്ഞത്. 42124. 2011 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുശേഷം ക്രിക്കറ്റില്‍ ഹര്‍ഭജന്റെ വനവാസമായിരുന്നു. പരിക്കിലൂടെയായിരുന്നു തുടക്കം. ഇന്ത്യ 04ന് തുന്നംപാടിയ ഇംഗ്ലീഷ് പര്യടനത്തിലെ അവസാനമത്സരങ്ങള്‍ ഹര്‍ഭജന് നഷ്ടമായി. പരിക്ക് മാറിയെങ്കിലും ടീമിന്റെ വാതിലുകള്‍ തുറന്നില്ല. പകരക്കാരനായ അശ്വിന്‍ മികച്ച പ്രകടനവുമായി സെലക്ടര്‍മാരുടെ പ്രീതി നേടിയിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനവും ഏഷ്യകപ്പും ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പരയും ഭാജിക്ക് നഷ്ടമായി. ഇതിനിടെയാണ് ട്വന്റി20 ലോകകപ്പിലേക്കുള്ള അപ്രതീക്ഷിതമായ ക്ഷണം. ആദ്യമത്സരം കരയ്ക്കിരുന്നുകണ്ടു. രണ്ടാമത്തെ കളിയില്‍ അശ്വിന് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതോടെ രാജ്യാന്തര ക്രിക്കറ്റില്‍ വീണ്ടും ഹര്‍ഭജന്റെ ശുക്രന്‍ തെളിഞ്ഞു. ഗംഭീരമായ ഈ തിരിച്ചുവരവിലും മറുവശത്ത് ഇംഗ്ലണ്ട്തന്നെയായത് യാദൃശ്ചികമായിരിക്കാം. ആദ്യ ഓവറിലെ രണ്ടാംപന്തില്‍തന്നെ ഇവോയിന്‍ മോര്‍ഗന്റെ കുറ്റിതെറിപ്പിച്ച് ഹര്‍ഭജന്‍ മടങ്ങിവരവറിയിച്ചു. ജോസ് ബട്ട്‌ലര്‍, ടിം ബ്രെസ്‌നന്‍, ഗ്രെയിം സ്വാന്‍ എന്നിവരുടെ ബാറ്റുകളും ഹര്‍ഭജന്റെ മുന്നില്‍ നിശബ്ദമായി. ഇന്ത്യകണ്ട ഏറ്റവും മികച്ച സ്പിന്നര്‍മാരുടെ നിരയില്‍ അനില്‍ കുംബ്ലെയ്ക്കു തൊട്ടുപിന്നില്‍ ഇടംനേടിയ ഹര്‍ഭജന്റെ തിളക്കത്തിന് 2010ഓടെയാണ്് മങ്ങലേറ്റുതുടങ്ങിയത്. 12 ടെസ്റ്റില്‍നിന്ന് 43 വിക്കറ്റ് മാത്രമായിരുന്നു ആ വര്‍ഷം സമ്പാദ്യം. സ്‌െ്രെടക്ക് റേറ്റ് 85.3ന്റെ ശരാശരിയിലും കുറഞ്ഞ നിലയിലെത്തി. 2011ലും മോശം ഫോം തുടര്‍ന്നപ്പോള്‍ 77.9 സ്‌െ്രെടക്ക് റേറ്റില്‍ 20 വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ദൂസ്രയും ഓഫ്‌സ്പിന്നും വിട്ട് ടോപ്‌സ്പിന്നിനെയും വേഗംകൂടിയ പന്തുകളെയും അമിതമായി ആശ്രയിച്ചതാണ് ഹര്‍ഭജന് തിരിച്ചടിയായത്. തുടക്കത്തില്‍ നേട്ടമുണ്ടാക്കിയെങ്കിലും ഹര്‍ഭജന്റെ ആക്രമണത്തെ മുന്‍കൂട്ടികാണാന്‍ ഇത് ബാറ്റ്‌സ്മാന്‍മാരെ സഹായിച്ചു. ആ പിഴവ് തിരുത്തുകയായിരുന്നു ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ. റണ്ണപ്പും വേഗവും കുറച്ച്, പന്തുകള്‍ക്ക് വ്യത്യസ്തത നല്‍കി, ഷോര്‍ട്ട്‌ബോളുകള്‍ ഒഴിവാക്കി ഹര്‍ഭജന്‍ പഴയ ഹര്‍ഭജനായി. സ്പിന്നെന്ന് കേട്ടാല്‍തന്നെ മുട്ടുവിറയ്ക്കുന്ന ഇംഗ്ലീഷ് ബാറ്റിങ്‌നിര ശേഷംഭാഗം പൂര്‍ത്തിയാക്കുകയും ചെയ്തു. പക്ഷേ, ഈ ഒരു പ്രകടനം ഹര്‍ഭജന് ആദ്യ പതിനൊന്നില്‍ ഇടം ഉറപ്പാക്കുന്നില്ല എന്നതാണ് സത്യം. പണ്ട് ഹര്‍ഭജന്‍ വെല്ലുവിളി ഉയര്‍ത്തിത്തുടങ്ങിയപ്പോള്‍ പുതിയൊരു ദൂസ്ര കണ്ടെത്തിയാണ് ഇന്ത്യയുടെ മുന്‍നിര സ്പിന്നര്‍ എന്ന പദവി അനില്‍ കുംബ്ലെ കാത്തത്. ഇപ്പോള്‍ അശ്വിന്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സമാനമായ പരീക്ഷണങ്ങള്‍ ഹര്‍ഭജനും ഏറ്റെടുക്കേണ്ടിവരും.

വെസ്റ്റിന്‍ഡീസും അയര്‍ലന്‍ഡും തമ്മിലുള്ള മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ മികച്ച റണ്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ അയര്‍ലന്‍ഡിനെ പിന്തള്ളി വെസ്റ്റിന്‍ഡീസ് ബി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടി. ഈ ഗ്രൂപ്പില്‍ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ നേരത്തെ തന്നെ സൂപ്പര്‍ എട്ടില്‍ കടന്നിരുന്നു. അയര്‍ലന്‍ഡ് പുറത്തായി. 19 ഓവര്‍ വീതമായി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട അയര്‍ലന്‍ഡ് ആറു വിക്കറ്റിന് 129 റണ്‍ നേടി. ഇടവേള സമയത്ത് മഴ വീണ്ടും പെയ്തതോടെ വെസ്റ്റിന്‍ഡീസിന്റെ മറുപടി ബാറ്റിങ് നടന്നില്ല.ഫിദല്‍ എഡ്വേര്‍ഡ്‌സ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യപന്തില്‍ത്തന്നെ വില്യം പോര്‍ട്ടര്‍ഫീല്‍ഡിനെ (0) നഷ്ടമായെങ്കിലും പിന്നീട് പിടിച്ചുനില്‍ക്കാന്‍ അയര്‍ലന്‍ഡിനായി. പക്ഷെ, നിലയുറപ്പിച്ചവരില്‍ ആര്‍ക്കും നീണ്ട ഇന്നിങ്‌സ് കളിക്കാന്‍ കഴിഞ്ഞില്ല. ഒരു കൂട്ടുകെട്ടും വളരാന്‍ അനുവദിക്കാതെ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ റണ്ണൊഴുക്ക് നിയന്ത്രിച്ചു. പോര്‍ട്ടര്‍ഫീല്‍ഡ് ഒഴികെ ക്രീസിലെത്തിയ എല്ലാ ഐറിഷ് ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കണ്ടു. എന്നാല്‍, ആര്‍ക്കും 25ലേറെ റണ്‍ നേടാന്‍ കഴിഞ്ഞതുമില്ല. തുടക്കം ലഭിച്ചവര്‍ക്ക് നീണ്ട ഇന്നിങ്‌സ് കളിക്കാന്‍ കഴിയാത്തതാണ് അയര്‍ലന്‍ഡിനെ ശരാശരി സ്‌കോറില്‍ ഒതുക്കിയത്.
21 പന്തില്‍ 25 റണ്‍ നേടിയ നിയാല്‍ ഒബ്രെയ്‌നാണ് അയര്‍ലന്‍ഡിന്റെ ടോപ്‌സ്‌കോറര്‍. ഒരു സിക്‌സര്‍ ഉള്‍പ്പെട്ടതായിരുന്നു ഒബ്രെയ്‌ന്റെ ഇന്നിങ്‌സ്. പോള്‍ സ്റ്റിര്‍ലിങ് (16 പന്തില്‍ 19), എഡ് ജോയ്‌സ് (19 പന്തില്‍ 17), ഗാരി വില്‍സണ്‍ (22 പന്തില്‍ 21), കെവിന്‍ ഒബ്രെയ്ന്‍ (15 പന്തില്‍ 13), ട്രെന്റ് ജോണ്‍സ്റ്റണ്‍(10 പന്തില്‍ പുറത്താകാതെ 15), നിഗെല്‍ ജോണ്‍സ് (11 പന്തില്‍ പുറത്താകാതെ 14) എന്നിവരും സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവനകള്‍ നല്‍കി. നാലു സിക്‌സും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു ഐറിഷ് ഇന്നിങ്‌സ്. രണ്ടാംവിക്കറ്റില്‍ പോള്‍ സ്റ്റിര്‍ലിങ്ങും എഡ് ജോയ്‌സും ചേര്‍ന്നും നാലാം വിക്കറ്റില്‍ നിയാല്‍ ഒബ്രെയ്‌നും ഗാരി വില്‍സണും ചേര്‍ന്നും 33 റണ്‍വീതം നേടിയതാണ് ഏറ്റവും വലിയ കൂട്ടുകെട്ടുകള്‍. 21 റണ്ണിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ ക്രിസ് ഗെയ്‌ലാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത്. എഡ്വേര്‍ഡ്‌സ്, രവി രാംപോള്‍, ഡാരന്‍ സമ്മി, സുനില്‍ നരൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക