Image

കണ്ണുകള്‍ ദാനം ചെയ്ത് പി ശ്രീരാമകൃഷ്ണന്‍

Published on 02 November, 2012
കണ്ണുകള്‍ ദാനം ചെയ്ത് പി ശ്രീരാമകൃഷ്ണന്‍
മലപ്പുറം: നാളെയുടെ വെളിച്ചമാകാന്‍ പതിനായിരം കണ്ണുകള്‍. മരണത്തെ തോല്‍പ്പിച്ച് അവ പ്രകാശിച്ചുകൊണ്ടേയിരിക്കും. കാഴ്ചയുടെ സൗഭാഗ്യമറിഞ്ഞ ആ നേത്രങ്ങള്‍ ഇനി മറ്റുള്ളവര്‍ക്കായി ലോകത്തെ കാട്ടിക്കൊടുക്കും. ഡിവൈഎഫ്ഐ സംഘടിപ്പിച്ച "എന്റെ കണ്ണുകള്‍ നാളെയുടെ വെളിച്ചമാകട്ടെ" പദ്ധതിയിലൂടെ 5000 പേരാണ് ജില്ലയില്‍ നേത്രദാനത്തിന് തയ്യാറായത്.

ആയിരങ്ങള്‍ക്ക് രക്തംനല്‍കിയും ഹൃദയശസ്ത്രക്രിയക്ക് സഹായമെത്തിച്ചും നാടിന് മാതൃകയായ ഡിവൈഎഫ്ഐയുടെ നെറുകയിലെ പൊന്‍തൂവലാണ് നേത്രദാനം പദ്ധതി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ യുവത ഈ ഉദ്യമം ആത്മസമര്‍പ്പണത്തോടെ ഏറ്റെടുത്തു.

തുടക്കത്തില്‍ മടിച്ചവര്‍പോലും പ്രവര്‍ത്തകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഇരുകണ്ണുകളും ദാനംചെയ്യാന്‍ സമ്മതിച്ചു. പെരിന്തല്‍മണ്ണ അല്‍ സലാമ കണ്ണാശുപത്രി, അന്ധത നിവാരണ സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് നേത്രദാന ക്യാമ്പയിന്‍ തുടങ്ങിയത്. 2011 ആഗസ്ത് 26ന് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ സ്വന്തം കണ്ണുകള്‍ ദാനംചെയ്ത് പദ്ധതിക്ക് തുടക്കംകുറിച്ചു. തുടര്‍ന്ന് ഒരുവര്‍ഷത്തിലധികം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ 5000 പേര്‍ നേത്രദാനത്തിന് സമ്മതമറിയിച്ചത്. ഒരാളുടെ കണ്ണുകള്‍ രണ്ടുപേര്‍ക്ക് നല്‍കാനാണ് തീരുമാനം.

2011 സെപ്തംബര്‍ 21ന് മലപ്പുറത്ത് നടന്ന ജില്ലാ കണ്‍വന്‍ഷനില്‍ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് സമ്മതപത്രം ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി നല്‍കുന്ന സാക്ഷ്യപത്രം വീടിന് മുന്നില്‍ സ്ഥാപിക്കണമെന്നാണ് പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്നത്. മരണം സംഭവിച്ചാലുടന്‍ ആശുപത്രി അധികൃതരെ വിവരമറിയിക്കാനാണിത്.

 സമ്മതപത്രം നല്‍കിയവര്‍ മരിച്ചാലുടന്‍ ആശുപത്രി അധികൃതര്‍ വീട്ടിലെത്തും. യുവജനങ്ങളുടെ അവകാശപ്പോരാട്ടങ്ങളില്‍ ചോരചിന്തിയവര്‍ "യുവതയുടെ രക്തദാനം" എന്ന് പേരിട്ടാണ് രോഗികള്‍ക്ക് ആശ്വാസമായത്. കൂടുതല്‍ രക്തദാനം നടത്തിയ സംഘടനകള്‍ക്കുള്ള സംസ്ഥാന-ജില്ലാ പുരസ്കാരം തുടര്‍ച്ചയായി ഡിവൈഎഫ്ഐയെ തേടിയെത്തുന്നത് ജനമനസ്സുകളില്‍ പ്രവര്‍ത്തന സന്നദ്ധതക്ക് ലഭിച്ച അംഗീകാരത്തിന് തെളിവാണ്. പുതിയ പ്രവര്‍ത്തനപന്ഥാവിലേക്ക് കടന്നുചെല്ലാനുള്ള തയ്യാറെടുപ്പിലാണ് യുവജന നേതാക്കളും പ്രവര്‍ത്തകരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക