Image

കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്ന്‌ സുബ്രഹ്‌മണ്യന്‍ സ്വാമി

Published on 03 November, 2012
കോണ്‍ഗ്രസിന്റെ അംഗീകാരം റദ്ദാക്കണമെന്ന്‌ സുബ്രഹ്‌മണ്യന്‍ സ്വാമി
ന്യുഡല്‍ഹി: അസോസിയേറ്റഡ്‌ ജേര്‍ണല്‍സിന്‌ സാമ്പത്തിക സഹായം നല്‍കിയയെന്ന കോണ്‍ഗ്രസിന്റെ കുറ്റസമ്മതം പുതിയ വിവാദത്തിലേക്ക്‌. അനധികൃത പണമിടപാടുകളുടെ പേരില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്ന്‌ ജനതാപാര്‍ട്ടി നേതാവ്‌ സുബ്രഹ്‌മണ്യന്‍ സ്വാമി. ഇതു സംബന്ധിച്ച തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്നും സ്വാമി പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ്‌ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ഉടമസ്‌ഥരായ ദ അസോസിയേറ്റഡ്‌ ജേര്‍ണല്‍ ലിമിറ്റഡിന്‌ കോണ്‍ഗ്രസ്‌ സാമ്പത്തിക സഹായം നല്‍കിയതായി കഴിഞ്ഞ ദിവസം സ്വാമി ആരോപിച്ചിരുന്നു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ പലിശരഹിത വായ്‌പയായി 90 ലക്ഷം രൂപ നല്‍കുക മാത്രമാണ്‌ ചെയ്‌തതെന്ന്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി തുറന്നുസമ്മതിച്ചതാണ്‌ പുതിയ വിവാദത്തിന്‌ തുടക്കമിട്ടത്‌.

1937ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ്‌ നാഷണല്‍ ഹെറാള്‍ഡ്‌ സ്‌ഥാപിച്ചത്‌. സ്വാതന്ത്രസമര പോരാട്ടങ്ങളില്‍ നിര്‍ണായക പങ്ക്‌ വഹിച്ച ഈ സ്‌ഥാപനം നിലനിര്‍ത്തേണ്ടത്‌ ആവശ്യമായ സഹചര്യത്തിലാണ്‌ വായ്‌പ അനുവദിച്ചതെന്നും ദ്വിവേദി വ്യക്‌തമാക്കിയിരുന്നു.

അതേസമയം, 1600 കോടി രൂപ വിലമതിക്കുന്ന അസോസിയേറ്റഡ്‌ ജേര്‍ണല്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന്‌ 50 ലക്ഷം രൂപയ്‌ക്ക് സ്വന്തമാക്കിയെന്നും യംഗങ്‌ ഇന്ത്യന്‍സ്‌ എന്ന സ്വകാര്യ കമ്പനിയില്‍ പൊതുമേഖലാ സ്‌ഥാപനമായ അസോസിയേറ്റഡ്‌ ജേര്‍ണലിനെ ലയിപ്പിക്കുകയായിരുന്നുവെന്നും സ്വാമി ആരോപിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക