Image

നായ്ക്കളെ വെട്ടുന്ന സംഭവം: പ്രതികള്‍ക്കായി പോലീസ് വ്യാപകമായി വല വിരിക്കുന്നു

Published on 06 November, 2012
നായ്ക്കളെ വെട്ടുന്ന സംഭവം: പ്രതികള്‍ക്കായി പോലീസ് വ്യാപകമായി വല വിരിക്കുന്നു
മലപ്പുറം: തുമ്പില്ലാതെ അന്വേഷണം ഇഴഞ്ഞിരുന്ന നായ്ക്കളെ വെട്ടുന്ന സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സംസ്ഥാനപോലീസ് പ്രതികള്‍ക്കായി വ്യാപകമായി വലിവിരിക്കുന്നു. സംഭവത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുള്ളതായി കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനെത്തുടര്‍ന്നാണ് പോലീസ് വീണ്ടും അന്വേഷണം ശക്തമാക്കുന്നത്. ഒരു തീവ്രവാദ സംഘടനയുടെ പ്രത്യേക യൂണിറ്റാണ് സംഭവത്തിന് പിന്നിലെന്ന് ഇന്റലിജന്റിസിന് വിവരം ലഭിച്ചിരുന്നു. പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് അന്വേഷണം നടത്തുക. നായ്ക്കളെ വെട്ടുന്ന പ്രദേശങ്ങള്‍ പ്രത്യേകം നീരീക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്കുകള്‍ ഉപയോഗിച്ചുള്ള പ്രത്യേക ആയുധ പരിശീലനത്തിന്റെ ഭാഗമാണ് ഇതിന്റെ പിന്നിലെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. 

പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാകും വിധമാണ് അന്വേഷണം പുരോഗമിക്കുന്നത്. വിവിധ അന്വേഷണ ഏജന്‍സികള്‍ തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അതീവ രഹസ്യമായി നടക്കുന്ന തീവ്രവാദി-വര്‍ഗീയസംഘടനയുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചത്. തീവ്രവാദസംഘടനയുടെ നീക്കങ്ങള്‍ സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു. സൈബര്‍സെല്ലാണ് അന്വേഷണത്തില്‍ പ്രധാന പങ്ക് വഹിച്ചത്. കേസില്‍ നടപടിയെടുക്കാനാവശ്യമായ കൃത്യമായ തെളിവുകള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തും.

നായ്ക്കളെ വെട്ടുന്നതിന് പിന്നിലുള്ളവരെ കുറിച്ച് സൂചന ലഭിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം അന്വേഷണസംഘത്തെ കുഴക്കിയിരുന്നു. അടുത്ത കാലത്ത് ജില്ലയുടെ ഉള്‍നാടന്‍ മേഖലകളില്‍ പോലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് ജില്ലാ പൊലീസ് അന്വേഷണം ശക്തമാക്കിയത്. ഇതിനായി മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിരുന്നു.

അതിനിടെ മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നായക്കള്‍ക്ക് പതിവായി വെട്ടേല്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയായിരുന്നു. കാരാളിപ്പറമ്പ്, അമരമ്പലം, കൊണേ്ടാട്ടി, അങ്ങാടിപ്പുറം, മലപ്പുറം-പാലക്കാട് ജില്ലാ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നായക്കള്‍ക്ക് വ്യാപകമായി വെട്ടേറ്റു. ഈ പ്രദേശത്തെ വളര്‍ത്തുനായകള്‍ക്കും തെരുവുനായകള്‍ക്കും മൂര്‍ച്ചയുള്ള ആയുധങ്ങള്‍ക്കൊണ്ടാണ് പരിക്കേറ്റത്. പലതിന്റെയും കഴുത്തിലും തലയിലും വെട്ടേറ്റ മുറിവുകളാണ്. അരീക്കോട് കുനിയില്‍, കീഴുപറമ്പ് പ്രദേശങ്ങളിലും നായ്ക്കള്‍ക്ക് വെട്ടേറ്റത് അവിടെ നടന്ന കൊലപാതകങ്ങളുടെ പ്രതികാരനടപടിക്കായുള്ള ആയുധ പരിശീലനമാണോ എന്ന സംശയവും പോലീസിനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാ പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് അന്വേഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക