Image

ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ ധര്‍മ്മ അവാര്‍ഡ്‌

Published on 18 September, 2011
ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ ധര്‍മ്മ അവാര്‍ഡ്‌
ന്യൂജേഴ്‌സി: ശാന്തിഗ്രാം ഗ്രൂപ്പ്‌ കമ്പനികളുടെ സ്ഥാപകനും, ചെയര്‍മാനും, മാനേജിംഗ്‌ ഡയറക്‌ടറുമായ ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ ധര്‍മ്മ അവാര്‍ഡ്‌ നല്‍കി അസോസിയേഷന്‍ ഓഫ്‌ ആയുര്‍വേദിക്‌ പ്രൊഫഷണല്‍സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ആദരിച്ചു. ബോസ്റ്റണില്‍ നടന്ന സമ്മേളനത്തില്‍ അമൃത്‌ യോഗ ഇന്‍സ്റ്റിറ്റിയൂട്ടിലെ യോഗിശ്രീ അമ്രിത്‌ ജി അവാര്‍ഡ്‌ സമ്മാനിച്ചു. 35 രാജ്യങ്ങളില്‍ നിന്നുള്ള 350-ല്‍പ്പരം പ്രൊഫഷണലുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ആഗോളതലത്തില്‍ ആയുര്‍വേദത്തെപ്പറ്റി അവബോധം ഉണ്ടാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ്‌ ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ അവാര്‍ഡ്‌ സമ്മാനിച്ചത്‌. അദ്ദേഹത്തിന്റെ ആയുര്‍വേദ - പഞ്ചകര്‍മ്മ ചികിത്സയിലൂടെ നൂറുകണക്കിനാളുകള്‍ മാറാരോഗങ്ങളില്‍ നിന്ന്‌ മോചനം നേടി.

ഡല്‍ഹിയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൂന്നു ആയൂര്‍വേദ ആശുപത്രികള്‍ സ്ഥാപിതമായി. സഫ്‌ദര്‍ജംഗ്‌ എന്‍ക്ലേവ്‌, പശ്ചിംവിഹാര്‍, ദ്വാരക എന്നിവടങ്ങളിലാണ്‌ ശാന്തിഗ്രാം കേരള ആയുര്‍വേദിക്‌ ഹോസ്‌പിറ്റലുകള്‍ സ്ഥാപിച്ചത്‌. തദ്ദേശീയര്‍ക്കും വിദേശീയര്‍ക്കും ഇവ മികച്ച സേവനമെത്തിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി ഐ.എസ്‌.ഒ സര്‍ട്ടിഫിക്കേഷന്‍ നേടിയ ആയുര്‍വേദ സ്ഥാപനങ്ങളും ഇവയാണ്‌.

അഞ്ചുവര്‍ഷമായി അദ്ദേഹം കേരളീയ ആയുര്‍വേദ ചികിത്സയും പഞ്ചകര്‍മ്മ ചികിത്സയും അമേരിക്കയില്‍ ജനകീയവത്‌കരിക്കാനുള്ള ശ്രമത്തിലാണ്‌. ഒട്ടേറെ മാറാരോഗങ്ങള്‍ക്ക്‌ ഇവ ഫലപ്രദമാണെന്ന്‌ മാത്രമല്ല, ദോഷഫലങ്ങളില്ലതാനും.

ലോകവ്യാപകമായി ആയുര്‍വേദ ചികിത്സയ്‌ക്ക്‌ പ്രചാരം ഏറിവരികയാണ്‌. അതിന്റെ ബിസിനസ്‌ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ കഴിഞ്ഞു. ശാന്തിഗ്രാം ഇപ്പോഴൊരു ബഹുരാഷ്‌ട്ര കോര്‍പ്പറേഷനായി മാറിയിരിക്കുന്നു. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും ഓരോന്നു വീതവും, ന്യൂജേഴ്‌സിയില്‍ മൂന്നും ശാന്തിഗ്രാം സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയുടെ മറ്റ്‌ ഭാഗങ്ങളിലും ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്‌ അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം.
ഡോ. ഗോപിനാഥന്‍ നായര്‍ക്ക്‌ ധര്‍മ്മ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക