Image

തിരിച്ചറിവുകള്‍(നോവല്‍: അവസാന ഭാഗം) - ജിന്‍സന്‍ ഇരിട്ടി

ജിന്‍സന്‍ ഇരിട്ടി Published on 15 March, 2014
തിരിച്ചറിവുകള്‍(നോവല്‍:  അവസാന ഭാഗം) - ജിന്‍സന്‍ ഇരിട്ടി
അദ്ധ്യായം-16
ഏതോ യാത്രക്കാരന്റെ ഗിറ്റാറില്‍ നിന്ന് ഒഴുകി വന്ന മെലഡിയാണ് ട്രെനിലെ മുഷിപ്പിക്കലില്‍ നിന്ന് ടോണിയെ മെല്ലെ ഉറക്കത്തിലേക്ക് കൂട്ടി കൊണ്ടുപോയത്. ഉണര്‍ന്ന് നോക്കിയപ്പോള്‍ താന്‍ സ്വപ്നങ്ങള്‍ ചീകി മിനുക്കിയ പ്രകൃതിയുടെ ഏതോ മായിക വലയത്തിലാണെന്ന് അവന് തോന്നി. വെളള കീറിയ മേഘപടലങ്ങള്‍ക്ക് താഴെ വെളളയും പച്ചയും മാറി മാറി പുതച്ച ആല്‍പ്‌സ് മലനിരകളിലൂടെ യാത്ര ഋതുക്കളില്‍ നിന്ന് ഋതുക്കളിലേക്കുളള യാത്രയാണ്. മലകളുടെ മാറിടങ്ങളില്‍ നിന്ന് ഒഴുകി വരുന്ന നീലതടാകങ്ങളില്‍ കുളിച്ചാല്‍ മനുഷ്യരും ദേവന്മാരെ പോലെയാകുമെന്ന് അവന് തോന്നി.
ടോണി റൊസാരിയോയെ നോക്കി. അയാള്‍ പുറത്തെ കാഴ്ചകളില്‍ കണ്ണും നട്ട് മനസ്സ് കാറ്റ് ശാപമോക്ഷം കൊടുത്ത കൊഴിഞ്ഞ ഇലയെപോലെ പുതിയ പ്രതീക്ഷകളില്‍ പാറിപ്പറക്കുകയാണ്.
“റൊസാരിയോ ഇവിടെയൊന്നുമല്ലേ”
റൊസാരിയോ കേള്‍ക്കാത്തതു പോലെ ചിന്തയില്‍ മുഴുകിയിരിക്കുകയാണ്. ടോണി കൈതണ്ടയില്‍ പിടിച്ചിട്ട് വീണ്ടും ചോദിച്ചു.
“പഴയ ഓര്‍മ്മകളിലാണോ”
റൊസാരിയോ മനസ്സ് തിരിച്ച് പിടിച്ചത് പോലെ അവനെ നോക്കി ചിരിച്ചു.
“മനസ്സിലിപ്പോഴും അവളോട് പ്രണയം ഉണ്ടെന്നുളളത് സത്യമാണ്. പക്ഷേ, ഞാന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളണ്ടേ. അവള്‍ വേറേ വിവാഹം കഴിച്ചിട്ടുണ്ടാകാം. മക്കളും മക്കളുടെ മക്കളും ഉണ്ടാവാം. ഇനി ഒന്നുമില്ലെങ്കില്‍ അവരുടെയുളളില്‍ ഇപ്പോഴും ആ പഴയ ദേഷ്യം മായാതെ കിടപ്പുണ്ടെങ്കിലോ”
റോസാരിയോയുടെ മനസ്സില്‍ പലതരം ആശങ്കകള്‍ കൂടുകൂട്ടി.
“അതൊന്നുമുണ്ടാവില്ലന്നെ. എനിക്കുറപ്പുണ്ട് എല്ലാം ശുഭമാകും.”
ലോട്ടര്‍ബേണില്‍ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ റൊസാരിയോ ടോണിയുടെ കൈയ്യില്‍ മുറുകെ പിടിച്ചിട്ട് പറഞ്ഞു:
“എനിക്കെന്തോ അവളെ അഭിമുഖീകരിക്കാന്‍ ഒരു ധൈര്യക്കുറവ് പോലെ. നമുക്ക് പോണോ ടോണി”
സഭാ കമ്പത്തില്‍ പെട്ടുപോയ കൊച്ചു കുട്ടിയെ പോലെ വിറങ്ങലിച്ച് നില്‍ക്കുകയാണ് റൊസാരിയോ.
“പേടിക്കാതെ വാ ഇത്രയും ദൂരം വന്നിട്ട് കാണാതെ പോകാനോ”
ടോണി ധൈര്യം കൊടുത്തപ്പോള്‍ അയാള്‍ ചുരുട്ട് എടുത്ത് കത്തിച്ച് ആഞ്ഞ് വലിച്ച് മനസ്സിനെ ശക്തിപ്പെടുത്തി കൊണ്ട് സ്റ്റേഷന് പുറത്തേക്ക് നടന്നു. ലോട്ടര്‍ബേണ്‍ ഭൂമിയിലെ പ്രകൃതി വിസ്മയത്തിന്റെ ഒരു ചെപ്പാണ്. ആല്‍പ്‌സ് മലനിരകള്‍ക്ക് നടുവില്‍ കിഴക്കാംതൂക്കായ വലിയ വെളളച്ചാട്ടം കാവല്‍ നില്‍ക്കുന്ന പച്ചവിരിച്ച ഒരു ഗ്രാമം. മലമുകളില്‍ നിന്ന് താളാത്മകമായി ഒഴുകി വന്ന് കൊണ്ടിരിക്കുന്ന മണി നാദവും ചൂളം വിളിയും കേട്ട് ടോണി ചെവി കൂര്‍പ്പിച്ചു.
“ബോധപൂര്‍വ്വം അല്ലെങ്കിലും ഈ മണിനാദത്തിനും ചൂളം വിളിക്കും പരസ്പരം ഇഴ ചേര്‍ന്ന് ഒരു പ്രത്യേക താളമുണ്ട്.”
“ശരിയാണ്. പശുക്കളുടെ മണി നാദവും ഇടയന്‍മാരുടെ ചൂളം വിളിയും ഇല്ലെങ്കില്‍ ആല്‍പ്‌സ് നിര്‍ജ്ജീവമായ ഒരു കുന്നിന്‍ പ്രദേശമായി പോകുമായിരുന്നു”
ഫുട്ട്പാത്തിലൂടെ അനന്തമായി അങ്ങനെ മുന്നോട്ട് നടന്നപ്പോള്‍ ടോണി ചോദിച്ചു.
“നമ്മള്‍ എങ്ങോട്ടേയ്ക്കാ പോകുന്നതെന്ന് വല്ല രൂപവുമുണ്ടോ”
“ഇവിടുന്ന് കുറച്ച് മുന്നോട്ട് പോയാല്‍ ഒരു കാത്തലിക് സെമിട്രി ഉണ്ട്. അവിടുന്ന് ഒരല്‍പ്പം നടന്നാല്‍ ലിസയുടെ വീടെത്തി. ഇരുപതാം നമ്പര്‍ വീടെന്നാ എന്റെയോര്‍മ്മ”
സെമിട്രിയുടെ മുമ്പില്‍ എത്തിയപ്പോള്‍ റൊസാരിയോ പഴയ ഏതോ ഓര്‍മ്മകളില്‍ അകപ്പെട്ടത് പോലെ അവിടേക്ക് നോക്കി നിന്നു.
“ഇത് വളരെ പഴക്കം ചെന്ന ഒരു സെമിട്രിയാണ്. ഇവിടെയാണ് ലിസയുടെ ഗ്രാന്‍ഡ് മദറിനെ അടക്കിയിരിക്കുന്നത്. ഒരിക്കല്‍ ലിസയുടെ കൂടെ പ്രാര്‍ത്ഥിക്കാന്‍ വന്നിട്ടുണ്ട്. നമുക്കൊന്ന് കയറിയിട്ട് പോയാലോ”
“ഉം”
റോസാരിയോ തൊട്ടടുത്ത കടയില്‍ ചെന്ന് പൂക്കള്‍ മേടിച്ച് ശവകുടീരത്തില്‍ വച്ച് കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. റൊസാരിയോയുട അച്ചടക്കത്തോടെയുളള പ്രാര്‍ത്ഥന കണ്ട് ടോണിക്ക് അതിശയം തോന്നി. ഇതൊരു പുതിയ റൊസാരിയോ ആണ്. താന്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത റൊസാരിയോ. അവര്‍ നടന്ന് ഇരുപതാം നമ്പര്‍ വീടിന് റൊസാരിയോ മടിച്ച് ടോണ്യുടെ പുറകില്‍ നിന്നു.
“ടോണി നീ ചെന്ന് ചോദിക്ക്, ഇത് തന്നെയാണോ വീടെന്ന്.”
ടോണി ഗെയ്റ്റ് തുറന്ന് അകത്ത് ചെന്ന് ബെല്ലടിച്ച് കാത്തു നിന്നു. അല്‍പ്പനേരം കഴിഞ്ഞ് ഒരു ചെറുപ്പക്കാരി ഡോര്‍ തുറന്ന് വന്ന് ടോണിയോട് എന്തോ സംസാരിച്ചു. അവര്‍ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക എന്ന ആധിയില്‍ റൊസാരിയോ നിന്നു.
“സോറി റൊസാരിയോ ലിസ ഇവിടെയല്ല താമസ്സിക്കുന്നത്. അവര്‍ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ വീട് വിറ്റ് അവരുടെ ഭര്‍ത്താവിനൊപ്പം ജിംവാള്‍ഡിലേക്ക് താമസം മാറി പോയി.”
 റോസാരിയോ പ്രരീക്ഷകളുടെ കടിഞ്ഞാണ്‍ കൈവിട്ട് പോയ തേരാളിയെപോലെ ഗേറ്റിന് മുമ്പിലത്തെ ചുവന്ന ഇഷ്ടിക പാകിയ നിലത്ത് കുത്തിയിരുന്നു.
“സാരമില്ല റൊസാരിയോ നമ്മള്‍ ജിംവാള്‍ഡില്‍ പോയി അവരെ കണ്ടു പിടിച്ചിട്ടേ തിരിച്ചു പോകുന്നുളളൂ.”
“അത് കുറേ ദൂരെയല്ലേ”
“ഇവിടുന്ന് മൂറിന്‍ വരെ ട്രെയിനുണ്ട് ഏകദേശം മുക്കാല്‍ മണിക്കൂര്‍ എടുക്കും. അവിടുന്ന് ജിംവാള്‍ഡിലേക്ക് കേബിള്‍ കാറിനോ, അല്ലെങ്കില്‍ നടന്നോ പോകാനുളള ദൂരമേയുളളൂ എന്നാണ് ആ സ്ത്രീ പറഞ്ഞത്.”
“നമ്മള്‍ പോണമെന്നാണോ നീ പറയുന്നത്.”
 “ഉം”
അവര്‍ മൂറിനില്‍ ട്രെയിന്‍ ഇറങ്ങി കേബിള്‍ കാര്‍ സ്റ്റേഷനിലേക്ക് നടന്നു. മലകയറ്റക്കാരുടെ കുറേ ചെറുസംഘങ്ങള്‍ അവരെ മറികടന്ന് പോയി. ചിലര്‍ക്ക് അപകടം പിടിച്ച മഞ്ഞുകട്ടകളെ തരണം ചെയ്യത് ചിലന്തിയെ പോലെ പാറകളുടെ അഗ്രങ്ങളില്‍ തൂങ്ങിപിടിച്ച് മുകളില്‍ എത്തി എല്ലാം നേടിയവരെപ്പോലെ ആര്‍ത്തുല്ലസിക്കുന്നതാണ് ഹരം. അറ്റു ചിലര്‍ക്ക് മലയുടെ ഏറ്റവും ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി പക്ഷികളെപ്പോലെ വായുവില്‍ പറന്ന് ഭാരമില്ലാതാകുന്നതാണ് ഹരം.
സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഏരിയല്‍ ലൈന്‍ തകരാറായതിനാല്‍ ഇന്ന് സര്‍വ്വീസില്ലെന്ന ബോര്‍ഡ് കണ്ടു.
“സാരമില്ല റൊസാരിയോ നമുക്ക് പതുക്കെ നടക്കാം. ഇവിടെ നിന്ന് മുക്കാല്‍ മണിക്കൂറെ നടക്കാനുളളന്നാണ് അവിടെ ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നത്.”
“നടക്കാം പക്ഷേ എനിക്ക് പതുക്കയേ നടക്കാന്‍ പറ്റു കാലിന് ചെറിയ വേദനയുണ്ട്.”
അവര്‍ ഫുഡ്പാത്തിലൂടെ നടക്കാനൊരുങ്ങിയപ്പോള്‍ ഒരു സെക്യൂരിറ്റി ജീവനക്കാര്‍ വന്ന് കണിഫിറസ് മരങ്ങളിലൂടെയുളള ഒരു ചെമ്മണ്‍ പാത കാട്ടിയിട്ട് പറഞ്ഞു:
“ഇതിലെ പോയാല്‍ എളുപ്പം ജിംവാള്‍ഡിലെത്താം.”
അവര്‍ പോണോ, വേണ്ടയോ, എന്ന് സംശയിച്ച് നിന്നപ്പോള്‍ അയാള്‍ ധൈര്യപ്പെടുത്തികൊണ്ട് പറഞ്ഞു:
“ഒന്നും പേടിക്കാനില്ല. ഇതിലേ നടന്നാല്‍ നിങ്ങള്‍ക്ക് പകുതി വഴി ലാഭിക്കാം.”
അവര്‍ പിന്നെ ഒന്നും ആലോചിച്ചില്ല റണ്ടും കല്‍പിച്ച് കണിഫിറസ് മരങ്ങള്‍ക്കിടയിലൂടെ നേരേ നടന്നു. മാനം ഇരുണ്ടു. വലിയ ഇടിമുഴക്കത്തോടെ മഴ ആരോടും അനുവാദം ചോദിക്കാതെ നിഷേധിയെപോലെ പാഞ്ഞെത്തി. അവര്‍ നടത്തത്തിന് വേഗത കൂട്ടി.
“ടോണി പതുക്കെ പോ എനിക്ക് വയ്യ”
റോസാരിയോ നനഞ്ഞ് കുളിച്ച്, കിതച്ച് കൊണ്ട് ഒരു കണിഫിറസ് മരത്തിന്റെ ചുവട്ടില്‍ ചാഞ്ഞിരുന്നു.
“മടുത്തു. ഇനി നടക്കാന്‍ വയ്യ. മഴ അല്‍പം തോര്‍ന്നിട്ട് ഇവിടുന്ന് പോകാം.”
കാറ്റിന് ശക്തി കൂടി. മരങ്ങള്‍ ചുഴലിക്കാറ്റ് വിഴുങ്ങിയതുപോലെ ആടിയുലഞ്ഞു. അടുത്ത നിമിഷം ഒരു വലിയ മരം അരുടെ തൊട്ടടുത്ത് വീണ് ചിതറിയപ്പോള്‍ ടോണി റൊസാരിയോയെ വട്ടം പിടിച്ച് കുതറി മാറി.
“നമ്മള്‍ക്ക് എത്രയും പെട്ടന്ന് പുറത്ത് കടക്കണം. അല്ലെങ്കില്‍ ഈ മരം നമ്മളെ വിഴുങ്ങും.”
ടോണി ഭയത്തോടെ പറഞ്ഞു പോകാനൊരുങ്ങിയതും കാറ്റില്‍ ഒരു വലിയ കാറ്റില്‍ ഒരു വലിയ കണിഫറസ് മരം നിലതെറ്റി മുന്നില്‍ അടിച്ചു വീണു. കൂടെ റൊസാരിയോയുടെ വലിയ അലര്‍ച്ചയും. തിരിഞ്ഞ് നോക്കുമ്പോള്‍ മരത്തിന്റെ  ഒരു കമ്പ് അയാളുടെ കാലില്‍ തറച്ചു കയറിയിരിക്കുന്നു.
രക്തം ചീറ്റിയൊലിക്കുന്നത് കണ്ട് ടോണി വേഗം തന്റെ ബാഗില്‍ നിന്ന് ഒരു ഷര്‍ട്ടെടുത്ത് മുറിവിന് വലിച്ച് മുറുക്കി കെട്ടി.
അവന്‍ റൊസാരിയോയെ താങ്ങി പിടിച്ച് ലക്ഷ്യബോധമില്ലാതെ വിഴുങ്ങാന്‍ കാറ്റിന്റെ വേഗത്തില്‍ തല നീട്ടി വരുന്ന മരങ്ങള്‍ക്കിടയിലൂടെ നടന്നു. ടോണിയുടെ തോളില്‍ റൊസാരിയോയുടെ ഭാരം കൂടികൊണ്ടിരുന്നു. റൊസാരിയോ ഇനി ഒരടി നടക്കാന്‍ കഴിയാതെ തണുത്ത് വിറച്ച് പുല്‍തകിടിയില്‍ വീണു.
“ഞാനീ മലമുകളില്‍ കിടന്ന് മരിക്കും…”
റോസാരിയോ ശ്വാസം കിട്ടാതെ കിടന്നുരുളുന്നത് കണ്ട് ടോണി വേഗം അയാളുടെ ജാക്കറ്റിന്റെ പോക്കറ്റില്‍ നിന്ന് ഇന്‍ഹേലര്‍ എടുത്ത് സ്‌പ്രേ ചെയ്യ്തു. ഇന്‍ഹേലര്‍ ഉളളില്‍ ചെന്നപ്പോള്‍ അയാള്‍ക്ക് തെല്ലൊന്ന് ആശ്വാസം കിട്ടിയതുപോലെ തോന്നി. പക്ഷേ മഴ പിന്നെയും കനത്തു.
“റൊസാരിയോ പ്ലീസ്, എണീക്ക്. നമുക്ക് പതുക്കെ നടക്കാം. അല്ലെങ്കില്‍ നമ്മള്‍ രണ്ടും ഈ മരങ്ങള്‍ക്കിടയില്‍ കിടന്ന് മരിക്കും”
അവന്‍ റൊസാരിയോയെ താങ്ങി പിടിച്ച് പതുക്കെ നടക്കാന്‍ തുടങ്ങി. അവര്‍ നടന്ന് മരക്കൂട്ടങ്ങള്‍ക്ക് വെളിയില്‍ ഏതോ കുന്നിന്‍ ചരിവില്‍  എത്തിയപ്പോള്‍ കുറച്ചകലെ ഒരു വീട്ടില്‍ നിന്ന് മഴയില്‍ പാതി മങ്ങിയ ഒരു വെളിച്ചം കണ്ടു.
“അതാ അവിടെയൊരു വീടുണ്ട്. നമുക്ക് അങ്ങോട്ട് പോകാം.”
അവര്‍ വീടിന് മുന്നിലെത്തിയപ്പോള്‍ ടോണി റൊസാരിയോയെ താങ്ങി പിടിച്ച് വരാന്തയില്‍ ഇരുത്തിയിട്ട് വീടിന്റെ ഗ്ലാസിലൂടെ ഉളളിലേക്ക് നോക്കി. ലൈറ്റ് കത്തി നില്‍ക്കുന്നത് അല്ലാതെ ആരേയും കാണാനില്ല.
ടോണി കതകിന് മൂന്നുനാല് തവണ മുട്ടിയപ്പോള്‍ ഉളളില്‍ നിന്ന് ആരുടെയോ അവ്യക്തമായ ശബ്ദം കേട്ടു.
അല്പസമയം കഴിഞ്ഞപ്പോള്‍ നീണ്ട ഊശാന്‍ താടിയും, കാവി വസ്ത്രവും ധരിച്ച് കാഴ്ചയില്‍ ഒരു ബുദ്ധ സന്യാസി എന്നു തോന്നിപ്പിക്കുന്ന ഒരാള്‍ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെട്ടു.
“ആരാ”
“ഞങ്ങള്‍ ഇവിടെ ആദ്യമായിട്ടാണ്. മല കയറി വരുമ്പോഴാണ് കാറ്റും മഴയും തുടങ്ങിയത്. മരം വീണ് എന്റെ കൂടെയുളളയാളുടെ കാലും മുറിഞ്ഞു.”
പെട്ടന്ന് അന്തരീക്ഷത്തെ ഭീതിപ്പെടുത്തികൊണ്ട് ഒരു ഇടിവാള്‍ പാഞ്ഞു പോയി.
“നിങ്ങള്‍ വേഗം ഉളളിലേക്ക് കയറ്.”
അവര്‍ വരാന്തയില്‍ ഞരക്കത്തോടെ തളര്‍ന്നു കിടക്കുന്ന റൊസാരിയോയെ താങ്ങിയെടുത്ത് ഉളളിലെ നെരിപ്പോടിന്ന് അടുത്ത് കിടത്തി. അവര്‍ റൊസാരിയോയുടെ നനഞ്ഞ വസ്ത്രങ്ങള്‍ ഊരി മാറ്റിയിട്ട് ഉണങ്ങിയ കാഷായ വസ്ത്രങ്ങള്‍ ധരിപ്പിച്ചു. സന്യാസി ഉളളില്‍ പോയി എന്തോ കുറെ പച്ചമരുന്നുകള്‍ റൊസാരിയോയുടെ മുറിവില്‍ വച്ചു കെട്ടി.
“ഈ മരുന്ന് മുറിവിനെ പെട്ടന്ന് ഉണക്കും.”
റോസാരിയോ കിടന്നു വിറയ്ക്കുന്നതു കണ്ട് സന്യാസി ബ്ലാങ്കറ്റ് എടുത്ത് അയാളെ നന്നായി പുതപ്പിച്ചു.
“തണുപ്പിന്റെയാണീ വിറയല്‍. അത് നന്നായി ശരീരമൊന്ന് ചൂടായി കഴിയുമ്പോള്‍ കുറയും”
സന്യാസി ഉളളില്‍ നിന്ന് ഒരു കാഷായ വസ്ത്രംകൊണ്ട് വന്ന് ടോണിക്ക് കൊടുത്തിട്ട് പറഞ്ഞു:
“തല്‍ക്കാലം ഈ കാഷായ വസ്ത്രം ധരിക്ക്. എന്റെ കയ്യില്‍ കാഷായ വസ്ത്രങ്ങളല്ലാതെ വേറെയില്ല”
“എന്റെ ബാഗില്‍ വസ്ത്രങ്ങളുണ്ട്. പക്ഷേ എല്ലാം നനഞ്ഞു കുതിര്‍ന്നു പോയി.”
ടോണി വസ്ത്രം മാറി വന്നപ്പോഴേക്കും സന്യാസി ചൂടു കാപ്പിയുമായി മുന്നില്‍. കാപ്പി കുടിക്കുന്നതിനിടയില്‍ ടോണി വരാനുണ്ടായ കാരണം പറഞ്ഞു. ലിസയെന്ന പേര് കേട്ട് അയാള്‍ എന്തോ ഓര്‍ത്തെടുക്കുന്നതു പോലെ അല്പനേരം ആലോചിച്ചിട്ട് പറഞ്ഞു:
“എനിക്കറിയാം ആ സ്ത്രീയെ അവര്‍ ഈ കുന്നിന്‍ചെരുവിനടുത്ത് തന്നെയാ താമസിക്കുന്നത്. അവര്‍ക്ക് പ്രായമൊക്കെയായിട്ട് ഇപ്പോള്‍ അന്ധയാണ്.”
അവനത് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല.
“അന്ധയോ?”
“അതെ. അവരുടെ മകളുടെയൊപ്പമാണിപ്പോള്‍ താമസിക്കുന്നത്. അവരുടെ ഭര്‍ത്താവ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയി. ഞാന്‍ നാളെ നിങ്ങള്‍ക്ക് ആ വീട് കാട്ടി തരാം.”
പുറത്ത് കാറ്റും, മഴയും പിന്‍വാങ്ങാന്‍ ഒരുങ്ങി. ഇടിവാള്‍ ചെറിയ കറുകറുപ്പോടെ മലകളുടെ പിറകില്‍ പോകാന്‍ മടിച്ചു നിന്നു. പ്രകൃതി പതുക്കെ ശാന്തത കൈവരിക്കുകയാണ്. രാവിലെ ഉണര്‍ന്നപ്പോള്‍ പ്രകൃതി കുളിച്ചൊരുങ്ങി ഈറനണിഞ്ഞു. സുന്ദരിയെപ്പോലെ അവനെ നോക്കി പുഞ്ചിരിച്ചു. ഇപ്പോള്‍ നോക്കിയാല്‍ ഇവള്‍ തന്നെയാണ് കഴിഞ്ഞ രാത്രി കലിതുളളി ഉറഞ്ഞാടിയതെന്ന് പറയില്ല. വല്ലാത്തൊരു വേഷ പകര്‍ച്ച നിന്റേത്.
ടോണി തിരിഞ്ഞ് റൊസാരിയോയെ നോക്കിയപ്പോള്‍ അയാള്‍ കൂര്‍ക്കം വലിച്ച് നല്ല ഉറക്കമാണ്. പാവം ഇന്നലെ കുറേ വേദന സഹിച്ചതല്ലേ നന്നായി ഉറങ്ങട്ടെ. അവന്‍ മാറി കിടന്ന ബ്ലാങ്കറ്റ് എടുത്ത് അയാളെ നന്നായി പുതപ്പിച്ചു.
ടോണി ചില്ലുവാതില്‍ തുറന്ന് പുറത്തേക്കിറങ്ങി. വെളളാരം കല്ലുകള്‍ അടുക്കി വച്ചതുപോലെ കാഴ്ചയുടെ ചക്രവാളങ്ങളില്‍ ഏതോ ശില്പി കൊത്തി വച്ചതുപോലെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് വളര്‍ന്ന് നില്‍ക്കുന്ന ഉയര്‍ന്ന മഞ്ഞുമലകള്‍. പര്‍വ്വതങ്ങളില്‍ നിന്ന് പര്‍വ്വതങ്ങളിലേക്ക് കേബിള്‍ കാറില്‍ ആകാശയാത്ര നടത്തുന്ന സഞ്ചാരികള്‍. അലകളെ സംഗീതാത്മകമാക്കുന്ന ഒരിക്കലും നിലയ്ക്കാത്ത കാലിക്കൂട്ടങ്ങളുടെ മണി നാദവും, ഇടയന്മാരുടെ ചൂളം വിളിയും. ഹോ!!! ജിംവാള്‍ഡ് സ്വര്‍ഗ്ഗം തന്നെ.
ഇന്നലെ ജിംവാള്‍ഡിലേക്ക് നടന്നപ്പോള്‍ ഒരു കണ്ണിഫറസ് മരത്തിന്റെ ശിഖിരത്തില്‍ ഏതോ യാത്രക്കാരന്‍ തൂക്കിയിട്ട വാക്കുകള്‍ അക്ഷരം പ്രതി ശരിയാണ്. “സ്വര്‍ഗ്ഗം പറയപ്പെടുന്നതുപോലെ അത്ര സുന്ദരമല്ലെങ്കില്‍ എന്നെ തിരിച്ച് ജിംവാള്‍ഡിലേക്ക് വിടുക”
ടോണി മുറ്റത്ത് നിറഞ്ഞു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളെ വകഞ്ഞു മാറ്റി വെളിയില്‍ ഇറങ്ങിയപ്പോള്‍ തൊട്ടടുത്ത പാറപുറത്ത് ചെമ്മരിയാടുകളോടും, മാനുകളോടും എന്തോക്കെയോ സംസാരിച്ചു കൊണ്ട് സന്യാസി ഇരിക്കുന്നു. അപരിചിതനെ കണ്ട് തെല്ലൊന്ന് അമ്പരപ്പോടെ മാനുകള്‍ കൂര്‍ത്ത് വളഞ്ഞ കൊമ്പിട്ടിളക്കി ടോണിയെ നോക്കിയപ്പോള്‍ സന്യാസി പറഞ്ഞു:
“അവനെ നോക്കി പേടിപ്പിക്കണ്ട അവന്‍ നമ്മുടെ അതിഥിയാ”
മാനുകള്‍ പിന്നെ കാണാമെന്ന ഭാവത്തില്‍ പുല്‍നാമ്പുകള്‍ കടിച്ചുകൊണ്ട് മരങ്ങള്‍ക്കിടയിലേക്ക് മറഞ്ഞു.
“ഇവര്‍ ആരേയും ഉപദ്രവിക്കില്ല. ഇവിടെ സ്‌നേഹമാണ് ഞങ്ങളുടെ മതം. ഇവര്‍ക്ക് മനുഷ്യരെപ്പോലെ സംസാരിക്കാന്‍ കഴിയില്ലെങ്കിലും ഇവരും വികാര വിചാരങ്ങള്‍ ഉളളവരാണ്. പക്ഷേ മനുഷ്യര്‍ ഇനിയും അവരെ ബഹുമാനിക്കാനോ, അംഗീകരിക്കാനോ പഠിച്ചിട്ടില്ലെന്ന് മാത്രം. എനിക്ക് നിലവിലുളള ഭൂരിപക്ഷം ആളുകളും കരുതുന്ന മനുഷ്യത്വം, മാനവികത എന്ന സങ്കല്പങ്ങളോട് പുച്ഛമാണ്. അത് മനുഷ്യന്റെ സ്വാര്‍ത്ഥതയാണ്. മനുഷ്യര്‍ മനുഷ്യരെ കൂടുതലായ് സ്‌നേഹിക്കണം, മനുഷ്യര്‍ മനുഷ്യരോട് കൂടുതല്‍ കരുണ കാണിക്കണം തുടങ്ങിയ ആശയങ്ങള്‍ സാര്‍വ്വ ലൗകിക സ്‌നേഹ സങ്കല്പത്തിന് പുറത്താണ്, മാനവികത എന്നല്‍ മനുഷ്യ സ്‌നേഹം മാത്രമായി ചുരുങ്ങിയത് എങ്ങനെയെന്ന് എനിക്കറിയില്ല. സത്യത്തില്‍ സര്‍വ്വജീവികളേയും തന്നെപോലെ തന്നെ സ്‌നേഹിക്കുന്ന ഒരവസ്ഥയാണ്. ഇപ്പോഴത്തെ പലരുടെയും മാനവികത സഹജീവിയായ മൃഗത്തെ കൊന്ന് തിന്നുന്നതിന് തടസ്സം ആകുന്നില്ല.
ചില മൃഗസ്‌നേഹികളെ കാണുമ്പോള്‍ എനിക്ക് പരിഹാസമാണ് തോനുന്നത്. അവര്‍ പറയും ഞങ്ങള്‍ മാംസഭോജികളാണെന്ന് പക്ഷേ ഞങ്ങള്‍ ആരേയും കൊല്ലാറില്ലെന്ന്. സത്യത്തില്‍ ഇവര്‍ ഉള്‍പ്പടെയുളളവര്‍ ഇറച്ചികടയില്‍ ക്യൂ നില്‍ക്കുന്നത്‌കൊണ്ടല്ലേ കശാപ്പുകാരന് ഡിമാന്റ് അനുസരിച്ച് മൃഗങ്ങളെ കൊല്ലേണ്ടി വരുന്നത്. ആരോ കൊല ചെയ്യ്ത മൃഗത്തിന്റെ ഇറച്ചി കാശ് കൊടുത്ത് മേടിച്ച് കഴിക്കുന്നവരെ കൊലപാതകത്തിന്റെ പങ്ക് പറ്റുന്നവര്‍ എന്നേ വിളിക്കാന്‍ കഴിയൂ.”
“മനുഷ്യര്‍ അപ്പോള്‍ സസ്യഭുക്ക് ആകേണ്ടി വരില്ലേ?”
“അതെ. മാംസഭുക്കുകളെ ജീവികള്‍ മറ്റു ജീവികളെ കൊന്ന് തിന്നുന്നത് ദുഃകരമെങ്കിലും അത് ആവാസ വ്യവസ്ഥയുടെ അനിവാര്യമാണ്. പക്ഷേ മനുഷ്യന്റെ കൊലപാതകങ്ങള്‍ക്ക് യാതൊരു ന്യായീകരണവുമില്ല. പ്രകൃതി മനുഷ്യന് സസ്യഭുക്കായി ജീവിക്കാനുളള കഴിവ് നല്‍കിയിട്ടുണ്ട്. എന്നിട്ടും മറ്റു ജീവികളുടെ ജീവന്‍ അപഹരിച്ചെ ജീവിക്കൂ എന്നത് സ്വാര്‍ത്ഥതയാണ്. മനുഷ്യന്റെ തീറ്റ സുഖത്തിനു വേണ്ടി ഓരോ ദിവസവും എത്രയധികം മൃഗങ്ങളെയാണ് കഴുത്തറത്തും അല്ലാതെയുമായി ക്രൂരമായി കൊലചെയ്യപ്പെടുന്നത്.”
 ടോണിയുടെ കണ്ണുകളിലേക്ക് അറവ് കത്തിക്ക് മുന്നില്‍ പിടഞ്ഞ കേഴമാന്റെ തല നീണ്ടു വന്നു. പിന്നില്‍ തല ചതഞ്ഞ് ജീവനുവേണ്ടി യാചിക്കുന്ന സര്‍പ്പത്തെ നോക്കി വിറങ്ങലിച്ച് നില്‍ക്കുന്ന ഇണ. പിന്നെ പ്രതികാര ദാഹിയായി തിരിച്ചുവന്ന ഇണയുടെ തീക്ഷണമായ കണ്ണുകള്‍. ടോണി ഉച്ചത്തില്‍ അലറി. അലര്‍ച്ച താഴ്‌വരകളില്‍ നിന്ന് താഴ്‌വരകളിലേക്ക് അലയടിച്ചു. പിന്നെ ശാന്തത.
കണ്ണുതുറന്നപ്പോള്‍ സന്യാസി സ്വാത്തികഭാവത്തില്‍ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടിരിക്കുകയാണ്.
“ചോദ്യങ്ങള്‍ അസ്വസ്ഥമാക്കുമ്പോള്‍ ഇങ്ങനെയാണ്. നമ്മള്‍ നില തെറ്റി ചുഴിയില്‍ വീണു കറങ്ങും. അവസാനം അടിത്തട്ടിന്റെ ശാന്തത കാണുമ്പോള്‍നമ്മളില്‍ സ്വാത്തികഭാവം ജനിക്കും”
കണിഫറസ് മരത്തില്‍ നിന്ന് കാറ്റ് പിന്‍വാങ്ങി. മരങ്ങള്‍ അനക്കമില്ലാത്തവരായി ധ്യാനത്തിലേക്ക് വീണു. ആകസ്മികമായി ഉണ്ടായ ഒരു നിശ്ബദതയെ ഭേദിച്ചുകൊണ്ട് ടോണി പറഞ്ഞു:
“അങ്ങയുടെ വാക്കുകള്‍ എന്റെ മനസ്സില്‍ അവ്യക്തമായി കിടന്ന ചോദ്യങ്ങളെ വല്ലാതെ പ്രചോഭിച്ചു. അിറയാനുളള ആകാംക്ഷകൊണ്ട് ചോദിക്കുകയാണ്. നിങ്ങള്‍ സത്യത്തില്‍ ആരാണ്. ബുദ്ധ സന്യാസി തന്നെയാണോ?”
ആ ചോദ്യം അയാളില്‍ ശക്തമായ ഒരു പുഞ്ചിരി സൃഷ്ടിച്ചു.
“അതെ. പക്ഷേ ഞാന്‍ നിങ്ങള്‍ കരുതുന്നതുപോലെ ഒരു വ്യവസ്ഥാപിത ബുദ്ധ സന്യാസിയല്ല. ബുദ്ധ മതം ബുദ്ധനില്‍ നിന്ന് തിരിഞ്ഞ് നടന്ന് തുടങ്ങിയെന്ന് തോന്നിയപ്പോള്‍ ഞാനത് വലിച്ചെറിഞ്ഞത് യഥാര്‍ത്ഥ സത്യം തേടിയിറങ്ങി. ബുദ്ധമതത്തില്‍ ഇന്ന് കാണുന്ന ബുദ്ധന്‍ ഇവരുടെ കാഴ്ചപ്പാടുകള്‍ക്കപ്പുറമാണ് ജീവിക്കുന്നത്. ബുദ്ധമതം ദൈവമില്ലാത്ത മതമാണെന്നിരിക്കെ, ജീവിതത്തിലുടനീണം മനുഷ്യന്‍ മാത്രമാണെന്ന് പറഞ്ഞ ബുദ്ധനെ തന്നെ അവര്‍ ദൈവമാക്കി. മറ്റൊരു വൈരുദ്ധ്യം ബുദ്ധന്‍ ജീവിതാവസാനം വരെ ആചാരങ്ങള്‍ക്കും, വ്യക്തി പൂജയ്ക്കും എതിരായിരുന്നെങ്കില്‍ ബുദ്ധന് ശേഷം അവര്‍ ബുദ്ധന്റ ആകാശം മുട്ടെയുളള വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന തുടങ്ങി. അഹിംസപോലും അവരുടെ സൗകര്യത്തിന് മാറ്റിയെഴുതി പലരും മാംസഭോജികളായി. ബുദ്ധന്‍ എനിക്ക് ദൈവമല്ല ഒരു വഴിക്കാട്ടിയാണ്. ബുദ്ധന്‍ മനസ്സിന്റെ യുക്തിബോധത്തില്‍ സത്യമന്വേഷിച്ച ഒരു മഹാജ്ഞാനിയാണ്. ബുദ്ധന്‍ പറഞ്ഞു മനുഷ്യന്‍ ദൈവമുണ്ടോ, ഇല്ലയോ എന്നന്വേഷിച്ച് സമയം കളയാതെ അവന്റെ മനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ക്ലേശങ്ങളുടെ അടിസ്ഥാനകാരണമായ ആഗ്രഹങ്ങളില്‍ പിണഞ്ഞ് കിടക്കുന്ന ദുഃഖത്തെ ഉന്മൂലനം ചെയ്ത് മനസ്സിനെ ശുദ്ധീകരിച്ച് ബോധോദയം നേടാന്‍. ഈ അടിസ്ഥാന കാരണം തേടി മനസ്സിന്റെയുളളിലേക്കുളള ഇറങ്ങിച്ചെല്ലലാണ് ധ്യാനം.”
 “സ്വാമിക്ക് കുടുംബം….?”
“എനിക്കീ പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളും കുടുംബാംഗങ്ങളാണ്. പ്രപഞ്ചത്തിലെ സര്‍വ്വരിലും നമ്മള്‍ നമ്മളെ കാണാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്കും ആരെയും വെറുക്കാനോ ദ്രോഹിക്കാനോ, കഴിയില്ല. അതൊരു സ്‌നേഹസാക്ഷാത്കാരമാണ്. അതൊരു സാഫല്യമാണ്. എല്ലാ ടിബറ്റന്‍കാരേയുംപോലെ എന്റെയും ബുദ്ധമന്ത്രങ്ങള്‍ മാത്രം കേട്ടു വളര്‍ന്ന ബാല്യമായിരുന്നു. അച്ഛനും, അമ്മയും ഗ്രാമത്തിലെ തോട്ടം തൊഴിലാളികളായിരുന്നു. ചെറുപ്പത്തിലേ തന്നെ തീവ്ര ബുദ്ധമത വിശ്വാസികളായ അച്ഛന്റെയും, അമ്മയുടെയും, ആഗ്രഹപൂര്‍ത്തീകരണത്തിനായി ഞാന്‍ ബുദ്ധമതത്തില്‍ ചേര്‍ന്നു. അവിടെ വച്ചാണ് ഞാന്‍ ടിബറ്റിന് മേലുളള ചൈനീസ് സ്വാതന്ത്ര നിഷേധവും, ടിബറ്റിനെ ബുദ്ധരാഷ്ട്രമാക്കാനുളള ബുദ്ധഭിഷുക്കളുടെ സമരവീര്യത്തിന്റേയും ആഴമറിയുന്നത്. ഒരു മതം രാഷ്ട്രമതം ആകുമ്പോള്‍ അതിന്റെ തകര്‍ച്ചയാണ് ആരംഭിക്കുന്നത്. മതം അപ്പോള്‍ മര്‍ദ്ദനോപകരണമാണ്. വിശ്വാസികള്‍ അല്ലാത്തവരെ ഭയപ്പെടുത്തി വിശ്വാസികളാക്കുന്ന മര്‍ദ്ദനോപകരണം. ബുദ്ധമതം അത് അശോക ചക്രവര്‍ത്തിയുടെ കാലത്തും, ശ്രീലങ്കന്‍ ബുദ്ധമതം രാഷ്ട്രമതമായപ്പോഴും ചെയ്യതു……”
അയാള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
അയാളില്‍ ജ്ഞാനത്തിന്റെ പരപ്പില്‍ ഉറവകൊണ്ട ബോധത്തിന്റെ ചൈതന്യം ടോണി കണ്ടു. കണിഫറസ്സ് മരത്തിന്റെ ഇലകളില്‍ കാറ്റ് പിടിച്ചു. കാറ്റ് കൊടുങ്കാറ്റായി. കൊടും കാറ്റില്‍ പാറിവന്ന കാഴ്ചകളില്‍ അവന്‍ വെളളാരം കല്ല് വിരിച്ച പുഴ കണ്ടു. പുഴയിലെ തെളിനീര് ബോധോദയത്തിന്റെ വിശുദ്ധി ഉണ്ടായിരുന്നു. അവസാനം ഒരു ശാന്തതയാണ്. തിരിച്ചറിവിന്റെ ശാന്തത. ടോണി തിരിച്ചു വന്നപ്പോള്‍ റൊസാരിയോ എണീറ്റ് എന്തോ നഷ്ടപ്പെട്ട കൊച്ചുകുട്ടിയെപ്പോലെ എല്ലായിടത്തും പരതുകയാണ്.
“എന്താ അന്വേഷിക്കുന്നത്?”
“എന്റെ ചുരുട്ട് എന്തിയേ?”
“അത് മുഴുവന്‍ നനഞ്ഞിട്ട് ഞാന്‍ നെരിപോടിന് പുറകില്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ എങ്ങനെയുണ്ട് കാലിന്?”
“വേദന കുറവുണ്ട്. ലിസയുടെ കാര്യം സ്വാമിയോട് ചോദിച്ചോ?”
റോസാരിയോയില്‍ ആകാംക്ഷ നിറഞ്ഞു.
“ലിസ ഇവിടെ തന്നെയാ താമസിക്കുന്നത്. പക്ഷേ”
റോസാരിയോ ആശങ്കപ്പെട്ടു.
“അവള്‍ ഇപ്പോള്‍ അന്ധയാണ്.” റൊസാരിയോയുടെ മുഖം വാടി. അയാളെ നിശബ്ദത പിടികൂടി.
അല്പസമയം കഴിഞ്ഞ് അയാള്‍ ചുരുട്ടിന് തീ കൊളുത്തി ആഞ്ഞു വലിച്ച് ആരോടോ ദേഷ്യം തീര്‍ത്തു.
ഭക്ഷണം വിളമ്പുന്നതിനിടയില്‍ സന്യാസി പറഞ്ഞു:
“ഇവിടെ കൊലചെയ്യപ്പെട്ട മൃതശരീരങ്ങളൊന്നും പ്രതീക്ഷിക്കരുത്.”
“മൃതശരീരമോ?”
സ്വാമിയുടെ വാക്കു കേട്ട് റൊസാരിയോ പൊട്ടിച്ചിരിച്ചു.
“അതെ, കൊലപാതകശാലകളില്‍ ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെട്ട് കഴുത്തറുത്തതും, ശ്വാസം മുട്ടിച്ചും അല്ലാതെയും കൊലചെയ്യപ്പെട്ട മിണ്ടാപ്രാണികളുടെ മൃതശരീരം.”
റോസാരിയോ മറുപടിയൊന്നും പറയാതെ നിശബ്ദനായി വിശപ്പിന്റെ കാഠിന്യത്തില്‍ ഭക്ഷണം മുഴുവന്‍ കഴിച്ചു തീര്‍ത്തു.
“സ്വാമി പറഞ്ഞത് ഒരു തരത്തില്‍ ശരിയാണ്. ഞാന്‍ ഇതുവരെയും അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. മാംസം വേണമെങ്കില്‍ വേണ്ടെന്ന് വയ്ക്കാം. പക്ഷേ മരിജ്യുവാനയില്ലാതെ ജീവിക്കാന്‍ പറ്റില്ല. അതില്ലെങ്കിലെനിക്ക് ഭ്രാന്ത് പിടിക്കും.”
“മരിജ്യുവാന നിങ്ങള്‍ക്കൊരു താത്കാലിക താവളമാണ്. പലതില്‍ നിന്നും ഓടിയൊളിക്കാനുളള ഒരു മറ അല്ലേ?”
തന്റെ മനസ്സ് വായിച്ചതുപോലെയുളള സന്യാസിയുടെ വാക്കുകള്‍ കേട്ട് റൊസാരിയോ തല കുമ്പിട്ടു.
“സത്യമാണ്. ലഹരിയെനിക്ക് ഭ്രാന്ത് പിടിപ്പിക്കുന്ന ഭൂതകാലത്തില്‍ നിന്നുളള ഒളിച്ചോട്ടമാണ്. അതില്ലെങ്കില്‍ ദുരന്താത്മകമായ ഭൂതകാലം എന്നെ പിച്ചി ചീന്തും.”
റോസാരിയോ മനസ്സില്‍ ഉരുണ്ടുകൂടി വന്ന വിഭ്രാന്തികളുടെ അലകളെ അടക്കി നിര്‍ത്താന്‍ പാടുപെട്ടു.
“സ്വാമിയോട് എല്ലാം ഞാന്‍ പിന്നെ വിശദമായി പറയാം.”
അവര്‍ മലഞ്ചെരുവിലൂടെ ലിസയുടെ വീട്ടിലേക്ക് നടക്കുമ്പോള്‍ ചുറ്റിലും കൂട്ടമായി നില്‍ക്കുന്ന ആര്‍റ്റിമിഷിയ പൂക്കളെ ചൂണ്ടികാട്ടികൊണ്ട് സ്വാമി പറഞ്ഞു:
“ഈ പൂക്കള്‍ ആല്പസിന്റെ സിംബലാണ്. ഇവിടുത്തെ ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഈ പൂക്കള്‍ ഗ്രീക്ക് ദേവതയായ ആര്‍റ്റിമിസ് ആല്‍പ്‌സിന്റെ സൗന്ദര്യത്തില്‍ മതിമറന്ന് വരമായി കൊടുത്തതാണെന്നാണ്.”
തൊട്ടടുത്ത ഉയര്‍ന്ന പാറക്കൂട്ടങ്ങള്‍ക്ക് മുകളിലിരുന്ന് ഒരു സ്വര്‍ണ്ണ പരുന്ത് തന്റെ വളഞ്ഞ് കൂര്‍ത്ത ചുണ്ട് പാറയുടെ അഗ്രത്തിലിട്ട് കരയുന്നത് കണ്ട് സ്വാമി പറഞ്ഞു:
“പാവം അത് ചുണ്ട് പാറയിലിട്ടടിച്ച് പറിച്ച് കളഞ്ഞ് വാര്‍ദ്ധക്യത്തെ അതിജീവിക്കുകയാണ്. അതിന് മുമ്പില്‍ ഇനി രണ്ടു വഴികളേയുളളൂ. ഒന്നുകില്‍ സ്വയം വാര്‍ദ്ധക്യം ഏറ്റു വാങ്ങി ചിറക് കൊഴിഞ്ഞ് മരിക്കുക. അല്ലെങ്കില്‍ ജരാനര ബാധിച്ച തൂവലും ചുണ്ടും കൊടും വേദന സഹിച്ച് പറച്ച് കളഞ്ഞ് വീണ്ടും പുനര്‍ജ്ജനിക്കുക. എത്രയോ മിണ്ടാപ്രാണികളെ ഇത് ജീവിതത്തില്‍ ഭക്ഷണത്തിനുവേണ്ടി ക്രൂരമായി കൊന്നൊടുക്കി. എന്നിട്ടിപ്പോള്‍ ശരീരത്തില്‍ നിന്നും പച്ച മാംസം പറിച്ചെറിയുമ്പോഴത്തെ വേദന സ്വയം അനുഭവിക്കുകയാണ്.”
ടോണി ആ കാഴ്ച കണ്‍മുമ്പില്‍ നിന്ന് മറയുന്നതുവരെ തിരിഞ്ഞു നോക്കികൊണ്ട് നടന്നു. കുറ്റബോധത്തോടെയുളള ആ പരുന്തിന്റെ സ്വയം പീഡനത്തിന്റെ നിലവിളി താഴ്‌വരകളില്‍ നിന്ന് താഴ്‌വരകളിലേക്ക് അലയടിക്കുകയാണ്. അവര്‍ നടന്ന് ലിസയുടെ വീടിന് അടുത്തെത്തിയപ്പോള്‍ സ്വാമി പറഞ്ഞു:
“ഞാന്‍ വരുന്നില്ല. നിങ്ങള്‍ ചെല്ല്. എനിക്ക് തിരിച്ചു ചെന്നിട്ട് ഒരുപാട് ജോലികളുണ്ട്.”
റോസാരിയോയുടെ കൈ പിടിച്ചപ്പോള്‍ അയാളുടെ ഹൃദയമിടിപ്പിന്റെ ആഴം ടോണി അറിഞ്ഞു.
“വീണ്ടും ആ പഴയ സഭാകമ്പമാണല്ലേ” അയാള്‍ ചിരിച്ചുകൊണ്ട് ടോണിയെ നോക്കി. ടോണി കോളിംങ്ങ് ബെല്ലില്‍ വിരലമര്‍ത്തിയിട്ട് കാത്ത് നിന്നു. നീലകണ്ണുകളും, സ്വര്‍ണ്ണനിറമുളള പിന്നിയൊതുക്കിയ മുടിയുമായി, കാഴ്ചയില്‍ പത്തോ അതില്‍ കൂടുതലോ പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി വന്ന് വാതില്‍ തുറന്നു.
“ആരാ”
“ലിസയുടെ വീടല്ലേയിത്.”
“അതെ. നിങ്ങളാരാ”
ടോണി റൊസാരിയോയെ ചൂണ്ടിയിട്ട് പറഞ്ഞു:
“ഇത് ലിസയുടെ ഒരു പഴയ സുഹൃത്താണ്.”
“ഗ്രാന്റ് മാ…”
അവള്‍ അകത്തേക്ക് ഓടിപോയിട്ട് അല്പസമയം കഴിഞ്ഞ് തിരിച്ചു വന്നു.
“കയറിവരാന്‍ പറഞ്ഞു”
അവര്‍ അകത്തേക്ക് കയറി ചെന്നപ്പോള്‍ ഒരും ആം ചെയറില്‍ മുടി നരച്ച്, മുഖത്ത് നിറയെ നിറയെ ചുളിവുകള്‍ വീണ ഒരു വൃദ്ധയായ സ്ത്രീ ഇരിക്കുന്നു. അവരുടെ അന്ധതയും, വാര്‍ദ്ധക്യവും തളരാത്ത മനോഹരമായ വെളളാരം കണ്ണുകള്‍ കണ്ടപ്പോള്‍ ടോണി ഉറപ്പിച്ചു ഇത് ലിസ തന്നെ.
“ആരാ”
റോസാരിയോ പതുക്കെ അടുത്ത് ചെന്നിട്ട് പറഞ്ഞു:
“ഞാനാ റൊസാരിയോ”
ആ മറുപടി അവരുടെയുളളില്‍ വികാരവിക്ഷോഭത്തിന്റെ വലിയ കൊടുങ്കാറ്റുണ്ടാക്കി.
“റോസാരിയോ….?”
അവരുടെ വാക്കുകള്‍ ഇടറി. കണ്ണുകള്‍ നിറഞ്ഞൊഴുകി. അല്പനേരം നിലതെറ്റി വികാരങ്ങളുടെ ചുഴിയില്‍ കറങ്ങി തിരിച്ചു വന്ന് മനസ്സില്‍ നിന്ന് എന്തോ അവര്‍ ഓര്‍ത്തെടുത്തു:
നോ റ്റി ക്യൂയിറോ പെര്‍ഡര്‍
ക്യൂ ലാ ഡിസ്റ്റന്‍സിയ സി
ഡിവോറ ന്യൂയിസ്ത്രാ മിയില്‍…
അതുകേട്ട് റൊസാരിയോ വികാരാധീനനായി അവരുടെ കൈയ്യില്‍ പിടിച്ചിട്ട് പറഞ്ഞു:
എനിക്ക് നിന്നെ നഷ്ടപ്പെടാന്‍ കഴിയില്ല. ദൂരം നമ്മുടെ സ്‌നേഹത്തെ വിഴുങ്ങി വിശ്വാസം നഷ്ടപ്പെടുത്തും. 
“ഇപ്പോഴും നീ ആ പാട്ട് മറന്നില്ലല്ലേ”
“അങ്ങനെ മറക്കാന്‍ കഴിയില്ലല്ലോ. എന്റെ കണ്ണുകള്‍ക്കേ അന്ധത ബാധിച്ചിട്ടുളളൂ. മനസ്സിപ്പോഴും ചെറുപ്പമാണ്.”
വീണ്ടും അവര്‍ക്കിടയില്‍ മൗനം പിടികൂടി.
അല്ല അവര്‍ മൗനത്തിലൂടെ സഞ്ചരിച്ചു.
“കൂടെയുളളത് മകനാണോ?”
“അല്ല. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ഇന്റെ ഒരു സുഹൃത്താണ്. മറ്റൊരര്‍തത്ഥത്തില്‍ പറഞ്ഞാല്‍ മകന്‍ തന്നെ”
ആ ഉത്തരം അവളെ വേദനിപ്പിച്ചു.
“എന്തേ ഒന്നും വേണ്ടാന്ന് തോന്നി”
അല്പനേരത്തെ മൗനത്തിനുശേഷം ഉത്തരം:
“ഒന്നുമില്ല.”
ടോണി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ പ്രസവിച്ച് മാശില്‍ കുളിച്ച് കിടക്കുന്ന ആട്ടിന്‍കുട്ടിയെ സ്വാമി തുടച്ച് വൃത്തിയാക്കികൊണ്ടിരിക്കുകയായിരുന്നു.
“അങ്ങനെയീ ലോകത്ത് പുതിയൊരു അവകാശി കൂടിയായി.”
ആശങ്കമുറ്റിയ കണ്ണുകളോടെ കരഞ്ഞുകൊണ്ട് പുതിയലോകത്തെ നോക്കുന്ന ആട്ടിന്‍ക്കുട്ടിയെ അവന്‍ നോക്കി നിന്നു. തളളയാട് അതിന്റെ മുഖത്ത് നക്കിയിട്ട് സ്‌നേഹവും, സംരക്ഷണവും അറിയിച്ചു. ടോണി സ്വാമിയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ മേടിച്ച് നെഞ്ചോട് ചേര്‍ത്ത് വച്ചു. അതിന്റെ ചുണ്ടത്തും മുഖം ചേര്‍ത്ത് പിടിച്ചപ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് അറവുകത്തിക്ക് മുന്നില്‍ കരയുന്ന ആ പഴയ കേഴമാനിന്റെ മുഖം കടന്നുവന്നു.
“എന്നോട് ക്ഷമിക്ക് എന്റെ കണ്‍മുന്നില്‍ വച്ച് നിന്റെ കഴുത്തറത്തിട്ടും എനിക്ക് നിന്നെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ.”
ടോണി ആട്ടിന്‍കുട്ടിയെകൊണ്ട് തളളയാടിന്റെ മുലകുടിപ്പിക്കുന്നതു കണ്ടുകൊണ്ട് റൊസാരിയോ അവിടേക്ക് വന്നു.
“നീ ഇവിടെ വന്നതില്‍ പിന്നെ മൃഗങ്ങളുടെ കൂടെ തന്നെയാണല്ലോ. മൃഗസ്‌നേഹം കുറച്ചു കൂടിയതുപോലെ.”
“അതൊരു തിരിച്ചറിവായി കണ്ടാല്‍ മതി.”
സുന്ദരികളായ ആടുകളെ പ്രേമിച്ച് ഇണ ചേരാനുളള ഒരു മുട്ടനാടിന്റെ ലീലാവിലാസങ്ങള്‍ കണ്ട് റൊസാരിയോ ടോണിയുടെ ശ്രദ്ധ അവിടേക്ക് ക്ഷണിച്ചു.
അവന്‍ എത്ര ശ്രമം നടത്തിയിട്ടും തങ്ങള്‍ക്ക് യാതൊരു താല്‍പര്യവും ഇല്ലാത്ത ഭാവത്തില്‍ അവരൊന്നും അവനെ തിരിഞ്ഞുപോലും നോക്കിയില്ല. അവന്‍ നിരാശനായി പുല്ല് പറിച്ച് തിന്ന് ഒതുങ്ങി കൂടി.
“സാരമില്ലടാ പോട്ടെ. അവര്‍ക്ക് താല്‍പര്യമില്ല. പിന്നെയെന്തു ചെയ്യാനാ”
റോസാരിയോ അവനെ കൈയില്‍ എടുത്ത് പിടിച്ച് തലോടി ആശ്വസിപ്പിച്ചു.
“മൃഗങ്ങള്‍ക്ക് ആ ഒരു കാര്യത്തില്‍ ധാര്‍മികതയുണ്ട്. ഒരു മൃഗവും ഒരിക്കലും മറ്റൊരു മൃഗത്തെ അനുവാദമില്ലാതെ വേദനിപ്പിച്ച് സെക്‌സ് ചെയ്യില്ല. മനുഷ്യന്‍ മാത്രമേ സെക്‌സിനുവേണ്ടി മറ്റൊരു മനുഷ്യനെ പീഡിപ്പിക്കുകയുളളൂ.”
“അത് ഇനിയും മനുഷ്യര്‍ മൃഗങ്ങളില്‍ നിന്ന്  പഠിക്കേണ്ടിയിരിക്കുന്നു.”
റോസാരിയോ മുട്ടനാടിനെ തിരിച്ച് ആട്ടിന്‍കൂട്ടത്തില്‍ വിട്ടു. അവന്‍ ഓടി സുന്ദരികളുടെ അടുത്ത് പോയി തൊട്ട് തഴുകി കുശലം പറഞ്ഞു കൊണ്ടിരുന്നു.
“ടോണി എനിക്കിവിടെ നന്നേ ഇഷ്ടപ്പെട്ടു. നമുക്ക് ഉടനെയൊന്നും ഇവിടുന്ന് പോകണ്ട. ലിസ ഉളളതുകൊണ്ട് മാത്രമല്ല. എനിക്കെന്തോ ഈ പ്രകൃതിയും, മൃഗങ്ങളും ഇഴുകി ചേര്‍ന്നുളള ജീവിതം വല്ലാത്തൊരു ആന്തരിക അനുഭൂതി തരുന്നു. എനിക്കിപ്പോള്‍ ചുരുട്ട് വേണമെന്നില്ല. മാംസാഹാരം ഞാന്‍ പാടെ ഉപേക്ഷിച്ചു.”
ടോണി റൊസാരിയോയെ നോക്കി. അയാളുടെ മുഖത്ത് മുന്‍പൊന്നും കണ്ടിട്ടില്ലാത്ത ഒരുശാന്തത നിറഞ്ഞ് നില്‍ക്കുന്നു. തൊട്ടടുത്ത ഒരു ഉയര്‍ന്ന കണിഫറസ്മരത്തിന്റെ ചില്ലയില്‍ നിന്ന് പക്ഷികളുടെ ഉച്ചത്തിലുളള കലമ്പല്‍ കേട്ട് അവന്‍ അവിടേക്ക് നോക്കി. തളള പക്ഷികുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവുമാമായി വന്നതിന്റെ കലപിലയാണ്. തളള പക്ഷികളുടെ സ്‌നേഹ പ്രകടനം കണ്ട് ടോണി പറഞ്ഞു:
“ആ തളള പക്ഷി എത്ര കരുതലോടടെയാണ് ആ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. എന്നിട്ട്അവര്‍ അമ്മയെ ഉപേക്ഷിച്ച് എന്നെന്നേയ്ക്കുമായി പറന്ന് പോകും. പിന്നെ ഒരിക്കലും അമ്മയെകാണുകയോ, അമ്മയയെക്കുറിച്ച് ചിന്തിക്കാറോ പോലുമില്ല.”
“ശരിയാണ് ഞാന്‍ കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ പറക്ക പറ്റി പറന്ന് പോയാലുംതളള പക്ഷി കുഞ്ഞുങ്ങളുടെ ചൂടുമാറാത്ത കൂട്ടില്‍ അവരുടെ ചൂട് പറ്റി അവര്‍ പറന്ന് പോയവഴിയും നോക്കികിടക്കുമത്രെ”
റോസാരിയോയുടടെകണ്ണുകള്‍ നിറഞ്ഞൊഴുകി. ഹൃദയത്തിലെവിങ്ങല്‍ പൊട്ടിക്കരച്ചിലായിമാറി.
“എന്തു പറ്റിറൊസാരിയോ?”
“ഞാന്‍ എന്റെ അമ്മയയെക്കുറിച്ച് ഓര്‍ത്തുപോയി.എന്റെ അമ്മയ്ക്ക് എന്നോട്‌വല്ലാത്ത സ്‌നേഹമായിരുന്നു.”
റൊസാരിയോ കരച്ചിലല്‍ അടക്കിയിട്ട് ടോണിയുടെകൈ പിടിച്ചിട്ട് പറഞ്ഞു:
“എനിക്ക് എന്റെ അമ്മയുടെ ശവകുടീരത്തില്‍ മെഴുകുതിരികത്തിച്ച് ഒന്ന് പ്രാര്‍ത്ഥിക്കണം. ഒറ്റതവണ. എന്നാലെ എനിക്ക്‌ സമാധാനം കിട്ടുകയുളളൂ”
ടോണിറൊസാരിയോയെ സാന്ത്വനിപ്പിച്ചുകൊണ്ട് പറഞ്ഞു:
“ഞാന്‍ ഉണ്ട്കൂടടെ നമുക്ക് പോകാം.”
ഉച്ച മയക്കത്തിലായിരുന്ന കണിഫറസ്സ്മരത്തിന്റെ ഇലകളില്‍ ഒരു പതിഞ്ഞ കാറ്റുവീശി.
റോസാരിയോ വികാരധീനനായി ടോണിയെ കെട്ടി പിടിച്ചു.
“നീ എന്തിനാണ് എന്നെ ഇത്രയധികം സ്‌നേഹിക്കുന്നത്.”
“ഇതെന്റെ കടമയാണെന്ന് കരുതിയാല്‍മതി.”
അവര്‍ ടിജ്യുവാന എയര്‍പോര്‍ട്ടി്ല്‍ വിമാനം ഇറങ്ങി, നീണ്ട കോറിഡോറിലൂടെ പുറത്തേക്ക് നടന്നു. വീണ്ടും പഴയ ഓര്‍മ്മകളിലേക്കു മടങ്ങാന്‍ റൊസാരിയോ തയ്യാറെടുത്തു.
“കുറേവര്‍ഷങ്ങള്‍ക്കുമുമ്പ് പുതിയ മനുഷ്യനാകാന്‍ ഇവിടുന്ന് വിമാനം കയറിയതാണ്. ഇപ്പോഴീ വാര്‍ദ്ധക്യത്തില്‍ പുതിയരൂപത്തില്‍ വരുമ്പോഴും എനിക്കെല്ലാംഇന്നലെകഴിഞ്ഞതു പോലെതോനുന്നു.”
അവര്‍ നഗരത്തിന്റെഹൃദയഭാഗത്ത്ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പളളിയുടെ മുമ്പില്‍ ടാക്‌സിഇറങ്ങി.
“ചെറുപ്പത്തിലെപ്പോഴും ഞാന്‍ വിശുദ്ധകുറുപാനയ്ക്ക്‌വരാറുണ്ടായിരുന്ന പളളിയാണിത്.”
അവര്‍ നടന്ന്‌ സെമിത്തേരിയില്‍ അമ്മയുടെ ശവകുടീരത്തിന് മുമ്പില്‍ എത്തി. റൊസാരിയോ പോക്കറ്റില്‍ കരുതിവച്ചിരുന്ന മെഴുക്തിരിഎടുത്ത്കത്തിച്ച്, മുട്ടുകുത്തി കല്ലറയിലേക്ക് തല കുമ്പിട്ട് ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരയാന്‍തുടങ്ങി.
മനസ്സില്‍ ഉരുണ്ടുകൂടികിടന്ന ദുഃഖവും, സ്‌നേഹവും, പരിഭവുമൊക്കെ കരഞ്ഞ്തീര്‍ത്ത് മനസ്സിനെ ശാന്തമാക്കിഎണീറ്റു.
“പോകാം”
ടോണി നിശ്ബദനായി അയാളെ അനുഗമിച്ചു. അവര്‍ നടന്ന് ഒരു പഴയ വീടിനു മുമ്പിലെത്തി.
“ഇതാണ് എന്റെ വീട്. ഇപ്പോഴിവിടെ വേറെയാരോ ആണ് താമസിക്കുന്നത്. ഈ മുറ്റത്തും തൊടിയിലുമൊക്കെ ഞാനും ജൂലിയയും, കുറേ ഓടി കളിച്ചതാണ്.”
തൊടിയില്‍ പ്രതീക്ഷിച്ചത് എന്തോ കാണാനില്ലാത്തതുപോലെ അയാള്‍ ചുറ്റിലും നോക്കി.
“ഇവിടെയൊരു ദേവദാരു ഉണ്ടായിരുന്നു. അതാരോ മുറിച്ചു കളഞ്ഞിരിക്കുന്നു. അമ്മയടിക്കാന്‍ ഓടി വരുമ്പോള്‍ ഞാനോടി അതിന്റെ തുഞ്ചത്ത് കയറുമായിരുന്നു”
വീടിനരികിലെ തിരക്ക് പിടിച്ച റോഡിലേക്ക് കയറിയപ്പോള്‍ റൊസാരിയോ പറഞ്ഞു:
“ഇവിടെയാണ് എന്റെയമ്മ വെടിയേറ്റ് രക്തം വാര്‍ന്ന് മരിച്ചുകിടന്നത്.”
അയാള്‍ നിറകണ്ണുകളോടെ നിലത്ത് കുത്തിയിരുന്ന് ഒരു നിമിഷം റോഡില്‍ മെല്ലെ തലോടി. അവര്‍ ടാക്‌സിയില്‍ നഗരത്തിലെ ട്രാഫിക്കില്‍ കുരുങ്ങി കിടക്കുമ്പോള്‍ ഡ്രൈവര്‍ പറഞ്ഞു:
“റോഡിലാരോ മരിച്ചു കിടപ്പുണ്ട്. ഏതോ മയക്കുമരുന്ന് മാഫിയക്കാര്‍ തട്ടിയതാ.”
“പുതിയ തലമുറ പഴയ തലമുറയില്‍ നിന്ന് അക്രമവും കൊലപാതകവും ഏറ്റെടുത്തു എന്നല്ലാതെ ടിജ്യുവാന ഇപ്പോഴും ഞാന്‍ പണ്ട് ഉണ്ടായിരുന്ന കാലത്തെ പോലെ തന്നെയാണ്. സ്വാതന്ത്ര്യമെന്നത് ഒരു മരീചിക മാത്രമാണ്. മാഫിയകള്‍ കൊല്ലുകയും, വളര്‍ത്തുകയും ചെയ്യുന്ന നഗരം.”
കാര്‍ ശവകുടീരത്തിനരികിലൂടെ പോയപ്പോല്‍ ടോണി അയാളെ സൂക്ഷിച്ചു നോക്കി. ശരീരത്ത് നിറയെ മുറിവുകളുമായി, ചോരയില്‍ കുളിച്ച് ഈച്ചകള്‍ കാവല്‍ നില്‍ക്കുന്നു. പോലീസുകാര്‍ കാഴ്ചക്കാരെപോലെ മരിച്ചവനെക്കുറിച്ച് ചര്‍ച്ച നടത്തി കളിക്കുന്നു. ശവത്തിന്റെ വിവിധ ഭാഗങ്ങള്‍ പച്ചയോടെ ഒപ്പിയെടുക്കാന്‍ മൊബൈല്‍ കണ്ണുകള്‍ മത്സരിക്കുന്നു. അവിടെ ഒരു കൊലപാതകത്തിന്റെ ആഘോഷം നടക്കുകയാണ്.
ടാക്‌സി നഗരത്തിലെയൊരു ഉള്‍പ്രദേശത്ത് നിര്‍ത്തിയിട്ട് ഡ്രൈവര്‍ പറഞ്ഞു:
“ഇനിയും മുന്നോട്ട് പോകാന്‍ അനുവാദമില്ല.”
അവര്‍ നടന്ന് ചുറ്റിലും കമ്പിവേലികൊണ്ട് തിരിച്ച് പൂട്ടിയിരിക്കുന്ന ഒരു വെളിമ്പ്രദേശത്ത് എത്തി.
“ഇവിടെയാണ് മയക്കുമരുന്ന് മാഫിയകള്‍ മുന്നൂറോളം ശവശരീരങ്ങള്‍ കോസ്റ്റിക് സോഡയില്‍ മുക്കി അലിയിപ്പിച്ച് കളഞ്ഞത്. ഇവിടെയെവിടെയോ എന്റെ ജൂലിയായും അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്.”
റൊസാരിയോ കമ്പിവേലികള്‍ക്ക് ഉളളിലൂടെ കൈയ്യിട്ട് ഉച്ചത്തില്‍ വിളിച്ചു:
“ജൂലിയ, എന്റെ ജൂലിയ നീ എവിടെയാ…….”
ആ നിലവിളി പ്രപഞ്ചധാതുക്കളില്‍ മുഴുവന്‍ അല തല്ലി. ആകാശം ഇരുണ്ടു വന്നു. അസ്വസ്തമായ ഭൂമിയുടെ ഒരു കോശവും മഴയ്ക്ക് കൊതിച്ചു. മനോനില തെറ്റിയതുപോലെ റൊസാരിയോ കമ്പി വേലി പിടിച്ചു കുലുക്കിയപ്പോള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ അയാളെ പിടിച്ചു മാറ്റി.
“റോസാരിയോ മതി നമുക്ക് പോകാം.”
ടോണി റോസാരിയോയെ സമാധാനിപ്പിച്ച്, താങ്ങി പിടിച്ച് ടാക്‌സിയില്‍ കയറ്റി.
മടക്കയാത്രയില്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ ഗ്ലാസ്സിലൂടെ മനസ്സ് ഇപ്പോഴും ആ നഗരത്തില്‍ കുടുങ്ങികിടക്കുന്നതു പോലെ തിരിഞ്ഞു നോക്കികൊണ്ടിരുന്നു. റൊസാരിയോയ്ക്ക് അറിയാം ഇനിയൊരു മടങ്ങി വരവ് ഉണ്ടാവില്ലെന്ന്.
തിരിച്ച് ജിംവാള്‍ഡില്‍ എത്തിയപ്പോള്‍ റൊസാരിയോ ലിസിയോട് രാത്രി വൈകും വരെ യാത്രയുടെ വിശേഷങ്ങള്‍ പറഞ്ഞ് ഇരുന്നു. ഇടയ്ക്ക് അയാള്‍ ടോണിയെ ഓര്‍മ്മിപ്പിച്ചു:
“നീ യാത്ര ചെയ്ത് മടുത്തല്ലേ പോയി കിടന്ന് ഉറങ്ങിക്കോ. ഞാന്‍ കുറച്ച് കഴിഞ്ഞേ വരുന്നുളളൂ.”
എപ്പോഴാണ് റൊസാരിയോ വന്ന് കിടന്നതെന്ന് ഓര്‍മ്മയില്ല. നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നതിനാല്‍ താന്‍ ഒന്നുമറിയാതെ നന്നായി ഉറങ്ങി. സാധാരണ എഴുന്നേല്‍ക്കുന്ന സമയമായിട്ടും റൊസാരിയോയെ കാണാഞ്ഞ് ടോണി അയാളുടെ മുറിയിലേക്ക് കയറി ചെന്നു.
“റോസാരിയോ എണീക്ക് നേരം ഉച്ചയാകാറായി.”
റോസാരിയോ ഒന്നുമറിയാത്തതുപോലെ കിടന്നു.
റൊസാരിയോയുടെ കൈതണ്ടയില്‍ തൊട്ടപ്പോള്‍ ടോണിയുടെ ഹൃദയത്തിലൂടെ ഒരു ഇടിമിന്നല്‍ പാഞ്ഞു.
“എന്ത് പറ്റി ടോണി ?”
സന്യാസി ആശങ്കയോടെ വാതില്‍ക്കല്‍ വന്ന് ചോദിച്ചു.
“റൊസാരിയോ”
അവന്റെ തൊണ്ട ഇടറി. അവന്‍ പറഞ്ഞ് മുഴുവിപ്പിക്കാതെ റൊസാരിയോയുടെ നെഞ്ചില്‍ തല വച്ച് വിതുമ്പി.
സംസ്‌ക്കാരം കഴിഞ്ഞ് എല്ലാവരും മടങ്ങിയിട്ടും ടോണി ആ കുന്നിന്‍ ചരിവിലെ സെമിത്തേരിയില്‍ റൊസാരിയോയുടെ പിന്‍വാങ്ങാന്‍ ഉള്‍ക്കൊളളാന്‍ കഴിയാതെ ഇരുന്നു. റൊസാരിയോ പ്രകൃതിയിലേക്ക് മടങ്ങി. അല്ല പ്രകൃതി റൊസാരിയോയെ തിരിച്ച് വിളിച്ചു.
“ടോണി ചില വഴികള്‍ അങ്ങനെയാണ്. നമ്മള്‍ ഒറ്റയ്ക്ക് തന്നെ നടന്നേ മതിയാവൂ.”
“എങ്കിലും….”
അവന്റെ വാക്കുകള്‍ ഇടറി.
കണിഫറസിന്റെ ഇലകളില്‍ കാറ്റു പിടിച്ചു. കാറ്റിന് ശക്തി കൂടി വന്നു.
“ടോണി വാ നമുക്ക് വീട്ടില്‍ പോകാം.”
തിരിഞ്ഞു നോക്കിയപ്പോള്‍ സന്യാസി തൊട്ടുപുറകില്‍. സന്യാസി ടോണിയെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയി. റൊസാരിയോയുടെ വസ്ത്രങ്ങളൊക്കെ അടുക്കി വയ്ക്കുന്നതിനിടയില്‍ ഒരു ഡയറി ടോണിയുടെ കണ്ണില്‍പ്പെട്ടു. അതില്‍ അവസാനമായി എഴുതി പൂര്‍ത്തിയാക്കാത്ത വാക്കുകളിലൂടെ ടോണി കണ്ണോടിച്ചു.:
നീയെനിക്ക് മരുഭൂമിയിലെ നീരുറവയാണ്.
നീയില്ലായിരുന്നെങ്കില്‍ ഞാന്‍ തീയില്‍ വെന്ത് തീരുമായിരുന്നു.
നന്ദി എന്റെ കൈ പിടിച്ചതിന്.
നന്ദി എന്റെ ദാഹത്തിലേക്ക് തെളിനീര്‍ ഇറ്റിയതിന്…
അവന്റെ കണ്ണുകള്‍ നിറഞ്ഞു.
ഒരു തുളളി കണ്ണു നീര്‍ അവന്റെ ഹൃദയത്തില്‍ നിന്ന് അടര്‍ന്നു വീണ് ആ വരികളെ നനച്ചു. ടോണി പുറപ്പെടാന്‍ തയ്യാറെടുക്കുന്നത് കണ്ട് സന്യാസി ചോദിച്ചു:
“നീ തിരിച്ച് നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചോ?”
“ഉം, റോസാരിയോ ആയിരുന്നു എന്നെയിവിടെ പിടിച്ചു നിറുത്തിയ ഏക ഘടകം. ഇന്ന് റൊസാരിയോ കൂടെയില്ല. ഇനിയെനിക്ക് പോയെ പറ്റൂ.”
“പോയാല്‍ വീണ്ടും എന്നെങ്കിലുമൊരിക്കല്‍ ഞങ്ങളെ കാണാന്‍ വരില്ലേ”
“ഞാന്‍ വരും”
ടോണി യാത്ര പറഞ്ഞ് ഇറങ്ങിയപ്പോള്‍ സ്വാമി ഓര്‍മ്മപ്പെടുത്തി.
“പോകുമ്പോള്‍ ലിസിയെ കണ്ട് യാത്ര പറയാന്‍ മറക്കരുത്.”
“ഞാനവിടെ പോയിട്ടെ പോകൂ”
കണിഫറസ് മരങ്ങളില്‍ കാറ്റ് വീശി. പക്ഷിക്കൂട്ടില്‍ വീണ്ടും കലമ്പല്‍ തുടങ്ങി. തീറ്റ തേടിപ്പോയ തളള പക്ഷി ഇനിയും മടങ്ങി വന്നിട്ടില്ല. ടോണി കോഴിക്കോട് വിമാനം ഇറങ്ങി. മാനം അടുത്ത മഴയ്ക്ക് വട്ടം കൂട്ടി. മനുഷ്യര്‍ മഴ വരുന്നത് കണ്ട് കടന്നല്‍കൂട്ടില്‍ കല്ലെറിഞ്ഞതുപ്പോലെ ആകാശത്തിന് കീഴില്‍ മേല്‍ക്കൂര തേടി നാലുപാടും ഓടി. മഴയെ കൂസാതെ തെരുവു നായ്ക്കള്‍ കല്ലേറ് ഒഴിഞ്ഞ സമയം നോക്കി എച്ചില്‍കൂമ്പാരത്തില്‍ കണ്ണും നട്ട് നടന്നു. പാവം അവര്‍ക്കും ജീവിക്കണ്ടേ?
 വീടിന് മുമ്പിലെത്തി റോഡില്‍ ടാക്‌സിയില്‍ നിന്ന് ലഗേജിറക്കുമ്പോള്‍ കോരിചൊരിയുന്ന മഴ അവനെ പൊതിഞ്ഞു. അവന്‍ മഴയ്ക്ക് കീഴടങ്ങി. മഴ അവന്റെ സിരകളിലൂടെ പാഞ്ഞു.
ടോണി തല തോര്‍ത്തുന്നതിനിടയില്‍ അമ്മ പറഞ്ഞു:
“നിന്നെ ആരോ ഇന്നലെ വിളിച്ചിരുന്നു. പേര് എമിലിയെന്നോ മറ്റെന്നോ ആണ് പറഞ്ഞത്. നീയെല്ലാം നിറുത്തിയിട്ട് നാട്ടിലേക്ക് വരുകയാണെന്ന് പറഞ്ഞപ്പോള്‍ അവള്‍ നിന്നെ കാണാന്‍ അടുത്ത മാസം ഇവിടെ വരുന്നുണ്ടെന്ന് പറഞ്ഞു….”
അമ്മ പറയുന്നതിനിടയില്‍ അവന്റെ ശ്രദ്ധ ഇറക്കം ഇടങ്ങിയ മഴ കവര്‍ന്നെടുത്തു. ഉറഞ്ഞു തുളളി തളര്‍ന്ന തെയ്യത്തെപ്പോലെ മഴ പതുക്കെ പിന്‍വാങ്ങുകയാണ്. ഒരു അനിവാര്യ പിന്‍വാങ്ങല്‍പോലെ. മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ഇലകൂടിനുളളില്‍ പേമാരി കണ്ട് ഭയന്ന് പതുങ്ങിയിരിക്കുന്ന നീര്‍ ഉറുമ്പുകള്‍ മഴതോര്‍ന്നത് കണ്ട് ഒറ്റപ്പെട്ട സംഘങ്ങളായി തീറ്റ തേടിയിറങ്ങി.
“ആരാ മോനേ ആ പെണ്ണ്.”
അവന്‍ കേള്‍ക്കാത്തതു പോലെ ചിന്തയില്‍ മുഴുകി ഇരുന്നപ്പോള്‍ അമ്മ തോളത്ത് തട്ടികൊണ്ട് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു.
“എന്റെയൊരു സുഹൃത്ത്.”
ടോണി പുഴക്കരയില്‍ എത്തിയപ്പോള്‍ മലവെളളത്തില്‍ കലങ്ങി മറഞ്ഞ് പുഴ ഒരു സ്വയം ശുദ്ധീകരണത്തിന്റെ വേഷപകര്‍ച്ചയിലായിരുന്നു. അവന്‍ മഴതുളളികള്‍ പതിഞ്ഞ് കിടക്കുന്ന വെളളാരം കല്ലുകള്‍ക്ക് മുകളില്‍ പുഴ തെളിയുന്നതും കാത്തു കിടന്നു. അവളിലേക്ക് ഇറങ്ങി ചെല്ലാന്‍.

                 അവസാനിച്ചു….

തിരിച്ചറിവുകള്‍(നോവല്‍:  അവസാന ഭാഗം) - ജിന്‍സന്‍ ഇരിട്ടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക