Image

വിചാരവേദിയിലെ വികാര വിചാരങ്ങള്‍ - രാജു മൈലപ്രാ

രാജു മൈലപ്രാ Published on 13 March, 2015
വിചാരവേദിയിലെ വികാര വിചാരങ്ങള്‍ - രാജു മൈലപ്രാ
ആദിയില്‍ പ്രൊഫ. ജോസഫ് ചെറുവേലിയുടെ ഭവനത്തില്‍ ഒരു അക്ഷരശ്ലോക സദസ് കൂടിയിരുന്നു. സാഹിത്യം ഗൗരവമായി എടുത്തിരുന്ന ഒരു പറ്റം ആളുകളാണ് അവിടെ കൂടിയത്. അന്നു മലയാള മാദ്ധ്യമങ്ങളോ, സാഹിത്യ ചരിത്രകാരന്മാരോ നിലവില്ലാതിരുന്നതിനാല്‍ ആ ഒരു കൂട്ടായ്മ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, അങ്ങിനെയൊരു പബ്ലിസിറ്റി നേടുന്നതില്‍ അവിടെ കൂടിയിരുന്നവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല.

കാലങ്ങള്‍ക്കു ശേഷം, പ്രശസ്ത കവി ചെറിയാന്‍ കെ. ചെറിയാന്റെ നേതൃത്വത്തില്‍ 'സാഹീതിസഖ്യം' എന്നൊരു സാഹിത്യാസ്വാദനസംഘം ന്യൂയോര്‍ക്ക് ക്യൂന്‍സിലെ സന്തൂര്‍ റെസ്‌റ്റോറന്റില്‍ മാസത്തില്‍ ഒരു തവണ നടത്തിപ്പോന്നു. രുചികരമായ ഭക്ഷണത്തോടൊപ്പം സാഹിത്യ ചര്‍ച്ചയും- 'ഭസ്മാസുരവും' 'പാലാഴിമഥനവും' തുടങ്ങിയ ഒന്നാന്തരം കവിതകള്‍ എഴുതി അക്കാലത്തെ ആധുനീക കവികളില്‍ മു്ന്‍നിര സ്ഥാനം നേടിയ ആളാണ് ചെറിയാച്ചന്‍.

 അദ്ദേഹം തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ച ഒരു സ്വകാര്യകത്ത് 'കലാകൗമുദി'യില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ ചില പരമാര്‍ശങ്ങള്‍ 'സാഹീതി സഖ്യ' ത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന ചിലരില്‍ വലിയ അതൃപ്തിയുണ്ടാക്കി. അങ്ങിനെ സ്വരച്ചേര്‍ച്ചയില്ലാത്ത ഒരു സംഘടന തുടര്‍ന്നു കൊണ്ടുപോകുന്നതില്‍ ചെറിയാച്ചനു താല്‍പര്യമില്ലാതായി.
പിന്നീടാണ് 'സര്‍ഗ്ഗവേദി' രൂപം പ്രാപിക്കുന്നത്്.  സജീവമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ച് 'സര്‍ഗ്ഗവേദി' അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരുടെ സമ്മേളനവേദിയായി. സര്‍ഗ്ഗവേദി വളര്‍ന്നപ്പോള്‍ ചിലര്‍ സൂപ്പര്‍ നേതാവ് ചമയു
ന്നുണ്ടെന്നും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും ചിലര്‍ക്ക് പരാതിയുണ്ടായി.
അങ്ങിനെ അവര്‍ തങ്ങളുടെ ഭാഗം വാങ്ങി പിരിഞ്ഞ് 'വിചാരവേദിക്ക്' ജന്മം കൊടുത്തു. 'രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ല'- എന്നൊരു ചൊല്ലുണ്ടല്ലോ- സമകാലീക കേരള രാഷ്ട്രീയം തന്നെ ഏറ്റവും മികച്ച ഉദ്ദാഹരണം ഇപ്പോള്‍ സര്‍ഗ്ഗവേദിയിലും വിചാരവേദിയിലും വേര്‍തിരിവില്ലാതെ, ന്യൂയോര്‍ക്കിലും സമീപപ്രദേശങ്ങളിലുമുള്ള സാഹിത്യപ്രേമികള്‍ പങ്കെടുക്കുന്നുണ്ട്.

രണ്ടു കൂട്ടരും നോര്‍ത്ത് അമേരിക്കന്‍ ദേശീയ സാഹിത്യ സംഘടനയുടെ ഭാഗവുമാണ്. ലാനാ യും ദിനംതോറും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അനതി വിദൂര ഭാവിയില്‍ത്തന്നെ ഒരു പിളര്‍പ്പുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.('വളരുന്തോറും പിളരും' എന്നുള്ളതാണല്ലോ നമ്മുടെ ആപ്തവാക്യം). 'വിചാരവേദി' യുടെ ഒരു വേദി ഞാനാദ്യമായി പങ്കിടുന്നത് ഈ കഴിഞ്ഞ ഞായറാഴ്ചയാണ്. ഡോ. ജോയി ടി.കുഞ്ഞാപ്പുവിന്റെ 'ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും' എന്ന ലേഖന സമാഹരത്തിന്റെ ഉള്ളടക്കത്തെപ്പറ്റി വളരെ വിശദമായ ഒരു വിശകലനം അവിടെ നടത്തുകയുണ്ടായി. അതില്‍ പങ്കെടുക്കുവാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഞാനവിടെയെത്തിയത്്- ഒരു ശ്രോതാവ് എന്ന റോളില്‍- എന്നാല്‍ 'ജനനി' പത്രാധിപര്‍ ജെ. മാത്യൂസ് സാര്‍ അവതരിപ്പിക്കേണ്ട ഒരവലോകനം, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ അവതരിപ്പിക്കേണ്ട ഒരു ഭാഗ്യം എനിക്കു വീണു കിട്ടി. ഓന്തു പരമു പെട്ടെന്നു ചട്ടമ്പിപ്പരമു ആയ മാനസീകാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. അങ്ങിനെ മാത്യൂസ് സാര്‍, 'സംഘടനകള്‍ വിഘടിപ്പിക്കുന്നതെന്തുകൊണ്ട്' എന്ന് ഡോ.കുഞ്ഞാപ്പുവിന്റെ ലേഖനത്തിനെപ്പറ്റി എഴുതിയ ഒരവലോകനത്തിനു വേണ്ടി ഞാനെന്റെ ചുണ്ടുകള്‍ ചലിപ്പിച്ചു. 'ലാലിസ'ത്തിന്റെ ഒരു ചെറിയ പതിപ്പ്. ലേഖനങ്ങള്‍ വായിച്ച് അപഗ്രഥിച്ച് അവലോകനം ചെയ്യുന്നതിന് അതാതു മേഖലകളില്‍ പ്രാവീണ്യം നേടിയവരെ ചുമതലപ്പെടുത്തുകയുണ്ടായി. അവരെല്ലാം തന്നെ തങ്ങളുടെ കര്‍ത്തവ്യം ഉത്തരവാദിത്വത്തോടുക്കൂടി ചെയ്തു.

'വായില്‍ വരുന്നത് കോതക്ക് പാട്ട്്' എന്ന രീതിയില്‍ വെറുതെ  എഴുതിയ ലേഖനങ്ങളല്ല ഇത്. എല്ലാ വിഷയത്തേപ്പിറ്റിയും സമഗ്രപഠനം നടത്തിയ ശേഷം, ആധികാരമായിട്ടാണ് ഡോ. ജോയി ടി. കുഞ്ഞാപ്പു ഈ ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വെറുതേ വായിച്ചു വിടാവുന്ന ലേഖനങ്ങളല്ല ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വായന ഗൗരവമായി, ഒരു പഠനമായി കാണുന്ന വായനക്കാര്‍ക്കുള്ള ഒരു ഗ്രനഥമാണ് 'ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും' എന്ന അഭിപ്രായമാണെനിക്കുള്ളത്.

'വിദ്യാധരന്‍' എന്ന പേര് പുസ്തകത്തിന്റെ തലക്കെട്ടില്‍ വന്നതുകൊണ്ട്, സ്വാഭാവികമായും 'ഇ-മലയാളിയും' പത്രാധിപര്‍ക്കുള്ള കത്തുകളും ചര്‍ച്ചകളില്‍ കടന്നു വന്നു. വിദ്യാധരന്‍, അന്തപ്പന്‍, നാരദന്‍ തുടങ്ങിയ അപരനാമങ്ങളില്‍ ഈ-മലയാളിയില്‍ എഴുതുന്നവരും അതു പ്രസിദ്ധീകരിക്കുന്ന പത്രാധിപരും എഴുത്തുകാരോട് അധര്‍മ്മമാണ് കാണിക്കുന്നത് എന്ന അഭിപ്രായവും ഉയരുകയുണ്ടായിരുന്നു. ഇനി ഒരു പക്ഷേ, പത്രാധിപര്‍ തന്നെ തന്റെ പ്രസിദ്ധീകരണത്തിനു അനേകം വായനക്കാരുണ്ടെന്ന് വരുത്തിത്തീര്‍ക്കുവാന്‍ കാണിക്കുന്ന ഒരു ഗുട്ടന്‍സാണോ എന്നു  ചിലര്‍ സംശയിച്ചു. ലേഖകര്‍ തന്നെ തങ്ങളുടെ ലേഖനത്തിന് ശ്രദ്ധ കിട്ടുവാന്‍ വേണ്ടി ചെയ്യുന്ന ഒരു തറവേലയാണോ ഇത് എന്നൊരാള്‍ ചോദിച്ചത് സദസ്സില്‍ ചിരിയുണര്‍ത്തി.

ഒരിക്കല്‍ ഒരു ലേഖനമോ, കഥയോ, കവിതയോ പ്രസിദ്ധീകരണത്തിനയച്ചു കഴിഞ്ഞാല്‍, അതേപ്പറ്റി വായനക്കാര്‍ക്ക് അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നു ഞാന്‍ കരുതുന്നു. സിനിമയെപ്പറ്റിയും, നടന്മാരുടെ അഭിനയത്തെപ്പറ്റിയും, ഗായകരുടെ ആലാപനത്തെപ്പറ്റിയും പുകഴ്ത്തലും ഇകഴ്ത്തലുകളുമെല്ലാം ഉണ്ടാകുന്നത് സാധാരണമാണ്. അവരുടെ 'സൃഷ്ടി'കളെ അവലോകനം ചെയ്യുന്നതിനു പകരം, വ്യക്തിഹത്യ നടത്തിയാല്‍ അതു നീചത്തരമാണെന്നു ഞാന്‍ കരുതുന്നു. (ഇതിനുള്ള വിശദീകരണം 'ഈ-മലയാളി' പത്രാധിപര്‍ നല്‍കിയത് ശ്രദ്ധയില്‍ പെട്ടിരുന്നു.) 

ഇത്തരം കുറിപ്പുകള്‍ നെഗറ്റീവായാലും പോസിറ്റീവായാലും എന്നെപ്പോലെയുള്ളവര്‍ക്ക് അതു സന്തോഷമാണ്. ചെറുതായി ചൊറിയുന്നതു സുഖമുള്ള ഏര്‍പ്പാടാണ്. മാന്തിപ്പറിച്ചാല്‍ വേദനിക്കും. അവനവന്‍ ആരാണെന്ന് അവനവന് അറിയാമെങ്കില്‍ ഇത്തരം പരാമര്‍ശനങ്ങള്‍ക്കു വലിയ വില കൊടുക്കേണ്ട കാര്യമില്ല. ഇതൊന്നുമായി  ഒരു ബന്ധമില്ലെങ്കില്‍ തന്നെയും, 'തേന്മാവിന്‍ കൊമ്പത്ത്' എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ ഒരു ഡയലോഗ് ഞാനിവിടെ ആവര്‍ത്തിക്കുന്നു. 'താനാരാണെന്ന് തനിക്കറിയാന്‍ മേലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്- തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്ന്- എന്നിട്ടു ഞാനാരാണെന്ന് എനിക്കറിയാമോ എന്നു താന്‍ എന്നോടു ചോദിക്ക്, അപ്പോള്‍ തനിക്ക് ഞാന്‍ പറഞ്ഞു തരാം താനാരാണെന്നും ഞാനാരാണെന്നും.' 
ഊമക്കത്തായാല്‍ പോലും സ്വന്തം പേരു വെച്ചേഴുതണമെന്ന അഭിപ്രായക്കാരനാണു ഞാന്‍!
എന്തായാലും 'വിചാരവേദി'യിലെ ചര്‍ച്ചകള്‍ വളരെ സജീവമായിരുന്നു. ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന് ഇനിയും ഇതുപോലെ വിലപ്പെട്ട ഘനഗംഭീരമായി കൃതികള്‍ രചിക്കുവാന്‍ ഇടയാകട്ടെ എന്നാശംസിക്കുന്നു.

സമ്മേളനം തുടങ്ങുന്നതിനു മുന്‍പ് ഒരുക്കിയിരുന്ന കാപ്പിയും പരിപ്പുവടയും, സമ്മേളനത്തിനു ശേഷം നല്‍കിയ വിഭവസമൃദ്ധമായ വിരുന്നും രുചികരവും തൃപ്തികരവുമായിരുന്നുവെന്ന് ഡോ.ജോയ് ടി. കുഞ്ഞാപ്പുവിനെ സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ!

വിചാരവേദിയിലെ വികാര വിചാരങ്ങള്‍ - രാജു മൈലപ്രാ
Join WhatsApp News
ഭക്തവത്സലൻ 2015-03-13 10:35:19
"'വിദ്യാധരന്‍' എന്ന പേര് പുസ്തകത്തിന്റെ തലക്കെട്ടില്‍ വന്നതുകൊണ്ട്, സ്വാഭാവികമായും 'ഇ-മലയാളിയും' പത്രാധിപര്‍ക്കുള്ള കത്തുകളും ചര്‍ച്ചകളില്‍ കടന്നു വന്നു. വിദ്യാധരന്‍, അന്തപ്പന്‍, നാരദന്‍ തുടങ്ങിയ അപരനാമങ്ങളില്‍ ഈ-മലയാളിയില്‍ എഴുതുന്നവരും അതു പ്രസിദ്ധീകരിക്കുന്ന പത്രാധിപരും എഴുത്തുകാരോട് അധര്‍മ്മമാണ് കാണിക്കുന്നത് എന്ന അഭിപ്രായവും ഉയരുകയുണ്ടായിരുന്നു. ഇനി ഒരു പക്ഷേ, പത്രാധിപര്‍ തന്നെ തന്റെ പ്രസിദ്ധീകരണത്തിനു അനേകം വായനക്കാരുണ്ടെന്ന് വരുത്തിത്തീര്‍ക്കുവാന്‍ കാണിക്കുന്ന ഒരു ഗുട്ടന്‍സാണോ എന്നു ചിലര്‍ സംശയിച്ചു. ലേഖകര്‍ തന്നെ തങ്ങളുടെ ലേഖനത്തിന് ശ്രദ്ധ കിട്ടുവാന്‍ വേണ്ടി ചെയ്യുന്ന ഒരു തറവേലയാണോ ഇത് എന്നൊരാള്‍ ചോദിച്ചത് സദസ്സില്‍ ചിരിയുണര്‍ത്തി."  

ഇന്ദ്രന്റെ പരിചാരാക്ന്മാരാണ് വിദ്യാധരന്മാർ. കാമരൂപികൾ, ഖേചരർ, പ്രിയംവദർ, നഭചരർ ഇവരിൽ ആരാണ് അങ്ങ്. ഒന്ന് വെളിപ്പെട്ടു കിട്ടിയാൽ ഈ ഭക്തൻ ആത്മ സംതൃപ്തി നേടുമായിരുന്നു . അങ്ങ് സൃഷ്ട്ടിക്കുന്ന കോലാഹലത്തിന്റെ ഒരു ലിസ്ടാണ് മുകളിൽ ലേഖനത്തിൽനിന്നും എടുത്ത് എഴുതിയിരിക്കുന്നു.  ഞങ്ങൾ കാംഷിക്കുന്നത് പേരും പെരുമയുമാണ് അങ്ങക്ക് ഇതിനോടൊന്നും താത്പര്യമില്ലാത്തെതെന്താണ്? ഞാൻ അങ്ങയുടെ ഒരു ഭക്തനാണ്.  അങ്ങ് എവിടേയോ ഉണ്ടെന്നു അറിയാം എന്നാൽ തൊട്ട് നോക്കാൻ പറ്റുന്നില്ല. അങ്ങക്ക്‌ എഴുത്തുകാരുടെ സർവ്വ കള്ളത്തരങ്ങളും  അറിയാം. അതിനു സംശയം ഇല്ല.  

ഹരി ഹര സുധൻ വിദ്യാധര സ്വാമിയെ ശരണം 

ഊമൻ 2015-03-13 19:07:05
ഞാനോരൂമനാണ് 
ഊമകത്താണെന്റ് ഹോബി 
കത്തുചെന്നു ഓരോത്തരെ 
കുത്തി ഇളക്കുന്നത് കാണാനാണ് എനിക്ക് രസം.
ചിലര് ചാടി എഴുന്നേൽക്കും 
ചിലരുടെ ചുണ്ടുകൾ വിറക്കും 
(അതുകണ്ട് മറ്റൊരൂമൻ എന്നെ 
ആഗ്യഭാഷയിൽ കാണിച്ചു അവർ എന്നെ 
തെറിവിളിക്കുന്നതാണെന്ന് )
ചിലർ ന്യുയോർക്കിലേക്ക് നോക്കി 
ചീത്ത വിളിക്കും 
ഊമക്കത്ത് അവിടെ നിന്ന് വന്നതാണെന്നപോലെ 
മറ്റു ചിലർ ഡാലസ്സിലേക്കും
ആര് എന്ത് പറഞ്ഞാലും 
എനിക്ക് ഊമകത്താലാതെ എന്തെഴുതാൻ കഴിയും 
ഞാനൊരു ഊമനല്ലെ ബുദ്ധിജീവികളെ ?
പാഷാണം വർക്കി 2015-03-13 20:14:18
ചായക്കൊരു കടിയും വിഭവ സമൃദ്ധമായ ഭക്ഷണവും കിട്ടിയപ്പോൾ ഇങ്ങിനെയൊക്കെ എഴുതി പിടിപ്പിക്കാമെങ്കിൽ ആരെങ്കിലും ഒരു RICHARD HENNESSEY COGNAC -തരികയാണെങ്കിൽ എന്തെല്ലാം എഴുതാതിരികില്ല? പറഞ്ഞു നടക്കുന്നവരുടെ ഒരു ഗതികേട് ?
vayanakkaran 2015-03-14 14:02:40
ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്ന പൈതങ്ങളെ ‘പോലീസുകാരൻ വരും’ എന്നു പറഞ്ഞ് അമ്മമാർ വിരട്ടാറുണ്ട്. ഇവിടെ ‘എഫ്. ബി. ഐ’ എന്നു പറഞ്ഞ് വിരട്ടുകയാണോ?
വിദ്യാധരൻ 2015-03-14 13:34:40
സജ്ജനാൻ കവിരസൗ നയാചതേ ഹ്ലാദനായ ശശഭൃത് കിമർത്ഥത: നാപി നിന്ദതി ഖലാൻ മുഹർമ്മുഹ : ധികൃതോപി നഹി ശീതളോനല: (അഭിനവഗുപ്തൻ ) സജ്ജനങ്ങളോട് എന്റെ കാവ്യം ശ്രദ്ധിക്കണം എന്ന് കവി പറയണ്ട. ചന്ദ്രനോട് ആഹ്ലാദിപ്പിക്കാൻ പറയണോ? ദുഷ്ടന്മാരെ നിന്ദിച്ചിട്ടെന്തു ഫലം? അഗ്നിയെ ശകാരിച്ചാൽ തണുപ്പാകുമോ?
factfinder 2015-03-14 14:24:41
വടിയും വെടിയും ഒക്കെ ആയി പേടിപ്പിച്ചാല് ആരും പേടിക്കില്ല. 1] സര്ഗവേദി was started first by 8 persons. Some of them are dead and gone. But I remember the following gentlemen : Cherian K, Jayan KC, Sudhir, Manoharwere in it from the very beginning. Later due to some misunderstanding among them Cherian K started a gathering in Santoor. And later Sargavedi split. Writers used pen names or fake names from the very beginning of literature. It is not a crime to be investigated by FBI. If you want to threaten those who comment or express their opinion take your club to India. Because threatening is a crime in US.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക