Image

പിറവത്ത് അഡ്വ. കെ.ആര്‍. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി

Published on 19 February, 2012
പിറവത്ത് അഡ്വ. കെ.ആര്‍. രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ഥി
തിരുവനന്തപുരം: പിറവം ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. കെ.ആര്‍. രാജഗോപാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാവും. മുന്‍ മന്ത്രി കെ.ജി.ആര്‍. കര്‍ത്തായുടെ മകനായ രാജഗോപാല്‍ പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമാണ്. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗം അംഗീകരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ദേശീയസമിതിയുടെ അംഗീകാരത്തോടെ പേര് പ്രഖ്യാപിക്കും.

ബി.ജെ.പിയുടെ ശക്തമായ പോരാട്ടമാണ് പിറവത്തുണ്ടാവുകയെന്ന് പ്രസിഡന്റ് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ എം.എന്‍. മധു 4234 വോട്ടുകള്‍ നേടിയിരുന്നു. 2006ല്‍ ബി.ജെ.പിയുടെ താമരചിഹ്നത്തില്‍ മത്സരിച്ച കെ.വി. സാബു 3355 വോട്ട് നേടി.

ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി വോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ് പാര്‍ട്ടി നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്ന ഘടകം.
കെ.ജി.ആര്‍. കര്‍ത്താ 1982ല്‍ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തില്‍ നിന്നാണ് എന്‍.ഡി.പി. സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോഴത്തെ പിറവം മണ്ഡലത്തില്‍ തൃപ്പൂണിത്തുറയുടെ ചില ഭാഗങ്ങള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. പിറവം ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫിന് നിര്‍ണായകമായതിനാല്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ഉടനെ ബി.ജെ.പി. ശക്തമായ പ്രചാരണം തുടങ്ങുമെന്ന് മുരളീധരന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക