ബാംഗളൂര്‍: ജനതാദള്‍-എസ് സംസ്ഥാന അധ്യക്ഷനും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി തന്റെ ഭര്‍ത്താവാണെന്നും ഈ ബന്ധത്തില്‍ ഷാമ്മിക എന്നൊരു മകള്‍ തങ്ങള്ക്കുണെ്ടന്നും മംഗലാപുരം സ്വദേശിനിയായ നടിയുംചലച്ചിത്രസംവിധായികയുമായ രാധിക വീണ്ടും.
തങ്ങള്‍ സന്തുഷ്ടമായ കുടുംബജീവിതം നയിക്കുകയാണെന്നും ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ രാധിക വ്യക്തമാക്കി. രാധിക സംവിധാനം ചെയ്ത ലക്കി എന്ന ചലച്ചിത്രം ഇന്നു റിലീസ് ചെയ്യുന്നതിനുമുന്നോടിയായാണ് അഭിമുഖം നടന്നത്. തനിക്കു രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നും അദ്ദേഹത്തിന്(കുമാരസ്വാമി) സിനിമകളോട് വലിയ താല്പര്യമുണെ്ടന്നും തങ്ങള്‍ ഒന്നിച്ചിരുന്ന സിനിമകള്‍ ആസ്വദിക്കാറുണെ്ടന്നും രാധിക ചൂണ്ടിക്കാട്ടി. രാധികയുടെ വെളിപ്പെടുത്തല്‍ കുമാരസ്വാമിയുടെ രാഷ്ട്രീയഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞവര്‍ഷമാണ് രാധിക-കുമാരസ്വാമി ബന്ധം ആദ്യമായി പുറത്തുവന്നത്. ഇതു വലിയ വിവാദത്തിനു വഴിവച്ചിരുന്നു. ബഹുഭാര്യാത്വം രഹസ്യമാക്കി വച്ച കുമാരസ്വാമിയ്ക്ക് ലോക്സഭാംഗമായിരിക്കാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 19ന് ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്ജി നല്‍കിയിരുന്നു. ഈ കേസ് അടുത്തമാസം പരിഗണിക്കാനിരിക്കെയാണ് രാധികയുടെ വെളിപ്പെടുത്തല്‍ വീണ്ടുമുണ്ടായിരിക്കുന്നത്. കുമാരസ്വാമിയുടെ ആദ്യഭാര്യ അനിത കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലംഗമാണ്.