ലണ്ടന്‍: ജയിംസ് ബോണ്ട് സിനിമകളില്‍ ഷെരിഫ് ജെ.ഡബ്ല്യു. പെപ്പര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന് ക്ലിഫ്റ്റന്‍ ജയിംസ് (96) അന്തരിച്ചു. പ്രമേഹസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് അമേരിക്കയിലെ ഓറിഗണിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം.
1970കളിലെ ജയിംസ് ബോണ്ട് സിനിമകളായ 'ലിവ് ആന്‍ഡ് ലെറ്റ് ഡൈ’, 'ദ മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍’ എന്നിവയില്‍ സര് റോജര്‍ മൂറിനൊപ്പം ചെയ്ത വേഷങ്ങളിലൂടെയാണ് ജയിംസ് പ്രേക്ഷകപ്രീതി നേടിയത്. ജയിംസ് ബോണ്ട് സിനിമകളില്‍ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏക നടനുമാണ് അദ്ദേഹം.
രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് സൈനികനായി ജയിംസ് പ്രവര്‍ത്തിച്ചിരുന്നു. അഞ്ചു ദശാബ്ദം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി സ്റ്റേജ് ടിവി പരിപാടികളിലും സിനിമകളിലും അദ്ദേഹം വേഷമിട്ടു. ദല്ലാസ് എന്ന ടിവി സീരിയല്‍, സൂപ്പര്മാന് 2, ദി ബോണ്‍ഫയര്‍ ഓഫ് ദി വാനിറ്റീസ് എന്നീ സിനിമകളും ജയിംസിനെ പ്രശസ്തിയിലേക്കുയര്‍ത്തി. 2006 ല്‍ പുറത്തിറങ്ങിയ റെയ്സിംഗ് ഫ്ളാഗ് എന്ന കോമഡി ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. ജയിംസിന്റെ വിയോഗം ഏറെ ദുഃഖിതനാക്കിയതായി ഏഴു സിനിമകളില്‍ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച സര് റോജര്‍ ട്വിറ്ററില്‍ കുറിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍