ആരാധകരും താരങ്ങളും ഒരുപോലെ ബഹുമാനിക്കുന്ന ബോളീവുഡ് താരമാണ് അമിതാഭ് ബച്ചന്. ബിഗ് ബിയുടെ ആശംസയ്ക്കായി, അനുമോദനത്തിനായി കാത്തുനില്ക്കാത്ത താരങ്ങളില്ല പുതിയ തലമുറയില്‍. എന്നാല്‍, ബച്ചന് അയച്ചൊരു പിറന്നാള്‍ ആശംസ ഒരു താരം കണ്ടില്ലെന്ന് നടിച്ചാലോ? അഹങ്കാരത്തിന് കൈയും കാലും വച്ചവരെന്ന് ആരെങ്കിലും വിശേഷിപ്പിച്ചാല്‍ അവരെ പഴിക്കാനാവുമോ? വെറുതെ പഴി പറയുകയല്ല, നല്ല ഒന്നാന്തരം ചീത്ത തന്നെ വിളിച്ചു. വേറാരുമല്ല, സാക്ഷാല്‍ ബിഗ് ബി തന്നെ. നടി സോനം കപൂറാണ് പഴയ ആംഗ്രി യങ് മാന്‍ ബിഗ് ബിയുടെ രോഷത്തിന്റെ ചൂടറിഞ്ഞ കഥാനായിക.
ഇക്കഴിഞ്ഞ ജൂണ്‍ 9നായിരുന്നു സോനം കപൂറിന്റെ മുപ്പത്തിരണ്ടാം പിറന്നാള്‍. എല്ലാവരെയും പോലെ ബച്ചനും അയച്ചു ഒരു സന്ദേശം. ആഘോഷങ്ങളുടെ തിരക്കായത് കൊണ്ടോ മറ്റോ സോനം അത് കണ്ടില്ല. ബച്ചന് മറുപടി കൊടുത്തുമില്ല.
ബച്ചനെ ഇത് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. തന്റെ നീരസവും രോഷവും പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ ബിഗ് ബി മടിച്ചില്ല. തന്റെ സന്ദേശം അവഗണിച്ച് മറ്റ് പലരുടെയും സന്ദേശത്തിന് സോനം നന്ദി പറഞ്ഞതാണ് ബച്ചനെ കൂടുതല്‍ രോഷാകുലനാക്കിയത്. സുനില്‍ ഷെട്ടിയുടെ ആശംസയ്ക്ക് സോനം നല്കിയ മറുപടി ട്വീറ്റിലാണ് ബച്ചന് തന്റെ ട്വീറ്റ് പോസ്റ്റ് ചെയ്തത്.
ഒരുപാട് നന്ദി... ടണ്‍ കണക്കിന് സ്നേഹം എന്നായിരുന്നു സുനില്‍ ഷെട്ടിക്കുള്ള സോനത്തിന്റെ മറുപടി. അപ്പോള്‍ ഞാനോ.... ഇത് ഞാനാണ് അമിതാഭ് ബച്ചന്, ഞാന്‍ നിന്റെ പിറന്നാളിന് ഒരു എസ്.എം.എസ്. അയച്ചിരുന്നു. എന്നാല്‍, അതിന് നീ മറുപടി തന്നില്ല.... ബച്ചന് ട്വീറ്റ് ചെയ്തു. ഒപ്പം കോപം പ്രകടിപ്പിക്കാന്‍ ഒരു ചുവന്ന മുഖത്തിന്റെ സ്മൈലിയും.
സംഗതി ഏതായാലും ഞെട്ടലായി സോനം കപൂറിന്. എന്റെ ഈശ്വരാ... എനിക്കത് കിട്ടിയില്ല. ഞാന്‍ എന്നും മറുപടി അയക്കും. അഭിഷേകിന്റെ സന്ദേശം കിട്ടിയിരുന്നു. മാപ്പ്.... സോനം ട്വീറ്റ് ചെയ്തു.