തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ആരം. ജില്ല കളക്ടറുടെ വേഷമാണ് ചിത്രത്തില്‍ നയന്‍താരയ്ക്കുള്ളത്. നയന്‍സിന്റെ കരിയറിലെ ശക്തമായ കഥാപാത്രമായിരിക്കും ആരമിലേതെന്നാണ് സംസാരം. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലുളള കഥയാണ് ആരം പറയുന്നത്. നവാഗതനായ ഗോപി നൈനാറാണ് ആരത്തിന്റെ സംവിധായകന്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ വിഘ്നേഷ്, രമേഷ് എന്നിവരും ആരമില്‍ അഭിനയിക്കുന്നുണ്ട്.
നയന്‍താരയുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് 2013 ല്‍ പുറത്തിറങ്ങിയ രാജ റാണി. നയന്‍താര, ആര്യ, ജയ്, നസ്റിയ നസിം എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം വന്‍ ഹിറ്റായിരുന്നു. നയന്‍താര അവസാനമായി ഒരു ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളില്‍ പങ്കെടുത്തതും രാജാ റാണിക്ക് മാത്രമായിരുന്നു. അതിനുശേഷം ഇനി മുതല്‍ താന്‍ നായികയാവുന്ന ഒരു ചിത്രത്തിന്റെയും പ്രൊമോഷന് പരിപാടികളില്‍ പങ്കെടുക്കില്ലെന്നായിരുന്നു താരത്തിന്റെ തീരുമാനം. എന്നാല്‍ ഇപ്പോഴിതാ ആരമിനുവേണ്ടി ആ തീരുമാനം തിരുത്തിയിരിക്കുകയാണ് നയന്‍താര. സണ്‍ ടിവിയില്‍ സ്വാതന്ത്ര്യദിനത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ആരമിന്റെ പ്രൊമോഷന് പരിപാടിയില്‍ നയന്‍താരയാണ് അതിഥി. പരിപാടിയില്‍ നയന്‍സ് എത്തുന്നതിന്റെ നിരവധി ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം നയന്‍താരയെ വീണ്ടും ഒരു ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ കാണാന്‍ സാധിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അതേസമയം, ആരമിന്റെ പ്രൊഡ്യൂസര്‍ കൊട്ടപാടി രാജേഷ് ചിത്രത്തിന്റെ നിര്മാതാവായതിനാലാണ് നയന്‍സ് പ്രൊമോഷന് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നാണ് കോളിവുഡിലെ സംസാരവിഷയം.