ആലപ്പുഴ: യാഥാസ്ഥിതിക നിലപാടുകളിലേക്ക്
വഴുതിപ്പോയ കോണ്‍ഗ്രസിനെ പുരോഗമന ഇടതുപക്ഷപാതയിലേക്ക് തിരിച്ചുകൊണ്ടുവന്നത്
വയലാര്‍ രവിയാണെന്ന് എ.കെ. ആന്റണി. ജനങ്ങളില്‍നിന്ന് അകന്ന് കോണ്‍ഗ്രസിന്
അപചയം സംഭവിച്ച കാലഘട്ടത്തില്‍ തിരുത്തല്‍ ശക്തിയായി കടന്നുവന്ന
യുവനേതാക്കളില്‍ പ്രഥമസ്ഥാനം രവിക്ക് അര്‍ഹതപ്പെട്ടതാണ്. എണ്‍പതാം
പിറന്നാള്‍ ആഘോഷിക്കുന്ന വയലാര്‍ രവിയെ ആദരിക്കാന്‍ ആലപ്പുഴയില്‍
സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
ശീമാട്ടി ഗ്രൗണ്ടില്‍ സ്ത്രീകളടക്കം വന്‍ ജനാവലി പങ്കെടുത്ത ചടങ്ങില്‍
സ്വാഗതസംഘം ചെയര്മാന് കെ.സി.വേണുഗോപാല്‍ എം.പി അധ്യക്ഷത വഹിച്ചു. കേക്ക്
മുറിച്ച് 80 മണ്‍ചിരാതുകളില്‍ ദീപം തെളിച്ചു. രവിയെക്കുറിച്ച് രാജീവ്
ആലുങ്കല്‍ രചിച്ച കവിത പിന്നണി ഗായിക ലാലി ആര്.പിള്ളയും വയലാര്‍ ശരത്
ചന്ദ്രവര്‍മ രചിച്ച കവിത അദ്ദേഹംതന്നെയും ആലപിച്ചു.
എറണാകുളത്തെ കോണ്‍ഗ്രസ് ഹൗസിന്റെ വരാന്തയില്‍ പത്രങ്ങള്‍ തലയിണയാക്കി വര്‍ഷങ്ങളോളം ഉറങ്ങിയ അനുഭവമാണ് തന്റെ കരുത്തെന്നു രവി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരന്, എം.പിമാരായ എം.ഐ.
ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്,
ബെന്നി ബഹന്നാന് തുടങ്ങിയവര്‍ സംസാരിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു
സ്വാഗതവും കെ.പി.സി.സി ജന.സെക്രട്ടറി സി.ആര്. ജയപ്രകാശ് നന്ദിയും പറഞ്ഞു.
മുനിസിപ്പല്‍ ചെയര്മാന് തോമസ് ജോസഫ്, ടി.സിദ്ദീഖ്, ഷാനിമോള്‍ ഉസ്മാന്,
എം.മുരളി, ഹൈബി ഈഡന് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്തു.