തമിഴകത്തെ തല, അജിത്തിന്റെ പേരിലുള്ള ഇഡ്ഡലിയാണ് ഇപ്പോള്‍ സംസാരവിഷയം. ഈ ഇഡ്ഡലി ഒരു മെനുകാര്ഡിലും കാണാന്‍ കഴിയില്ല. അജിത്തിന്റെ പേരിലുള്ള ഭീമന് ഇഡ്ഡലി കാണമെങ്കില്‍ ചെന്നൈ റോയാപുരത്ത് ഭാരത് തിയേറ്ററിന് മുമ്പില്‍ തന്നെ എത്തണം.
57 കിലോഗ്രാം ഭാരമാണ് ഈ ഭീമന് ഇഡ്ഡലിക്കുള്ളത്. തലയുടെ 57ാമത്തെ ചിത്രം വിവേഗത്തിന്റെ റിലീസിനോടനുബന്ധിച്ചാണ് ഭീമന് ഇഡ്ഡലിയെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴ്നാട് സമയല്‍ കാലൈ തൊളിലാളര് മുന്നേട്ര സംഗം എന്ന സംഘടനയാണ് ഈ ഭീമന് ഇഡ്ഡലിയുടെ രൂപകല്പനയ്ക്ക് പിന്നില്‍.
അജിത്തിന്റെ ആരാധകര്‍ മുന്‍കൈ എടുത്താണ് ഈ ഇഡ്ഡലി ഒരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അജിത്തിന്റെ കട്ട്ഔട്ടില്‍ പാലഭിഷേകം നടത്തരുതെന്ന് പറഞ്ഞ് അജിത്ത് ഫാന്‍സ് ക്ലബ് രംഗത്ത് വന്നിരുന്നു. പാല് പാഴാക്കുന്നതിന് പകരം വിശക്കുന്നവന്റെ വിശപ്പടക്കാം എന്ന ഉദ്ദേശത്തിലാണ് ഭീമന് ഇഡ്ഡലി എന്നാശയവുമായി ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്.