ബിജെപി
പ്രചരിപ്പിക്കുന്ന സെക്സ് ടേപ്പ് കൊണ്ടൊന്നും പോരാട്ടത്തെ
തളര്‍ത്താനാകില്ലെന്ന് ഹാര്‍ദിക് പട്ടേല്‍. ഗൂജറാത്ത് തെരഞ്ഞെടുപ്പിന്
മുന്നോടിയായി കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ച പട്ടീദാര്‍ സമുദായ നേതാവ്
ഹാര്‍ദിക് പട്ടേലിനെതിരെ ബിജെപി സെക്സ്ടേപ്പ് പുറത്തുവിട്ടിരുന്നു.
തങ്ങളുടെ
പരിമിതികള്‍ മറികടക്കാന്‍ ബിജെപി നടത്തിയ നിരാശാജനകമായ പരിശ്രമമായിരുന്നു വീഡിയോ
വിവാദമെന്നും 23കാരന് കാമുകിമാര്‍ ഉണ്ടാവുന്നതില്‍ എന്താണ് തെറ്റെന്നും
ഹാര്‍ദിക് പട്ടേല്‍ ചോദിച്ചു.
ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്കിയ പ്രത്യേക
അഭിമുഖത്തിലാണ് ഹാര്‍ദിക് പട്ടേല്‍ ഇക്കാര്യം പറഞ്ഞത്.'അവര്‍ക്കെന്നെ
ഭീഷണിപ്പെടുത്താനോ, തകര്‍ക്കാനോ, ബ്ലാക്ക് മെയില്‍ ചെയ്യാനോ കഴിഞ്ഞില്ല.
അതിനാലാണ് വ്യക്തി ഹത്യ നടത്താന്‍ അത്തരമൊരു വീഡിയോ അവര്‍ക്ക് സൃഷ്ടിക്കേണ്ടി
വന്നത്'.
ധാര്‍മ്മിക പ്രശ്നം ഉയര്‍ത്തേണ്ടതില്ലെന്ന തരത്തില്‍ വിഷയത്തെ
സമീപിക്കുന്ന ഹാര്‍ദിക് പട്ടേല്‍ അതേസമയം വീഡിയോയില്‍ ഉള്ളത് താനല്ലെന്നുള്ള
നിലപാടാണ് ആവര്‍ത്തിച്ചു കൈക്കൊണ്ടത്. 'വീഡിയോ മോര്‍ഫ് ചെയ്തതാണ്. എന്റെ
പ്രതിശ്രുത വധുവുമൊത്തുള്ള വീഡിയോയായിരുന്നു ഇതെങ്കില്‍ ഞാന്‍ ഏറ്റുപറഞ്ഞേനെ.
എന്നാല്‍ ഞാനുമായി സാമ്യമുള്ള ആളെ ഉപയോഗിച്ച് എടുത്ത വീഡിയോയാണ് ഇത്.
ഫോറന്‍സിക് പരിശോധനയ്ക്കായി വിദേശത്തുള്ള സുഹൃത്തുക്കള്‍ക്ക് ഞാന്‍ വീഡിയോ
അയച്ചപ്പോള്‍ അത് വ്യാജമാണെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഞാന്‍
അധാര്മ്മികനാണെന്ന് ആവര്‍ത്തിക്കുന്നവരോട് 23കാരന് കാമുകിമാര്‍
ഉണ്ടായിരിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് എനിക്ക്
ചോദിക്കാനുള്ളത്'.
വിവാഹതിനല്ലെങ്കിലും താനൊരു സന്യാസി അല്ലെന്ന് അടല്‍ബിഹാരി
വാജ്പേയി തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊലീസ് സേന ബിജെപി സര്‍ക്കാരിന്റെ
കീഴിലായതു കൊണ്ടാണ് നിയമ നടപടിക്ക് ഒരുങ്ങാത്തതെന്നും ഹാര്‍ദിക് പട്ടേല്‍
അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ക്കിടയിലും തീരുമാനിച്ചുറപ്പിച്ച വിവാഹവുമായി താന്‍
മുന്നോട്ടു പോകുമെന്നും പ്രതിശ്രുത വധു തന്നേക്കാള്‍ കരുത്തയാണെന്നും ഹാര്‍ദിക്
പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.