സിക്സറുകളും ഫോറുകളും പായിച്ച്
ക്രിക്കറ്റിന്റെ ക്രീസില്‍ വെടിക്കെട്ടു നിറയ്ക്കുന്ന താരം വിരാട് കോഹ്ലിയും
ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും തമ്മിലുള്ള പ്രണയവാര്‍ത്ത പ്രചരിക്കാന്‍
തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുന്ന
ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത വന്നിരിക്കുകയാണ്. ഇരുവരും അടുത്തയാഴ്ച
ഇറ്റലിയില്‍ വച്ച് വിവാഹിതരാകാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍.
മിക്കവാറും
ഡിസംബര്‍ പന്ത്രണ്ടിനായിരിക്കുമത്രേ ഇവരുടെ വിവാഹം. വാര്‍ത്ത സിക്സറിനെക്കാള്
വേഗത്തില്‍ പറക്കുന്നുണ്ടെങ്കിലും ഇതേ വരെ സ്ഥിരീകരിച്ചിട്ടില്ല.
വിവാഹത്തിനായി വിരാട് കോഹ്ലി അടുത്തയാഴ്ച ഇറ്റലിയിലേക്കു പോകുമെന്നാണ്
അറിയുന്നത്. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജിയാണ്
അനുഷ്ക്കയുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.
ഇരുവരുടെയും അടുത്ത
ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന വിവാഹത്തിന് വേദിയാകുന്നത് ഇറ്റലിയിലെ
മിലന് ആണ്. ഡിസംബര്‍ 22നു ശേഷം മുംബൈയില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം
നടത്തുമെന്നും പറയപ്പെടുന്നു.
അതിനിടെ വിവാഹവാര്‍ത്തയെ കുറിച്ചുള്ള
പ്രതികരണം തേടിയപ്പോള്‍ വിവാഹം സംബന്ധിച്ച ഇപ്പോഴുള്ള വാര്‍ത്തകള്‍ തികച്ചും
അവാസ്തവമാണെന്നാണ് അനുഷ്ക്കയുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.
ഡിസംബറില്‍ ഇരുവരും വിവാഹിതരാകുമെന്ന് നേരത്തേ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അനുഷ്ക ബോളിവുഡില്‍ പ്രവേശിക്കുന്നത് 2008 ഡിസംബര്‍ 12ന് പുറത്തിറങ്ങിയ ഷാരൂഖ്
ഖാന് ചിത്രം രബ്നേ ബനാദി ജോഡി എന്ന ചിത്രത്തിലൂടെയാണ്. ഇക്കാരണം കൊണ്ടാണ്
അനുഷ്ക വിവാഹത്തീയതി ഡിസംബര്‍ 12 എന്നു തിരഞ്ഞെടുക്കാന്‍ കാരണമെന്നും
വാര്‍ത്തകളുണ്ടായിരുന്നു.
ഡിസംബര്‍ പത്തു മുതല്‍ നടക്കാനിരിക്കുന്ന
ഇന്ത്യാ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയില്‍ നിന്നും കോഹ്ലിക്കു വിശ്രമം അനുവദിച്ചത്
വിവാഹം മുന്‍നിര്‍ത്തിയാണെന്നും പറയപ്പെടുന്നു. അനുഷ്ക്കയും സിനിമകളുടെ
കാര്യത്തില്‍ ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് എന്നും ബോളിവുഡില്‍ നിന്നും
സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
2013ല്‍ ഇന്ത്യന്‍ ടീമിന്റെ ഇംഗ്ളണ്ട്
പര്യടനത്തിനിടയില്‍ അനുഷ്ക കോഹ്ലിക്കൊപ്പം വന്നതോടെയാണ് ഇരുവരും
പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നത്. യുവരാജ് സിങ്ങിന്റെ വിവാഹത്തിന് രണ്ടു
പേരും ഒരുമിച്ചെത്തിയതോടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകരും മറ്റുള്ളവരും
ഉറപ്പിച്ചു. തുടര്‍ന്ന് വിരാട് പങ്കെടുക്കുന്ന മിക്ക പൊതുപരിപാടികളിലും സ്ഥിരം
സാന്നിദ്ധ്യമായിരുന്നു അനുഷ്ക്ക. ഏതായാലും ഇപ്രാവശ്യമെങ്കിലും ഇരുവരുടെയും
വിവാഹവാര്‍ത്ത സത്യമാകണേ എന്ന പ്രാര്‍ത്ഥനയിലും ആകാംക്ഷയിലുമാണ് ആരാധകര്‍.