അതിനാടകീയതയും അതിഭാവുകത്വവും ഇല്ലാതെ
തികച്ചും സ്വാഭാവികമായി തന്നെ ഓരോ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നു.
കഥാപാത്രങ്ങളുടെ സംഭാഷണത്തില്‍ കണ്ണൂര്‍ ഭാഷയും അതിന്റെ തനിമ ചോരാതെയുള്ള
ഒഴുക്കും നിലനിര്‍ത്തിയത് നന്നായി. വലിയ രാഷ്ട്രീയ പ്രബുദ്ധത വിളിച്ചോതുന്ന
നെടുങ്കന്‍ ഡയലോഗുകള്‍ പ്രധാന കഥാപാത്രങ്ങളെ കൊണ്ടു പറയിക്കാതിരുന്നതും
തിരക്കഥയുടെ മികവിന് ഉദാഹരണമാണ്.
കൊലപാതക രാഷ്ട്രീയത്തിനപ്പുറം മനുഷ്യനില്‍ വിശ്വസിക്കുന്നവരാണ് ആനന്ദും
ഐശ്വര്യയും. പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണ് ഐശ്വര്യയുടെ
അച്ഛന്. വീല്‍ച്ചെയറില്‍ ജീവിതം തളയ്ക്കപ്പെട്ട കഥാപാത്രവുമെല്ലാം
ജീവിച്ചിരിക്കുന്ന ചില വ്യക്തിത്വങ്ങളെ ഓര്‍മ്മപ്പെടുത്തിയേക്കാം.
ആത്മാര്തഥവും സത്യസന്ധവുമായ രീതിയില്‍ ചിത്രത്തെ അവതരിപ്പിക്കാന്‍
സംവിധായകന് ശ്രമിച്ചിട്ടുണ്ട്. നായകന് ആനന്ദ് ഷെയ്ന് നിഗമിന്റെ കൈകളില്‍
ഭദ്രമായി. എങ്കിലും കരളുറപ്പില്ലാത്ത ചെറുപ്പക്കാരനായി ഷെയ്ന് വീണ്ടും
വീണ്ടും വെള്ളിത്തിരയിലെത്തുന്നത് ഇത്തരം വേഷങ്ങളില്‍ കുരുങ്ങി പോകാന്‍
സാധ്യത നല്‍കും. നിമിഷ സജയന് തന്റെ കഥാപാത്രത്തോട് പരമാവധി നീതി
പുലര്‍ത്തി. അലന്‍സിയര്‍, മണികണ്ഠന്, സുജിത് ശങ്കര്‍, രാജേഷ് ശര്‍മ, സുരഭി
എന്നിവര്‍ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചു. അന്‍വര്‍ അലിയുടെ ഗാനരചനയും
ജോണ്‍.പി. വര്‍ക്കിയും ചന്ദ്രന് വെയ്യാട്ടുമ്മലും നല്കിയ സംഗീതവും
ചിത്രത്തിന് മുതല്‍ക്കൂട്ടായി. എഡിറ്റിങ്ങിന് സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍
കരസ്ഥമാക്കിയ ഈ ചിത്രത്തിന്റെ സംവിധായകന് കൂടിയായ അജിത് കുമാറിന്റെ
ചിത്രസംയോജനവും വളരെ മികച്ച നിലവാരം പുലര്‍ത്തി.
രാഷ്ട്രീയവൈരങ്ങള്ക്കു
തീര്‍പ്പു കല്പ്പിക്കപ്പെടുമ്പോള് ഇരയാക്കപ്പെടുന്ന സ്ത്രീകളുടെ,
കുഞ്ഞുങ്ങളുടെ , നിരാലംബമാകുന്ന കുടുംബങ്ങളുടെ കൂടി നേര്‍ചിത്രമാണ് ഈട.
ധൈര്യമായി ടിക്കറ്റെടുക്കാം, ഈ ചിത്രത്തിന്.