ന്യു യോർക്ക്: മലയാളികളുടെ പഴയകാല പ്രിയ നടി മാതു വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ ഡോക്ടറായ തമിഴ്നാട് സ്വദേശി അന്‍പളകന്‍ ജോര്‍ജ് ആണ് വരന്. മാതു ഫേസ്ബുക്കിലൂടെയാണ് വിവാഹകാര്യം അറിയിച്ചത്. അടുത്തിടെ പ്രമുഖ നടിമാരിലൊരാളായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായിരുന്നു.
ഒട്ടനവധി കഥാപാത്രങ്ങളുടെ മരിക്കാത്ത ഓര്‍മകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടി മാതു വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസിക്കുന്നത്. ഡോക്ടര്‍ ജേക്കബായിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്.
നാല് വര്‍ഷത്തിലേറെയായി മുന്‍ ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പിരിഞ്ഞ് ജീവിക്കുന്ന മാതു അമേരിക്കയില്‍ നൃത്താഞ്ജലി ഡാന്‍സ് ക്ലാസ് നടത്തി വരികയായിരുന്നു. ഇപ്പോഴും കുട്ടികള്‍ക്കൊപ്പം ന്യൂയോര്‍ക്കിലാണ് താമസം.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മകളായി അഭിനയിച്ച രാധയെ ആരും മറന്നിട്ടുണ്ടാകില്ല.
2000ത്തിന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോഴത്തെ പേര് മീന എന്നാണ്. ഡോക്ടര്‍ ജേക്കബുമായി പ്രണയ വിവാഹമായിരുന്നു. 1999ലായിരുന്നു ആ വിവാഹം.
12 വയസുകാരി ജയ്മിയും ഒമ്പത് വയസുള്ള ലൂക്കുമാണ് മക്കള്‍. മീന എന്ന പുതിയ പേരിനൊപ്പം തന്നെ മാതു ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.