Image

തിരുപ്പട്ട സ്വീകരണം: ശാലോം ടി.വിയില്‍ തത്‌സമയം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 03 May, 2018
തിരുപ്പട്ട സ്വീകരണം: ശാലോം ടി.വിയില്‍ തത്‌സമയം
ചിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടിയുള്ള ആദ്യത്തെ വൈദികന്‍ മേയ് അഞ്ചിന് അഭിഷിക്തനാകുമ്പോള്‍, ആ ചരിത്രനിമിഷം തത്‌സമയം കാണാം 'ശാലോം അമേരിക്ക' ചാനലില്‍. ന്യൂജേഴ്‌സി സെന്റ് തോമസ് സീറോ മലബാര്‍ ഫെറോന ദൈവാലയത്തില്‍ മേയ് അഞ്ച് ഉച്ചതിരിഞ്ഞ് 2.30 (EST) നാണ് ഡീക്കന്‍ കെവിന്‍ മുണ്ടക്കലിന്റെ തിരുപ്പട്ട സ്വീകരണം. ആറു പതിറ്റാണ്ട് പിന്നിടുന്ന സീറോ മലബാര്‍ കുടിയേറ്റ ചരിത്രത്തിലും 18ാം പിറന്നാളിലെത്തിയ രൂപതയുടെ നാള്‍വഴിയിലും തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ട ഈ ദിനത്തിന്റെ വിശേഷങ്ങള്‍ തത്‌സമയം ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ശാലോം മീഡിയ അറിയിച്ചു. 

ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കൈവെപ്പ് ശുശ്രൂഷ നിര്‍വഹിക്കും. സഹായമെത്രാന്‍ വചനസന്ദേശം പങ്കുവെക്കും. രൂപതാ വികാരി ജനറല്‍മാരായ റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പില്‍, ഫാ. തോമസ് മുളവനാല്‍, ചാന്‍സിലര്‍ ഫാ. ജോണിക്കുട്ടി പുലിശേരി, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, യൂത്ത് ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും വൊക്കേഷന്‍ ഡയറക്ടറുമായ ഫാ. പോള്‍ ചാലിശേരി എന്നിവര്‍ക്കൊപ്പം രൂപതയിലെ നിരവധി വൈദികരും സഹകാര്‍മികരാകും. കൂടാതെ, അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയെ പ്രതിനിധീകരിച്ച് രൂപതാധ്യക്ഷന്മാരും  വൈദികരും പങ്കെടുക്കും.  

ബ്രോങ്ക്‌സ് സെന്റ് തോമസ് ഫൊറോന ഇടവക മുണ്ടയ്ക്കല്‍ ടോം വല്‍സ ദമ്പതികളുടെ മകനാണ് കെവിന്‍. ചിക്കാഗോ സെന്റ് ജോസഫ് സെമിനാരി, ലയോള കോളജ്, റോമിലെ മാത്തര്‍ എക്ലേസിയ സെമിനാരി, ആലുവ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വൈദിക പരിശീലനം. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന തലമുറയില്‍നിന്ന് ചിക്കാഗോ രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിക്കുന്ന ആദ്യ വ്യക്തിയാണ് ഡീക്കന്‍ കെവിന്‍. ജൂണ്‍ രണ്ടിന് തിരുപ്പട്ടം സ്വീകരിക്കുന്ന ഡീക്കന്‍ രാജീവ് വലിയവീട്ടിലിനെ കൂടാതെ ഒന്‍പതുപേര്‍ ചിക്കാഗോ രൂപതയ്ക്കുവേണ്ടി അമേരിക്കയിലും വത്തിക്കാനിലുമായി സെമിനാരി പരിശീലനം നടത്തുന്നുണ്ട്.
shalommedia.org എന്ന വെബ് സൈറ്റിലും ശാലോം മീഡിയയുടെ ഫേസ്ബുക്ക് പേജിലും സത്‌സമയ സംപ്രേഷണം കാണാം.

തിരുപ്പട്ട സ്വീകരണം: ശാലോം ടി.വിയില്‍ തത്‌സമയം
Deacon Kevin Mundackal
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക