ന്യൂയോര്‍ക്കിലെ വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെസ്റ്റ്ചെസ്റ്റര്‍ ചലഞ്ചേഴ്സ് സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച സോക്കര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ കിക്കോഫ് നടന്നു.
അമേരിക്കന്‍ മലയാളി സംഘടനയായ ഫോമയുടെ നേതാക്കളായ ശ്രീ.ജോണ്‍ സി. വര്‍ഗ്ഗീസ്, ശ്രീ. ഷിനു ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ശ്രീ.ജോണ്‍ സി വര്‍ഗ്ഗീസ് വെസ്റ്റ് ചെസ്റ്റര്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചു. ഭാവിയില്‍ അമേരിക്കന്‍ ഐക്യനാടുകളെ പ്രതിനിധീകരിക്കുവാന്‍ ഈ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. തന്റെയും താന്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും എല്ലാവിധ പിന്തുണയും വെസ്റ്റ് ചെസ്റ്റര്‍ ചലഞ്ചേഴ്സിന് പ്രഖ്യാപിച്ച് കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
തുടര്‍ന്ന് പ്രസംഗിച്ച ശ്രീ.ഷിനു ജോസഫ് തനിക്ക് വെസ്റ്റ്ചെസ്റ്റര്‍ ചലഞ്ചേഴ്സും ആയി ഉള്ള ഹൃദയബന്ധം പലവട്ടം പ്രസംഗത്തില്‍ സൂചിപ്പിച്ചു. തന്റെ മൂന്ന് കുട്ടികളും വെസ്റ്റ്ചെസ്റ്റര്‍ ചലഞ്ചേഴ്സിന്റെ ട്രയ്നിംഗ് ക്യാമ്പിന്റെ ഭാഗം ആണ് എന്ന് അദ്ദേഹം പറഞ്ഞു. 2018-20 ഫോമ കണ്‍വന്‍ഷനിലേക്ക് ശ്രീ.ജോണ്‍ സി വര്‍ഗ്ഗീസിന്റെ പാനലിന് പിന്തുണ തേടി ആണ് ശ്രീ.ഷിനു ജോസഫ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
വെസ്റ്റ്ചെസ്റ്റര്‍ ചലഞ്ചേഴ്സിനെ പ്രതിനിധീകരിച്ച് ശ്രീ.നിരീഷ് ഉമ്മന്‍(സെക്രട്ടറി) സ്വാഗതവും ശ്രീ.ഫെബി ഐ.വര്‍ഗ്ഗീസ്(പ്രസിഡന്റ്) നന്ദി പ്രസംഗവും നടത്തി.
സംഘടനയുടെ ഈ വര്‍ഷത്തെ ആദ്യ സംരംഭം ആണ് സോക്കന് ട്രയിനിംഗ് ക്യാമ്പ് എന്നും ന്യൂയോര്‍ക്കില്‍ ഇന്ന് ലഭ്യമാക്കാന്‍ സാധിക്കുന്ന മികച്ച ട്രയിനിയേഴ്സിനെ ആണ് സംഘടന ലഭ്യമാക്കിയിരിക്കുന്നത് എന്നും ശ്രീ. നിരീഷ് ഉമ്മന്‍ അറിയിച്ചു.
സംഘടനയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഓണാഘോഷം, സോക്കര്‍ ടൂര്‍ണ്ണമെന്റ് ചാരിറ്റി ഡ്രൈവ് തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നും, സംഘടനയുടെ തുടര്‍ന്നുള്ള നടത്തിപ്പില്‍ എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു എന്നും ശ്രീ.ഫെബി ഐ വര്‍ഗ്ഗീസ് പറഞ്ഞു.
ശ്രീ.ജേക്കബ് വൈശന്റേടം(ട്രഷറര്‍), ശ്രീ.പ്രിന്റ്സ് തോമസ്സ്(കമ്മറ്റി അംഗം) എന്നിവരും സന്നിഹിതരായിരുന്നു.