ഫെയ്സ്ബുക്കില്‍ ഓരോ സമയത്തും ഓരോ ട്രെന്‍ഡിംഗാണ്. ഇപ്പോള്‍ ഫെയ്സ്ബുക്കില്‍ എല്ലാവരും കുത്തിപ്പൊക്കലിന്റെ പിന്നാലെയാണ്. പഴയ ഫോട്ടോകളില്‍ കമന്റ് ചെയ്തും ലൈക്ക് ചെയ്തും ന്യൂസ് ഫീഡില്‍ വീണ്ടും എത്തിക്കുന്നതാണ് കുത്തിപ്പൊക്കല്‍ എന്ന് അറിയപ്പെടുന്നത്. സുഹൃത്തുക്കളെ മാത്രമല്ല സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരെയും കുത്തിപൊക്കലിന് വിധേയമാക്കിയിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഈ പുതിയ കുത്തിപ്പൊക്കലിന് ആരംഭം കുറിച്ചത് മമ്മൂട്ടിയുടെ പഴയ ഒരു പോസ്റ്റ് കുത്തിപൊക്കികൊണ്ടാണ്. 'ഫ്രണ്ട്സ്, പോക്കിരിരാജയെ കുറിച്ച് എന്താണ് അഭിപ്രായം'എന്ന അദ്ദേഹത്തിന്റെ പോസ്റ്റാണ് ചിലര്‍ കുത്തിപ്പൊക്കിയത്. പിന്നാലെ മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, വിനുമോഹന്‍, ആസിഫ് അലി, ജയസൂര്യ തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇരയായി
എന്നാല്‍ അജു വര്‍ഗീസ് താനേ പോയി കുഴിയില്‍ ചാടുകയായിരുന്നു.തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കേണ്ട, ഞാന്‍ തന്നെ ചെയ്യാം എന്ന് പറഞ്ഞ് കൊണ്ട് പഴയ ചിത്രങ്ങള്‍ അദ്ദേഹം തന്നെ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നെ അജുവിനെ ട്രോളര്‍മാര്‍ ഏറ്റെടുക്കുകയായിരുന്നു. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി അജു.