ചിക്കാഗോ: ഫോമാ കണ്‍വന്‍ഷനിലെ മികച്ച ഷോ ആയി മാറിയ വനിതാരത്നം മത്സരത്തില്‍ കാനഡയില്‍ നിന്നു വന്ന ബിന്ദു തോമസ് ഫോമ വനിതാരത്നം 2018കിരീടമണിഞ്ഞു. ടെക്സസില്‍ നിന്നുള്ള പ്രീതി സജീവ് ആണു റണ്ണര്‍അപ്പ്. ചാര്‍ട്ടേഡ് അക്ക്ണ്ടന്റായ ഷാനാ മോഹന്‍ ആണ് സെക്കന്‍ഡ് റണ്ണര്‍ അപ്പ്.
ബിന്ദു തോമസ് രണ്ടുവര്‍ഷം മുമ്പ് ടൊറന്റോയില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ മലയാളി മങ്ക ആയിരുന്നു. ആര്.എന്‍. ആണ്. മലയാളം റേഡിയോ ആര്.ജെയും മികച്ച അഭിനേത്രിയുമാണ്. ഇത്തവണ ഫോമ മത്സരത്തില്‍ ബസ്റ്റ് ആക്ടറസും ബിന്ദു തോമസ് ആണ്. ഭര്‍ത്താവ് അനില്‍. ബ്രാമ്പ്ടണില് താമസിക്കുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ബിന്ദു ചെറുപ്പം മുതല്‍ നാടകരംഗത്തും പ്രവര്‍ത്തിക്കുന്നു.
പ്രീതി സജീവ് ഫൊക്കാനയിലും മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഷാനാ മോഹനും 2007-ല്‍ മലയാളി മങ്കയായിരുന്നു.
വിവിധ രംഗങ്ങളില്‍ ഒരു പോലെ ശോഭിക്കുന്ന പ്രീതി സജീവ് വെറ്ററന്‍ അഫയേഴ്സ് ഹോസ്പിറ്റലില്‍ ആര്.എന്‍ ആണ്.നഴ്സിംഗില്‍ ഡോക്ടറെറ്റ് നേടുക ലക്ഷ്യമിടുന്നു.
ഭരതനാട്യം അധ്യാപിക കൂടിയായ അവര്‍ കര്‍ണാടകയില്‍ സ്റ്റേറ്റ് മത്സര വിജയിയും ദേശീയ തലത്തില്‍ മത്സരാര്‍ഥിയുമായിരുന്നു.
കോളജ് വിദ്യാര്‍ഥിയായിരിക്കെ മികച്ച നടിക്കുള്ള അവര്‍ഡ് നേടി. മോഡലിംഗ് രംഗത്തും പ്രവര്‍ത്തിച്ച പ്രീതി മാസികകളുടെ കവര്‍ പേജിനു വേണ്ടിയും പരസ്യചിത്രങ്ങളിലും വേഷമിട്ടു.
വിവാഹിതയായതു കൊണ്ട് കലാരംഗത്തു നിന്നു പിന്മാറേണ്ട ഒരാവശ്യവുമില്ലെന്നു തെളിയിക്കുകയാണു താനെന്നു പ്രീതി പറയുന്നു.
സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചാല്‍ അതു സാധിതമാകും. കുടുംബത്തിന്റെ പിന്തുണ കൂടി ആകുമ്പോള്‍ അതു എളുപ്പമാകും-പ്രീതി ചൂണ്ടിക്കാട്ടി.
സൂപ്പര്‍ വുമന്‍ എന്നാണു പല സുഹ്രുത്തുകളും പ്രീതിയെ വിശേഷിപ്പിക്കുന്നത്.
വിവിധ ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു
ചോദ്യോത്തരവേളയില്‍ എല്ലാവരും മികച്ച ഉത്തരങ്ങള്‍ നല്കി ശ്രദ്ധേയരായി. വിജയം എന്നാല്‍ സന്തോഷകരമായ ജീവിതമെന്നാണ് പ്രീതി സജീവ് പ്രതികരിച്ചത് ഓരോരുത്തരും ഒരു ദിവസം ഒരു ഉപകാരം ചെയ്താല്‍ ലോകത്ത് ദുരിതങ്ങള്‍ ഇല്ലാതാക്കാമെന്നു രശ്മി നായര്‍ പറഞ്ഞു. ഏതെങ്കിലും ചാരിറ്റി തനിക്ക് തെരഞ്ഞെടുക്കേണ്ടിവന്നാല്‍ അതു കുട്ടികളെ, പ്രത്യേകിച്ച് പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ സംരക്ഷിക്കുന്ന ചാരിറ്റി ആയിരിക്കുമെന്നു ഷാനാ മോഹന്‍ പറഞ്ഞു.
അമ്മയാണ് തന്റെ ഏറ്റവും വലിയ മാതൃകയെന്ന് നിഷാ മാത്യൂസ് പറഞ്ഞു. ഒരാളെ ബാഹ്യമോടികൊണ്ട് മാത്രം വിലയിരുത്തരുതെന്നു പ്രഭാ തോമസ് ചൂണ്ടിക്കാട്ടി. രണ്ടു സംസ്കാരത്തില്‍ ജീവിക്കുമ്പോള്‍ വേണ്ടത് ആത്മവിശ്വാസമാണെന്നുഡോ. പഞ്ചമി തോമസ് പറഞ്ഞു. തന്റെ കുഞ്ഞിനു ആറുമാസം പ്രായമുള്ളപ്പോഴാണ് ഡോക്ടറേറ്റ് പഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. സ്വപ്നങ്ങള്‍ക്ക് പ്രായപരിധിയൊന്നുമില്ല.
കുക്കിംഗ് ഗ്യാസ് പോലെയാണ് ഫെയ്സ്ബുക്ക് എന്നു സൂസന് ഇടമല പറഞ്ഞു. എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലവ്ലിക്ക് ലോകമെങ്ങുനിന്നും പിന്തുണ ലഭിച്ചത് ഫെയ്സ്ബുക്ക് കാരണമാണ്.
മദര്‍ തെരേസ, പ്രിന്‍സസ് ഡയാന, ഐശ്വര്യാ റായ് എന്നിവരൊക്കെ സുന്ദരികള്‍ ആയിരുന്നുവെന്നു ദിവ്യ രാജന് പറഞ്ഞു. ഓരോരുത്തരും അവരവരുടേതായ രീതിയിലാണ് സുന്ദരരാകുന്നത്. ആത്മവിശ്വാസത്തിന്റെ പര്യായമാണ് ഐശ്വര്യാ റായ്. വലിയ മോഡലായും മികച്ച അമ്മയായും ഐശ്വര്യ ഏവര്‍ക്കും മാതൃകയാണ്. മദര്‍ തെരേസ ഒരു മാലാഖ പോലെയുള്ള മഹതി. അതിനാല്‍ ഇവരിലാരാണ് ഏറ്റവും സുന്ദരി എന്നു തെരഞ്ഞെടുക്കാനാവില്ല.
മൂക്കുത്തി ഇട്ട് നീളന്‍ മുടിയുമായി 2001-ല്‍ താന്‍ അമേരിക്കയിലെത്തിയപ്പോള്‍ പലരും തുറിച്ചുനോക്കിയത് സബിത ജോര്‍ജ് അനുസ്മരിച്ചു. അന്നത് അസ്വസ്തതയുണ്ടാക്കി. അവയെ നേരിടുകയും രണ്ടു സംസ്കാരത്തിന്റേയും നല്ല വശങ്ങള് സ്വീകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. ഇപ്പോഴും തനിക്ക് മൂക്കുത്തിയുണ്ട്. തന്നെ മാതൃകയാക്കുന്നുവെങ്കില്‍ അതിനു പ്രധാന കാരണം തന്റെ പോസിറ്റീവ് ചിന്താഗതിയായിരിക്കുമെന്നു ശ്രീദേവി അജിത്കുമാര്‍ പറഞ്ഞു.
മുമ്പ് നടന്ന സംഭവങ്ങള്‍ ഓരോന്നും നല്ലതിനു വേണ്ടിയും ഓരോ കാരണംകൊണ്ടുമാണ് ഉണ്ടായതെന്നു കരുതുന്നതായി മിനി ഏബ്രഹാം പറഞ്ഞു.