ബാള്‍ട്ടിമോര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനു ബാള്‍ട്ടിമൂറിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് വൈറോളജി സ്വീകരണം നല്കുന്നു.
വൈറസുകള്‍ കണ്ടെത്താനും അവയ്ക്ക് മരുന്നും പ്രതിരോധ കുത്തിവയ്പും രൂപപ്പെടുത്താനും കേരളത്തില്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐ.എ.വി) സ്ഥാപിക്കുന്നതിനും നിപ്പാ പകര്‍ച്ച വ്യാധിക്കെതിരെ വിജയകരമായ പ്രതിരോധ നടപടി സ്വീകരിച്ചതിനും അഭിനന്ദനമര്പ്പിച്ചാണു സ്വീകരണം.
മുഖ്യമന്ത്രിയോടൊപ്പം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറും ഉണ്ടാവും.
ഫൊക്കാന കണ് വന്ഷനെത്തുന്ന മുഖ്യമന്ത്രിക്കു ജൂലെ 6-നു രണ്ട് മണിക്കാണു സ്വീകരണം നല്‍കുന്നത്.
സ്റ്റേറ്റ് ഓഫ് മെരിലാന്‍ഡ്, സിറ്റി ഓഫ് ബാല്‍ട്ടിമൂര്‍, യൂണിവേഴ്സിറ്റി സിസ്റ്റം ഓഫ് മെരിലാന്‍ഡ് എന്നിവ സംയുകതമായാണു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ലോകത്തിലെ വൈറസിനെതിരായ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമാണിത്. ഡൊ. റോബര്‍ട്ട് ഗാലൊ ആണു സ്ഥാപകന്‍.
ഇതാദ്യമായാണ് ഒരു വിദേശ നേതാവിനു ഇന്‍സ്റ്റിട്യൂട്ടില്‍ സ്വീകരണം നകുന്നതെന്നു കേരളത്തില്‍ ഐ.എ.വി. സ്ഥാപിക്കുന്നതിനു മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഡോ. എം. വി . പിള്ള പറഞ്ഞു. ഐ.എ.വിയുടെ കെട്ടിട നിര്മ്മാണംതോന്നക്കല് ബയോ ലൈഫ് സയന്‍സ് പാര്‍ക്കിലെ 25 ഏക്കര്‍ കാമ്പസില്‍ മുഖ്യമന്ത്രി കഴിഞ്ഞമാസം 30-നു ഉദ്ഘാടനം ചെയ്തിരുന്നു. അടുത്ത വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കും.
ആഗൊള വൈറസ് ഗവേഷണ കേന്ദ്രങ്ങളുമായി ഐ.എ.വി ലിങ്ക് ചെയ്യപ്പെടും---------------
നിപ വൈറസ് പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആണ് വൈറോളജി ഗവേഷണ കേന്ദ്രം എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത് .
കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി സംസ്ഥാനം അഭിമുഖീകരിക്കുന്ന ഡെങ്കു, എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ ഗുനിയ തുടങ്ങിയ വിവിധ പനികളുടെ രോഗഹേതു വൈറസുകളായതിനാലും, രോഗനിര്‍ണ്ണയത്തിനും കൂടുതല്‍ പരിശോധനകള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലും സംസ്ഥാനത്ത് ഒരു ഗവേഷണ വികസന കേന്ദ്രം വേണമെന്ന ആശയം, ഡോ. എം. വി. പിള്ള, ഡോ. ശാര്‍ങ്ങധരന്‍ എന്നിവരാണ് മുന്നോട്ടു വച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയാല്‍ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ വിദേശ രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ നിപ്പാ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും.
ആദ്യ ഘട്ടത്തിനുള്ള 25,000 ചതുരശ്രയടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രീഫാബ് രീതിയില്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കൂടാതെ, അതിവിശാലവും അന്താരാഷ്ട്ര നിലവാരത്തിലും മാനദണ്ഡത്തിലുമുള്ള 80,000 ചതുരശ്രയടി വരുന്ന പ്രധാന സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല കെ എസ് ഐ ഡി സി മുഖേന എല്‍ എല്‍ എല്‍ ലൈറ്റ്സിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറല്‍ നെറ്റ്വര്‍ക്കിന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍ 3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍ 4ലേക്ക് ഉയര്‍ത്തും.
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ട് ലാബുകളാണ് ഉണ്ടാകുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്നോസ്റ്റിക്സ്, വൈറല്‍ വാക്സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്സ്, ബയോ ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും പ്രധാന സമുച്ചയത്തിലുണ്ടാകും.
വൈറല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും എന്നതിലുപരി ലോകത്തെ തന്നെ എണ്ണപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഉള്‍പ്പെടും വിധമാണ് സ്ഥാപനത്തിന്റെ ഘടന. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും. പി ജി ഡിപ്ലോമ (വൈറോളജി) ഒരു വര്‍ഷം, പി എച്ച് ഡി (വൈറോളജി) എന്നിവയാണ് ആദ്യഘട്ടമുണ്ടാവുക.
ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി KSIDC ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിട സമുച്ചയത്തിനു സമീപം തന്നെ ഒരു പ്രീ ഫാബ് ബില്‍ഡിംഗ് നിര്‍മ്മിക്കും.
സംസ്ഥാനത്തോ, രാജ്യത്തോ അത്തരം ശൃംഖലയില്‍ കണ്ണികളായിട്ടുള്ള ഒരു സ്ഥാപനവും നിലവില്‍ ഇല്ല. രോഗകാരണം കണ്ടെത്തുകയും, രോഗകാരികളെ മനസ്സിലാക്കുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നതിലുപരി രോഗം പിടിപെടാനും, പടരാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.
രോഗനിയന്ത്രണം, നിര്‍മാര്‍ജനം, അവലംബിക്കേണ്ട പ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങിയവ സമഗ്രമായി പഠിക്കുകയും അപഗ്രഥിക്കുകയും പരിഹരിക്കുകയുമാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലക്ഷ്യം. വൈറസ് ഗവേഷണ കേന്ദ്രം സജ്ജമാക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് നിര്‍വഹിക്കുന്നത്. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി ആയിരിക്കും ഈ സ്ഥാപനം തുടങ്ങുക.
മുഖ്യ മന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരം ഡോ. എം വി പിള്ളയും ഡോ ശാര്‍ങ്ഗധരനും ചേര്‍ന്നാണ് പദ്ധതിയുടെ പ്രാരംഭ രേഖ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് അംഗീകരിച്ച മുഖ്യ മന്ത്രി ശാസ്ത്ര കൗണ്‍സിലിനോട് പദ്ധതി നടപ്പില്‍ വരുത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
നിലവില്‍ കേരളത്തില്‍ വൈറസ് പഠനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള വൈറോളജി ഗവേഷണ കേന്ദ്രങ്ങള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .ഈ രണ്ടു കേന്ദ്രങ്ങളും ആലപ്പുഴ ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനു കാര്യമായ സഹായങ്ങള്‍ നല്‍കുന്നില്ല. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്1 എന്‍1 പരിശോധന മാത്രമാണു നടത്തുന്നത്.
സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അതുപോലുമില്ല. അതേ സമയം, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വൈറസ് സാംപിളുകള്‍ ശേഖരിച്ചു സമഗ്ര ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തു ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും വൈറസിന്റെ ഇനം കണ്ടെത്താനുള്ള ശ്രമം പോലും ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം സഹചര്യങ്ങളില്‍ ആണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വട്ടവും ഗുണകരമായ വൈറോളജി ഗവേഷണ കേന്ദ്രവുമായി കേരളാ സര്‍ക്കാര്‍ എത്തുന്നത് .
ഇപ്പോള്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരണങ്ങള് കൂടിയപ്പോള്‍ അടിയന്തിരമായി വൈറോളജി ഗവേഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചത് .
നിപ, ഡെങ്കിപ്പനി പോലെ ഉള്ള വൈറസ് രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ മാത്രമല്ല ,പൂര്‍ണ്ണമായും അത് നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കേരളം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .