Image

പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത് മോഹന്‍ലാലിന് വിനയായി. ചുരുങ്ങിയ ദിവസം കൊണ്ട് നേടിയ കണക്കിന് പരിഹാസവും വിമര്‍ശനങ്ങളും

Published on 11 July, 2018
പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തത് മോഹന്‍ലാലിന് വിനയായി. ചുരുങ്ങിയ ദിവസം കൊണ്ട് നേടിയ കണക്കിന് പരിഹാസവും വിമര്‍ശനങ്ങളും


മഹാഭാരതത്തില്‍ ശിഖണ്ഡിയെ മുന്‍നിര്‍ത്തി ഭീഷ്മ പിതാമഹനോട് അര്‍ജ്ജുനന്‍ യുദ്ധം ചെയ്തത് പോലെ ഇന്നസെന്‍റിനെ മുന്‍നിര്‍ത്തി സ്ഥിരമായി എതിരാളികളെ നേരിടുന്നതായിരുന്നു താരസംഘടനയ്ക്കുള്ളില്‍ സൂപ്പര്‍താരങ്ങളുടെ പരിപാടി. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ വിഷയം കൈകാര്യം ചെയ്യാന്‍ ഇന്നസെന്‍റിന് കഴിയാതെ വന്നതും സിനിമയുടെ മുഖം മോശമായതും മോഹന്‍ലാല്‍ നേരിട്ട് താരസംഘടനയുടെ തലപ്പത്തേക്ക് കടന്നു വരാന്‍ കാരണമായി. 
മോഹന്‍ലാലിന്‍റെ വ്യക്തിപ്രഭാവം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും എതിരിപ്പിനെ കുറയ്ക്കാനും അനുനയിപ്പിക്കാനും കാരണമാകും എന്നായിരുന്നു കണക്കുകൂട്ടല്‍. പൊതുവില്‍ യാതൊരു ചോദ്യങ്ങള്‍ക്കും നേരെ ചൊവ്വേ മറുപടി പറയാതെ ഡിപ്ലോമാറ്റിക്കായി കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ മിടുക്കനുമായിരുന്നു ലാല്‍. 
എന്നാല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ലാല്‍ പറഞ്ഞ കാര്യങ്ങളെയെല്ലാം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പൊളിച്ചതോടെ എ.എം.എം.എ യുടെ പ്രസിഡന്‍റ് സ്ഥാനം വല്ലാത്ത പൊല്ലാപ്പായിരിക്കുകയാണ് മോഹന്‍ലാലിന്. 
പ്രശസ്ത സംവിധായകന്‍ ഡോ.ബിജു സമാനതകളില്ലാത്ത വിധം ഇപ്പോള്‍ മോഹന്‍ലാലിനെതിരെ തുറന്നടിച്ചിരിക്കുന്നു. ബ്ലോഗ് എന്ന പേരില്‍ എമ്മാതിരി സാമൂഹ്യബോധമില്ലാത്ത എഴുത്തുകള്‍ ആണ് എന്ന് നോക്കു എന്നാണ് മോഹന്‍ലാലിന്‍റെ ബ്ലോഗ് എഴുത്തിനെക്കുറിച്ച് ബിജു വിമര്‍ശിക്കുന്നത്. മാത്രമല്ല സമ്പൂര്‍ണ്ണന്‍ ആണ് ഞാന്‍ എന്ന സ്വയം എഴുതി നെറ്റിയില്‍ ഒട്ടിക്കുന്നത് അപാരധൈര്യം തന്നെയെന്നും ബിജു മോഹന്‍ലാലിനെ കളിയാക്കുന്നു. ദി കംപ്ലീറ്റ് ആക്ടര്‍ എന്ന പേരിലാണ് മോഹന്‍ലാലിന്‍റെ വെബ്പേജും ബ്ലോഗുമൊക്കെ പോകുന്നത്. 
ഇതൊന്നും ഇതുവരെ വിമര്‍ശിക്കപ്പെടാത്ത തരത്തില്‍ സമൂഹ മധ്യത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു എന്നത് തന്നെ മോഹന്‍ലാലിന് വലിയ പൊല്ലാപ്പായിരിക്കുകയാണ്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ കോമാളികള്‍ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം സംവിധായകന്‍ രാജീവ് രവിയും രംഗത്ത് വന്നിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക