ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതിന് ഇന്ത്യയില്‍ നിന്നും സന്ദര്‍ശക വിസയില്‍ എത്തിയ അറുപത്തിമൂന്നുകാരനായ വൃദ്ധനു ജയില്‍ ശിക്ഷ. കുറ്റം തെളിഞ്ഞതോടെ ഇദ്ദേഹത്തിന് മൂന്നു മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. പെന്‍സില്‍വേനിയയിലെ ബക്സ് കൗണ്ടിയില്‍ ഈ മാസം എട്ടിനാണ് വിധിയുണ്ടായത്.
സദാശിവ് വലുഞ്ജ് എന്നയാളെ ശിക്ഷാ കാലാവധിക്കു ശേഷം ഇന്ത്യയിലേക്ക് തിരിച്ചു നാടുകടത്തും. പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിക്കുമ്പോഴാണ് ലൈംഗികമായി സദാശിവ് പീഡിപ്പിച്ചത്. പിടിക്കപ്പെട്ടപ്പോള്‍ കുട്ടിയുടെ പിതാവിന്റെ അടുത്ത് കുറ്റങ്ങള്‍ ഏറ്റു പറഞ്ഞതിനെത്തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ വച്ചും കുട്ടിയുടെ അമ്മയുടെ കാറില്‍ വച്ചും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റം പ്രതി ഒരിക്കല്‍ പോലും വിചാരണ വേളയില്‍ നിഷേധിച്ചില്ല. ന്യൂജേഴ്സിയിലുള്ള പുത്രനെ കാണാന്‍ വേണ്ടിയായിരുന്നു വലുഞ്ജിന്റെ ആദ്യ യുഎസ് യാത്ര. അവിടെ വച്ചാണ് ബാബാ എന്ന പേരുള്ള ഇയാളെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവരുടെ വീട്ടിലേക്കു ക്ഷണിച്ചത്. ആദ്യ സന്ദര്‍ശനം സെപ്തംബര്‍ അവസാനം അഞ്ചു ദിവസം മാത്രമായിരുന്നു. തുടര്‍ന്ന് നവംബറില്‍ രണ്ടു ദിന സന്ദര്ശനത്തിനുമെത്തിയപ്പോഴായിരുന്നു പീഡനം. കഴിഞ്ഞ ജനുവരി 16-നാണ് മഹാരാഷ്ട്ര സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.