കൊച്ചി: മമ്മൂട്ടി നായകനായ പുള്ളിക്കാരന് സ്റ്റാറാ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി യുവ നടി അര്‍ച്ചന പദ്മിനി.
ചിത്രീകരണത്തിനിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷെറിന് സ്റ്റാന്‍ലി എന്നയാള്‍ തന്നോട് വളരെ മോശമായി പെരുമാറി. ഇതുമായി ബന്ധപ്പെട്ട് ഫെഫ്കക്ക് രണ്ട് തവണ പരാതി അയച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ബി. ഉണ്ണികൃഷ്ണനാണ് പരാതി നല്‍കിയത്. ഷെറിന് സ്റ്റാന്‍ലി ഇപ്പോഴും സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ തനിക്ക് സിനിമകളില്ലെന്നും അര്‍ച്ചന പ്രതികരിച്ചു.
സോഹന്‍ സീനുലാല്‍ എന്ന നടന്റെ നേതൃത്വത്തിലാണ് ഫെഫ്കയുമായി സമാധാന ചര്‍ച്ച നടത്തിയതെന്നും ബി. ഉണ്ണികൃഷ്ണന്, സിബി മലയില്‍ എന്നിവരും ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു.
പൊലീസിനെ അറിയിച്ചോ എന്ന ചോദ്യത്തിന് വീണ്ടുമൊരു വെര്‍ബല്‍ റേപ്പിന് പാത്രമാകാന്‍ താല്പര്യമില്ലെന്നും അര്‍ച്ചന പറഞ്ഞു.
'ശുദ്ധകള്ളമാണ്, അര്‍ച്ചന എന്നു പറഞ്ഞ പെണ്‍കുട്ടി ഞങ്ങള്‍ക്ക് ഒരു മെയിലയച്ചപ്പോള്‍ അപ്പോള്‍ നടപടി സ്വീകരിച്ചതാണ്. അപ്പോള്‍ തന്നെ അവരെ ഓഫീസിലേയ്ക്ക് ഞങ്ങളാണ് വിളിച്ചു വരുത്തിയത്. കുറ്റം ആരോപിച്ചയാളെയും വരുത്തി. ഞാനുമുണ്ടായിരുന്നു സിബി മലയിലും ഉണ്ടായിരുന്നു.
ഞങ്ങള്‍ അവരോട് ആദ്യം പറഞ്ഞത് ഇത് ഒരു ക്രിമിനല്‍ ഒഫന്‍സാണെന്നാണ്. പോലീസ് കേസിന് വകുപ്പുള്ളതാണ് ഇതു സംഘടന കൈകാര്യം ചെയ്യണ്ട കാര്യമല്ല. നിങ്ങളോടൊപ്പം ഞങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരാം. ഇപ്പോള്‍ തന്നെ നമുക്കു പരാതി ഫയല്‍ ചെയ്യാം. എല്ലാ നിയമസഹായവും അതിനുവേണ്ട കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്തു തരാം.
ഒരു കാരണവശാലും ഞങ്ങള്‍ അതിനു തയാറല്ല എന്നാണ് അവര്‍ പറഞ്ഞത്. സംഘടനപരമായ നടപടി മതി. അയാളെ അപ്പോള്‍ തന്നെ സംഘടനയില്‍ നിന്ന് പുറത്താക്കി. പുറത്താക്കിയ ശേഷം ഇതിനകത്ത് പോലീസ് നടപടി വേണ്ട എന്നും സംഘടനപരമായ നടപടി മാത്രം മതി എന്നും എഴുതിയതിനകത്ത് അര്‍ച്ചന എന്ന് പറയുന്ന കുട്ടി ഒപ്പിട്ടിട്ടുണ്ട്.