കൃഷ്ണേന്ദു പക്ഷത്തിലെ
ഇലക്കിളിക്കന്നി പോല്‍
ഇനിയെത്ര കാലമെന്‍ ഭൂമി ?
മഴുവേറ്റു വീഴുന്ന
മഴക്കാടുകളില്‍ നിന്ന്
മരണത്തിന്റെ പാദ പതന നാദം !
മഴയറ്റു പോവുന്ന
മലരണിക്കാടുകളില്‍ നിന്ന്
മഴപ്പക്ഷിയുടെ രോദനം !
കാര്‍ബണ്‍ ഡയോക്സിന്റെ
കറുത്ത നഖങ്ങള്‍ മാന്തിക്കീറിയ
ഓസോണ്‍ ലയറിന്റെ കന്യകാത്വം !
അന്തരീക്ഷ വായുവിന്റെ
അതി താപ താണ്ഡവത്തില്‍
അടി പിണഞ്ഞുരുകുന്ന ധ്രുവ ശിരസ്സുകള്‍ !
അണു സ്പോടന പരന്പരകളുടെ
അതി കന്പനത്തില്
അന്തര്‍ സമുദ്ര ഭൂകന്പങ്ങള്‍ !
അതിന്റെ അതി മര്‍ദ്ദത്തില്‍
അതിര് വരകള്‍ ലംഘിക്കുന്ന
സുനാമിത്തിരകള്‍ !
റിയാക്ടര്‍ വേസ്റ്റുകളില്‍ നിന്ന്
പുറത്തൊഴുകുന്ന റേഡിയേഷനില്‍
കാന്‍സറിന്റെ വിഷ വിത്തുകള്‍ !
രാസ ജൈവായുധങ്ങളുടെ
പിന്‍വാതില്‍ പ്രൊഡക്ടുകളായി
പേരറിയാ രോഗങ്ങള്‍ !
മുലപ്പാല്‍ പോലെ
വിശുദ്ധമായ ആകാശത്തില്‍
നിക്ഷേപിക്കപ്പെടുന്ന വിഷ വിത്തുകള്‍ !
കാന്‍സറും , എയിഡ്സും,
ആന്ത്രാക്സും, പക്ഷിപ്പനിയും,
കാറും, കോളും, കടല്‍ക്കാറ്റും പ്രളയവും !
അധികാര ഗര്വില്
മദം പൊട്ടുന്ന ഭരണാധിപന്മാര്
വിസര്‍ജ്ജിക്കുന്ന യുദ്ധപ്പഴുപ്പുകള് !
ആര്‍ക്കു വേണ്ടിയാണിതൊക്കെ സാര്‍?
നിനക്കോ, നിന്റെ തലമുറകള്‍ക്കോ ?
ഏറിയാല്‍ എണ്‍പത്തിന്റെ
താല്‍ക്കാലിക വിസയിലാണ് നീ ?
മടങ്ങുവാന്‍ സമയമെത്തുന്നു സാര്‍ !
മനസ്സമാധാനത്തോടെ മടങ്ങുവാന്‍
മടിക്കല്ലേ? കരുതിയിരിക്കുക !