കൊച്ചി: എഎംഎംഎയില്‍നിന്ന് രാജിവെച്ച നടിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. കൊച്ചിയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജിവെച്ചവര്‍ വന്നാല്‍ തിരിച്ചെടുക്കുമെന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. മാപ്പൊക്കെ വളരെ അത്യാവശ്യമായി ഉപയോഗിക്കാനുള്ള കാര്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
സിനിമാ സംഘടനകളില്‍ പരാതിപരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട് എഎംഎംഎ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്കെതിരെ ഡബ്ല്യുസിസി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ഗണേശ് കുമാര്‍ പറഞ്ഞു. എല്ലാ സംഘടനകള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അതിനായി വക്കീലിനെ വെച്ചിട്ടുണ്ട്.
പരാതിപരിഹാര സമിതിയുടെ കാര്യത്തില്‍ നിയമപരമായ എല്ലാ കാര്യങ്ങളും നടപ്പിലാക്കുമെന്ന് ട്രഷറര്‍ ജഗദീഷ് വ്യക്തമാക്കി. സമിതി വേണമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായും ജഗദീഷ് പറഞ്ഞു.
അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്റ്റേജ് ഷോയ്ക്ക് വേണ്ടിയും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി ഹൈകോടതിയില്‍ ഹരജി നല്കി. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ വെച്ചാണ് താരസംഘടന സ്റ്റേജ് ഷോ നടത്തുക.
ഷോയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യു.സി.സിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത്.
ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ താരങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യു.സി.സിയുടെ ഹരജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക.