2019ല്‍ ഗായിക ചിത്രയെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യേകതകളുള്ള വര്‍ഷമാണ്. സിനിമ പിന്നണി ഗാന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ചിത്രപ. ഇപ്പോള്‍ ഇത്രയും വര്‍ഷത്തെ സംഗീത ജീവിതത്തിനിടെ തനിക്ക് മറക്കാനാകാത്ത സംഭവങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്ര. സംഗീത ലോകത്ത് തന്നെ ഏറെ വിഷമിപ്പിച്ച അനുഭവങ്ങളും ഗായിക പങ്കുവയ്ക്കുന്നുണ്ട്. ഇതില്‍ ഏറെ മറക്കാനാകാത്തത് എ ആര് റഹ്മാന് ഷോയില്‍ സംഭവിച്ച ഒരു പിഴവായിരുന്നുവെന്ന് ചിത്ര ഓര്‍ക്കുന്നു. ഒരു റേഡിയോ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ചിത്ര ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
റഹ്മാന് സാറിന്റെ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ ലൈനില്‍ സ്കെയില്‍ ചേഞ്ച് വരണം. അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു. അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം നിര്‍ത്തിയ നോട്ടില്‍ നിന്ന് ഞാന്‍ തുടങ്ങി. പക്ഷേ അവിടെ നിന്നല്ലായിരുന്നു ഞാന്‍ പാടേണ്ടത്. ഞാനല്ല സിനിമയില്‍ ആ പാട്ട് പാടിയത്. അതിന്റെയൊരു ആത്മവിശ്വാസക്കുറവ് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ നന്നായി പഠിച്ച് പ്രാക്ടീസ് ചെയ്ത് പോയതായിരുന്നു. ഇന്നും അത് ആലോചിക്കുമ്പോള്‍ ഒരു വിഷമമാണ്. എന്താണ് സംഭവിച്ചതെന്ന് റഹ്മാന് മനസ്സിലായില്ല' ചിത്ര പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലെ 'മാലേയം മാറോടലിഞ്ഞു' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന്റെ പിന്നിലെ രസകരമായ ഒരു കഥയും ചിത്ര പങ്കുവെച്ചു. ഈ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് ശരത്തായിരുന്നു. ഗുരുവായൂരപ്പനെ സങ്കല്‍പ്പിച്ചായിരുന്നു ചിത്ര ആ ഗാനം പാടിയത്. പക്ഷേ ശരത് വിവരിച്ചു തന്നപ്പോള്‍ തന്നെ ആ പാട്ടിന്റെ സാഹചര്യം അതല്ല എന്ന് ചിത്രക്ക് തോന്നുകയും ചെയ്തിയിരുന്നു. സിനിമയില്‍ കണ്ടപ്പോഴാണ് ശരിക്കും സംഭവം എന്താണെന്ന് മനസിലായത് എന്ന് ചിത്ര പറയുന്നു