വാരാണസി: ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗാ പ്രയാണത്തിനിടെ സംഘര്‍ഷം. പ്രയാഗ് രാജിലെ മനയ്യ ഘട്ടില്‍നിന്ന് ആരംഭിച്ച യാത്ര വാരാണസിയിലെത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. പ്രിയങ്കയുടെ റാലിയില്‍ ബിജെപി പ്രവര്‍ത്തകരെത്തി മുദ്രവാക്യം വിളിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
ഇതിനിടെ പ്രിയങ്ക മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ പ്രതിമയില്‍ മാല അണിയിക്കുകയും പുഷ്പാര്‍ചന നടത്തുകയും ചെയ്തു. അടിപിടിക്കു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഓടിയെത്തി പ്രിയങ്ക അണിയിച്ച മാല ഊരിമാറ്റി. പ്രതിമ ഗംഗാ നദിയിലെ വെള്ളം ഉപയോഗിച്ചു കഴുകി ശുദ്ധീകരണം നടത്തുകയും ചെയ്തു. പരിപാടിക്കു ശേഷം പ്രിയങ്ക മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തിയത്.