ഇന്നസെന്റ് ജയിക്കുമെന്ന് പറഞ്ഞ് മാതാപിതാക്കളോട് ബെറ്റ് വെച്ച കൊച്ചു മിടുക്കന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നതാണ്. വോട്ടെടുപ്പ് ദിവസം വീഡിയോയിലെ നായകനെ കാണാന്‍ സാക്ഷാല്‍ ഇന്നസെന്റ് നേരിട്ടെത്തി. കൂട്ടത്തില്‍ സമ്മാനങ്ങളും നല്കി.
ബാറ്റും ബോളും കളിപ്പാട്ടങ്ങളുമായാണ് ഇന്നസെന്റ് കൊച്ചു മിടുക്കനെ കാണാനെത്തിയത്. കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ച താരം 'ഇനി ആരെങ്കിലും ഇന്നസെന്റ് തോല്‍ക്കുമെന്ന് പറഞ്ഞാല്‍ ആ ശരി' എന്നു മാത്രം പറഞ്ഞാല്‍ മതിയെന്ന് കുട്ടിയോട് തമാശരൂപേണ പറഞ്ഞു. ഒപ്പം ഏതു രാഷ്ട്രീയമാണെങ്കിലും ഇത്തരത്തില്‍ ഒരു സ്പിരിറ്റുള്ളത്് നല്ലതാണെന്നും കുട്ടിയുടെ ആ ആവേശമാണ് തന്നെ ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് നേതാവായ ജോസ് തെറ്റയിലും ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്നു.
'അമ്പട മിടുക്കാ, ഞാന്‍ വരുന്നുണ്ട് നിന്നെ കാണാന്‍' എന്നെഴുതി ഇന്നസെന്റ് തന്റെ ഫേസ്ബുക്കില്‍ കുട്ടിയുടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു.തന്റെ മകനാണ് ഈ വിഡിയോ തന്നെ കാണിച്ചതെന്നും അപ്പോള്‍ തന്നെ ഈ കുട്ടിയെ നേരിട്ട് വന്ന് കാണണമെന്ന് താന്‍ തിരുമാനിച്ചിരുന്നതാണെന്നും ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.