പൂന: ഐപിഎല്ലില്‍ പൂന വാരിയേഴ്സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എട്ടു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വാരിയേഴ്സ് ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം ഡെയര്‍ ഡെവിള്‍സ് നാലോവറും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തി അനായാസം മറികടന്നു. സ്കോര്‍: പൂന വാരിയേഴ്സ്: 20 ഓവറില്‍ 146/2, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്: 16 ഓവറില്‍ 148/2.
ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ(48 പന്തില്‍ 87 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിംഗാണ് ഡെയര്‍ ഡെവിള്‍സിന്റെ വിജയം അനായാസമാക്കിയത്. കെവിന് പീറ്റേഴ്സണും(27), മഹേള ജയവര്‍ധനെ(18)യും സേവാഗിന് മികച്ച പിന്തുണ നല്കി. നേരത്തെ തകര്‍ച്ചയോടെയായിരുന്നു പൂനയുടെ തുടക്കം. ജെസി റൈഡര്‍(0), ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി(1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും മനീഷ് പാണ്ഡെ(56 പന്തില്‍ 80 നോട്ടൗട്ട്), റോബിന് ഉത്തപ്പ(58 പന്തില്‍ 60 നോട്ടൗട്ട്) എന്നിവര്‍ പൂനയെ കരകയറ്റി. എന്നാല്‍ ഉത്തപ്പയുടെ മെല്ലെപ്പോക്ക് പൂനയ്ക്ക് കൂറ്റന്‍ സ്കോര്‍ നിഷേധിച്ചു.