മരട്: സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു പൊളിച്ചുനീക്കാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ പ്രതീക്ഷകള്‍ കൈവിട്ട് മരട് ഫ്ലാറ്റ് ഉടമകള്‍. കോടതി ഉത്തരവു പ്രകാരമുള്ള സമയപരിധി അവസാനിക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തലസ്ഥാനത്തു സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു.
യോഗ തീരുമാനങ്ങളില്‍ തങ്ങള്‍ പൂര്‍ണ സംതൃപ്തരല്ലെന്നും പ്രതീക്ഷകള്‍ കൈവിടേണ്ട സാഹചര്യമാണു ഉണ്ടായിക്കുന്നതെന്നും ഫ്ലാറ്റ് ഉടമകളില്‍ ഭൂരിഭാഗവും പറയുന്നു.
നിയമപരമായ മാര്‍ഗങ്ങള്‍ തേടാനുള്ള സര്‍വകക്ഷി യോഗത്തിലെ തീരുമാനമാനത്തിലായിരുന്നു ചെറിയ പ്രതീക്ഷ. എന്നാല്‍, കാര്യങ്ങള്‍ വേണ്ട രീതിയില്‍ പുരോഗമിക്കുന്നില്ല എന്ന വാര്‍ത്തകളാണു തങ്ങളുടെ പ്രതീക്ഷകക്കു മങ്ങലേല്പ്പിക്കുന്നതെന്നാണ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയിലേക്കു സര്‍വകക്ഷി സംഘത്തെ അയക്കുന്ന കാര്യത്തില്‍ ഉള്‍പ്പടെ തീരുമാനം ഉണ്ടായില്ല.
ഫ്ലാറ്റുകള്‍ ഈ മാസം 20-നകം പൊളിച്ചു 23ന് ചീഫ് സെക്രട്ടറി നേരിട്ടു ഹാജരായി റിപ്പോട്ടു നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇനി അവശേഷിക്കുന്ന ഒരു ദിവസത്തിനകം പൊളിക്കല്‍ നടക്കില്ല എന്ന കാര്യം ഉറപ്പായി.
എന്നാല്‍, ഇക്കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി 23ന് നേരിട്ടു ഹാജരാവുന്പോള് സുപ്രീംകോടതിയുടെ പ്രതികരണം ഏതു തരത്തിലുള്ളതായിരിക്കും എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
ഇതിനിടെ, പിന്തുണയുമായി എത്തിയ രാഷ്ട്രീയ കക്ഷികളും സംഘടനകളും ഒടുവില്‍ തങ്ങളെ കൈയ്യൊഴിയുമോ എന്ന ആശങ്കയും ഫ്ലാറ്റിലെ താമസക്കാര്‍ പ്രകടിപ്പിച്ചു.
പ്രതിഷേധ സമരങ്ങളുടെ അവസാനഘട്ടത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. സമരങ്ങള്‍ നിര്‍ത്തിയതോടെ ആരും തങ്ങളെ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലായെന്നും താമസക്കാരില്‍ ചിലര്‍ പറയുന്നു.