ന്യൂഡല്‍ഹി: മലയാളികളായ അമ്മയെയും മകനെയും ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ലിസിയും ഡല്‍ഹിയിലെ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ അധ്യാപകനായ മകന് അലന് സ്റ്റാന്‍ലിയുമാണ്(27) മരിച്ചത്. പിതംപുരയിലെ ഫഌറ്റില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു ലിസിയുടെ മൃതദേഹം.
സരായ് കലേഖാനിലെ റെയില്‍വേ പാളത്തില്‍നിന്ന് അലന്റെ മൃതശരീരവും കണ്ടെത്തി. ഡല്‍ഹി ഐ.ഐ.ടി.യില്‍ ഫിലോസഫിയില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ അലന് കഴിഞ്ഞ വര്‍ഷമാണ് കോളേജ് അധ്യാപകനായി ജോലിക്ക് ചേര്‍ന്നത്. രണ്ടു മാസം മുമ്പാണ് ലിസി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന് ഇരുവരും പിതംപുരയില്‍ ഫഌറ്റെടുത്ത് താമസിക്കുകയായിരുന്നു. അലന്റെ സുഹൃത്തുക്കള്‍ ശനിയാഴ്ച ഫഌറ്റിലെത്തിയപ്പോഴാണ് ലിസിയെ മരിച്ചനിലയില്‍ കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അലനെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
രണ്ടാം ഭര്‍ത്താവായ നെയ്യശേരി കുളങ്ങരത്തൊട്ടിയില്‍ കെ.ജോണ്‍ വില്‍സണിന്റെ(65) മരണവുമായി ബന്ധപ്പെട്ട് ലിസിക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടായ യിരുന്നു. ലിസി ഉണ്ടാക്കിയ കടുത്ത മാനസികസംഘര്‍ഷം മൂലമാണ് അച്ഛന് മരിച്ചതെന്നാരോപിച്ച് ജോണിന്റെ ആദ്യഭാര്യയിലെ മക്കളാണ് തൊടുപുഴ പോലീസില്‍ പരാതി നല്‍കിയത്.
ജോണിന്റെ അക്കൗണ്ടിലുണ്ടായിരുന്ന രണ്ട് കോടി രൂപയും സ്വത്തും രേഖകളും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നുണ്ടായിരുന്നു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലിസി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതി പരാതിയില്‍ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്കി.