ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കായി ഒരുക്കുന്ന 'ശിശിരോത്സവം2019', നവംബര്‍ 29 ന് അരങ്ങേറും.
ദമ്മാം ഫൈസലിയയില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ അരങ്ങേറുന്ന ശിശിരോത്സവത്തില്‍ വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികള്‍ അരങ്ങേറും. അതോടൊപ്പം പ്രവാസികള്‍ക്ക് നോര്‍ക്ക, പ്രവാസി ക്ഷേമനിധി, പ്രവാസി പുനഃരധിവാസം എന്നിവയുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവനങ്ങളും നവയുഗം ലഭ്യമാക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വിവിധങ്ങളായ മത്സര പരിപാടികള്‍, ഫുഡ് ഫെസ്റ്റിവല്‍, ചിത്രപ്രദര്‍ശനം, പുസ്തകപ്രദര്‍ശനവും വില്പനയും, മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്ക്, കുടുംബസംഗമം, പ്രവാസി കലാകാരന്മാരുടെ സംഗീത, നൃത്ത, ഹാസ്യ, അഭിനയ കലാപ്രകടനങ്ങള്‍, സാംസ്ക്കാരിക സദസ്സ്, പുരസ്ക്കാര വിതരണം എന്നിവയാണ് ശിശിരോത്സവത്തില്‍ ഉള്‍പ്പെടുത്തിയ പ്രധാന പരിപാടികള്‍.
കിഴക്കന്‍ പ്രവിശ്യയിലെ നൂറോളം കലാകാരന്മാര് ശിശിരോത്സവ വേദിയില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിയ്ക്കും. സ്ക്കൂള് കുട്ടികള്‍ക്കായി ക്വിസ്, ചിത്രരചന എന്നീ മത്സരങ്ങളും, വനിതകള്‍ക്കായി പായസ മത്സരം, മൈലാഞ്ചി മത്സരം എന്നിവയും അരങ്ങേറും. വിജയികള്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളും സമ്മാനിയ്ക്കും.
സാംസ്ക്കാരിക സംഗമത്തില്‍ സൗദി അറേബ്യയിലെ സാമൂഹിക, സാംസ്ക്കാരിക, ജീവകാരുണ്യ, സാഹിത്യ, കല, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.
ശിശിരോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിയ്ക്കും.
പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരിയ്ക്കലും മറക്കാനാകാത്ത പ്രവാസലോകത്തില്‍ ശിശിരത്തിന്റെ വര്‍ണ്ണങ്ങള്‍ വിതറുന്ന വിസ്മയസായാഹ്നം സമ്മാനിയ്ക്കുന്ന ആഘോഷപരിപാടിയാകും 'ശിശിരോത്സവം2019' എന്ന് സംഘാടക സമിതി ചെയര്മാന് ജമാല്‍ വില്യാപ്പള്ളിയും, ജനറല്‍ കണ്‍വീനര്‍ ഷാജി മതിലകവും പത്രകുറിപ്പില്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0509429686, 0532657010, 0537521890, 0538744965 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക.