ചെങ്ങമനാട്: അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേരെ പോലീസ് പിടികൂടി. അത്താണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണിവര്‍. എന്നാല്‍, ഇവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന തുരുത്തിശ്ശേരി, മൂക്കന്നൂര്‍, തിരുവിലാംകുന്ന് സ്വദേശികളും അക്രമികളെ കാറിലെത്തിച്ച മേക്കാട് സ്വദേശിയും സഹായിയുമാണ് പോലീസ് പിടിയിലായിട്ടുള്ളത്.
എന്നാല്‍, കൊല നടത്തിയ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നതായും സൂചനയുണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറോടെ അത്താണി ജങ്ഷനില്‍ ഓടയില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന വാള് പോലീസ് കണ്ടെടുത്തു
നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരന്‍ ബിനോയിയാണ് (34) ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. അത്താണി ബാറിലെ സി.സി.ടി.വി.യില്‍ നിന്ന് അക്രമത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് അക്രമികളെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ പോലീസിന് കിട്ടി. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പോലീസ് സൂചന നല്കി. മൃതദേഹത്തില്‍ 17 വെട്ടുകളുണ്ട്.