ഇറ്റലിയില്‍ വീസ കാലാവധി കഴിഞ്ഞ് കുടുങ്ങിക്കിടക്കുന്ന വിദേശികള്‍ക്ക് വീസ കാലാവധി നീട്ടിക്കൊടുക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ അവസരം പ്രതിസന്ധിയിലകപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് എഐസിസി വിദേശകാര്യ വിഭാഗം സെക്രട്ടറി അഡ്വ.സജീവ് ജോസഫ് ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണം പഴുതുകളടച്ച് ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ ഇറ്റാലിയന്‍ സര്‍ക്കാര്‍ വീസ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അവിടെ കുടുങ്ങിയ 6 ലക്ഷത്തോളം വിദേശികള്‍ക്ക് ആശ്വാസം പകരുന്ന ഇളവ് പ്രഖ്യാപിച്ചത്.
കേരളത്തില്‍ നിന്നുള്ള പതിനായിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെങ്കിലും പലരുടേയും പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞതിനാല്‍ വീസ കാലാവധി നീട്ടല്‍ ആനുകൂല്യം അപ്രാപ്യമാകും. വീസ കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷിക്കാന്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 15 വരെ സമയമനുവദിച്ചിട്ടുണ്ട്. അതിനാല്‍ ഇന്ത്യന്‍ എംബസിയിലൂടെ ഇവരുടെ പാസ്പോര്‍ട്ട് പുതുക്കാന്‍ പ്രത്യേക അനുമതി നല്‍കണമെന്ന് സജീവ് ജോസഫ് വിദേശകാര്യ മന്ത്രിയോട് അഭ്യര്‍ഥിച്ചു.