തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ഉമ്മന്‍ചാണ്ടി നയിക്കും. ഉമ്മന്‍ചാണ്ടിക്ക് പുതിയ ചുമതലകള്‍ നല്കി ഹൈക്കമാന്‍ഡ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ഉമ്മന്‍ചാണ്ടി കേരളത്തിലെ തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി അധ്യക്ഷനാകും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള സമിതിയുടെ മേല്‍നോട്ടവും ഉമ്മന്‍ചാണ്ടി വഹിക്കും. ഉമ്മന്‍ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉമ്മന്‍ ചാണ്ടി സജീവമല്ലാതിരുന്നത് തിരിച്ചടിയായെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഉമ്മന്‍ ചാണ്ടിയുമായി പങ്കുവയ്ക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു.
യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.