-->

kazhchapadu

ഉലകബന്ധു (കഥ: ഹാഷിം വേങ്ങര)

Published

on

ദീര്‍ഘനേരമായി കനത്ത ചിന്തയിലായതിനാല്‍ കാലു തരിക്കാന്‍ തുടങ്ങിയപ്പോഴാണ് ബസ്സ്റ്റാന്‍ഡിലെ ഇരിപ്പിടത്തിലാണെന്ന ഓര്‍മ്മവന്നത്.കയ്യുംകുത്തിയൂന്നി  പതിയെ എണീറ്റ് വടിപോലെ നിന്നശേഷം കൈകാലുകള്‍ ബലംപിടിച്ചൊന്ന് കുടഞ്ഞു. കടുകുമണി മൊരിയും പോലെ ശരീരത്തിലെ സകല എല്ലുകളും അപ്പോള്‍ മുരണ്ടു. ഇരിപ്പിടക്കൂടിന്‍റെ അറ്റത്തേക്ക്  അടുക്കുംതോറും തണുത്ത തെന്നലിനോടുകൂടി ഇഴഞ്ഞെത്തുന്ന മഴത്തുള്ളികള്‍ കൈകാലുകളിലും മുഖത്തുമായി ചുംബിക്കാന്‍ തുടങ്ങി.നേരിയ തണുപ്പേറ്റ് ഉടലാസകലം ഇക്കിളിപ്പെട്ടു.കോണ്‍ക്രീറ്റ് തറകളില്‍ മഴത്തുള്ളികള്‍ ചെരിഞ്ഞു കുത്തുന്നത് ശ്രദ്ധിക്കുന്നതിനിടെയാണ്  കണ്ണുടക്കികൊണ്ട് ഒരു പെണ്ണാട് നിശയുടെ ആദ്യയാമങ്ങളെ കീറിമുറിച്ചുകൊണ്ട് കടന്നുവന്നത്. കടകളുടെ കുറി വെളിച്ചത്തില്‍ രാമിന്നലിലെ  ആകാശദൃഷ്ടി പോലെ ആ വെളുത്ത ആടിനെ  വ്യക്തമായി കണ്ടു.ബസ് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് തറകള്‍ക്ക് അതിരിടുന്ന തുരുമ്പിച്ച കമ്പികളെ ഉരസിയുരസി ആട്  നടക്കുമ്പോള്‍  അതിന്‍റെ മുലകള്‍ പെന്‍ഡുലം  പോലെ ആടുന്നു. യാത്രക്കാരുപേക്ഷിച്ച അങ്ങാടി മാലിന്യങ്ങളിലേക്ക് മൂക്കുമുട്ടെ തലചായ്ച്ച് കുറിയവാലുമിളക്കി ഇടയ്ക്കിടെ അത് നില്‍ക്കും.വീണ്ടും  അലക്ഷ്യമായി നടത്തം തുടരും.ആ കാഴ്ച്ച  അല്‍പ്പനേരം നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ.വീണ്ടും അസ്വസ്ഥനായി  ഇരിപ്പിടത്തിലേക്ക് തന്നെ മടങ്ങി. കുഴക്കിയ ആ  ചിന്ത വീണ്ടും  വേട്ടയാടാന്‍ തുടങ്ങിയിരിക്കുന്നു. ഈ ആടിനെ പോലെയല്ലേ അയാളും......?  അങ്ങാടികളില്‍ തെണ്ടിതിരിഞ്ഞ് ഏതോ ചോരച്ച അറവുശാലയില്‍ ചങ്കറ്റ് ചാകേണ്ട ഈ ആടിനെപ്പോലെ......അയാളിലേക്കായി സകല ഉള്‍നോട്ടങ്ങളും തിരിയുമ്പോള്‍ ഞാനെന്നില്‍ നിന്ന് എത്രയോ അകലെയായിരുന്നു.


          ബാല്‍ക്കണിയിലിരുന്ന്  മിച്ചര്‍ കൊറിക്കുന്നതിനിടെയാണ് ജേഷ്ഠന്‍റെ  ധൃതി പൂണ്ട വിളി  അലോസരപ്പെടുത്തിയത്.
'അഭീ  വേഗം വാ.... നമുക്ക് അങ്ങാടിയില്‍ പോകണം... '
ജേഷ്ടന്‍  അങ്ങാടിയില്‍ പോകാന്‍  വിളിക്കുന്നസമയം  ദേഷ്യം തോന്നാറുണ്ട്.കാരണം ഒരു ജോലിയില്‍ ഏര്‍പെട്ടു കൊണ്ടിരിക്കുമ്പോഴുള്ള പിന്തിരിയല്‍  അസഹനീയമാണ്.ഡിഗ്രിക്കാരന് മിച്ചര്‍ കൊറിക്കലും ഒരു ജോലിയാണെല്ലോ.... വീണ്ടും ദേഷ്യം തോന്നി....
ജേഷ്ഠന്  സ്കൂട്ടര്‍ജ്ഞാനം  ഇല്ലാത്തതിനാല്‍  അദ്ദേഹത്തിന്‍റെ സ്കൂട്ടര്‍ എന്‍റേതുപോല ആയിരുന്നു.അതുകൊണ്ട്  എതിര്‍പ്പൊന്നും ജെഷ്ട്ടനോട്  പറയാതെ അനുസരിക്കാറാണു  പതിവ്.
വീട്ടില്‍നിന്നും അങ്ങാടിയിലേക്ക് ഹ്രസ്വയാത്രയേ  വേണ്ടൂ.  മഞ്ഞവെയില്‍ സായാഹ്നങ്ങളിലാണ് യാത്രയെങ്കില്‍ അതൊരു  ഭാരമേറിയ ത്യാഗമായി ചിലപ്പോള്‍  ഭവിക്കാറുണ്ട്. ആ സമയത്ത്  സൂര്യനെ നോക്കിയില്ലേലും അവന്‍  കണ്ണിലേക്ക് തന്നെ തുറിച്ചു നോക്കും.  കാമുകന്‍റെ മുന്നില്‍ മുഖം താഴ്ത്തി ലജ്ജിക്കുന്ന യുവതിയെ പോലെ  ശിരസ്സ് താനേ  അഞ്ചിക്കും.പതിവായി പാടത്തിനു കുറുകെയെത്തുമ്പോഴാണ് ഈ പ്രണയം സംഭവിക്കുക. സൂര്യന്‍റെ കണ്ണുരുട്ടല്‍........!ആ   ഉഗ്രപ്രകാശത്തില്‍  സ്കൂട്ടറോടിക്കാന്‍ വളരെ  പ്രയാസമാണ്.
പക്ഷേ ഇന്ന് ആകാശം കരുവാളിച്ചിരുന്നതിനാല്‍ സൂര്യന്‍ പാടെ  ഉറങ്ങിയ  മട്ടായിരുന്നു.മേഘത്തണലിലൂടെ സ്വസ്ഥമായി തന്നെ വണ്ടിയോടിച്ചു.
മരമുട്ടികള്‍ക്കിടയില്‍ ഈര്‍ക്കിലി ഒതുങ്ങും പോലെ,  നിര്‍ത്തിയിട്ട ഭീമന്‍ ബസ്സുകള്‍ക്കിടയില്‍  സ്കൂട്ടര്‍ പാര്‍ക്കുചെയ്തു.ദീര്‍ഘനേരത്തെ കാത്തിരിപ്പിന്‍റെ മുന്നോടിയായുള്ള മടുപ്പ് പതിയെ ഗ്രസിക്കാന്‍ തുടങ്ങിരുന്നു.
'അഭീ ......  ഈ പൈസകൊണ്ട് ... ചായയൊക്കെ കുടിച്ചിരിക്ക്. ഞാന്‍ ഇതെല്ലാം ടൈപ്പ് ചെയ്തു വരാം... കുറച്ചു സമയമെടുക്കും......  '
ഒരു നൂറു രൂപ നീട്ടിപിടിച്ച്  ജേഷ്ഠന്‍ പരുങ്ങലോടെ  പറഞ്ഞു. ഞാനുണ്ടോ വാങ്ങുന്നു...... !
അമ്മയുടെ കയ്യില്‍നിന്നല്ലാതെ ഒരു രൂപ പോലും വാങ്ങിക്കുന്നത് എനിക്കിഷ്ട്ടമല്ല.
'അത് വേണ്ട....'
മുഖം തിരിച്ച്  അനിഷ്ടം പ്രകടിപ്പിച്ചു..
ജേഷ്ഠന്‍ ഒരു വലിയ കെട്ട് കടലാസ്  കയ്യിലെടുത്ത്  അകന്നു പോകുന്നത്  നോക്കിനിന്നു.
ആരുടെ കയ്യില്‍ നിന്നും പണം വാങ്ങാത്തതിലും നേരിട്ട് വിളിക്കാതെ വീട്ടില്‍ അറിയിച്ച  കല്യാണത്തിന് പോകാത്തതിലും  ഉച്ചസമയത്ത് ഏതെങ്കിലും ബന്ധുവീട്ടിലേക്ക് ആവശ്യത്തിന് ചെന്നാല്‍ അവിടെ നിന്ന് ഭക്ഷണം കഴിക്കാത്തതിലും  അമ്മയ്ക്ക് പരാതിയുണ്ട്.
'നീ പഠിക്കുന്ന പയ്യനാ..... നിന്‍റെ ഈ സ്വഭാവത്തിന്  ദുരഭിമാനം എന്നാണ് പറയാ...'
അമ്മ ഇടയ്ക്കിടെ കുത്ത് വാക്ക് പറയാറുണ്ടെങ്കിലും    ആ ശരവര്‍ഷങ്ങള്‍ക്കൊന്നും  ത്തന്നെ  സ്വഭാവത്തിന്  ഒരുമാറ്റവും വരുത്താന്‍ കഴിഞ്ഞില്ല.അമ്മയുടെ സകല വഴക്കുകളും വീട്ടിലെ ഭിത്തികള്‍ക്കിടയിലൂടെ ഓടിച്ചത്തു.


        വാച്ച് അപ്പോഴേക്കും നാലര മണിയോടടുത്തു....
ഹെല്‍മറ്റ് ഊരിയെടുത്ത്  സ്കൂട്ടറിന്‍റെ കണ്ണാടിയില്‍ കൊളുത്തിയശേഷം ഫോണെടുത്തു. ഫോണ്‍ നല്ലൊരു സമയംകൊല്ലിയാണ്. പണ്ട് ചവച്ചാല്‍ വഴങ്ങാത്ത മിഠായികളായിരുന്നു സമയത്തെ കൊല്ലാന്‍ ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് ആന്‍ഡ്രോയിഡ് ഫോണുമായുള്ള  വിരല്‍ ബന്ധം അതികഠിനമായതിനാല്‍ സമയദൈര്‍ഘ്യം ഒരു പ്രശ്നമേയല്ല.  അതില്‍ യുവതികള്‍ക്ക് പരാതിയുണ്ടാകും.അവരില്‍ ഉടക്കിയ   കണ്ണുകള്‍ ഇന്ന് സ്ക്രീനിലാണല്ലോ.....!
എല്ലാ ഫംഗ്ഷനുകളിലൂടെയും ഒന്ന്  കയറിയിറങ്ങി.അങ്ങനെ ഫോണ്‍ സമയനശീകരണത്തില്‍ മുഴുകാന്‍ തുടങ്ങിയതും പെട്ടെന്ന്  ഒരു ശബ്ദം മുഴങ്ങി.
'ഹേയ്.....'
ആരോ തൊട്ടടുത്തുനിന്ന് അകലെയുള്ളവനെ വിളിക്കും പോലെ പൊടുന്നനെ ഒച്ചയിടുന്നു.ആ ചൂഴ്നിറങ്ങുന്ന ശബ്ദത്തില്‍ ചെവിപുളിച്ചു. പതിയെ പിന്നോട്ടു നോക്കിയപ്പോള്‍.
ഫ്രീക്കനായ ഒരു വൃദ്ധന്‍ പുറകില്‍ നില്‍ക്കുന്നു.മുട്ടുവരെ നീളവും  ഒരുപാട് കീശകളുമുള്ള ഒരു ത്രീഫോര്‍ത്തും   പാതി തുറന്നിട്ട ഏങ്കോണിച്ച ഒരു കുപ്പായവുമാണ് അയാളുടെ വേഷം. നരച്ച താടിരോമങ്ങളും. മുടികൊഴിഞ്ഞതിനാല്‍ തരിശുഭൂമി പോലെയുള്ള  ശിരസ്സും അയാളെ പടുവൃദ്ധനാക്കുന്നു.ശരീരത്തില്‍ നിന്നും ഉദരം ഉന്തിപൊന്തിയിട്ടുണ്ട്.  പള്ള വട്ടം  വ്യക്തമായി അയാള്‍  പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
' ഹേയ്........  '
അയാള്‍ വീണ്ടും ഒച്ചയിട്ടു. ബസ്റ്റാന്‍ഡില്‍ ആരും  അയാളെ പരിഗണിക്കുന്നേയില്ല. ഞാന്‍ സൂക്ഷിച്ച് നോക്കി നില്‍ക്കുന്നത് കണ്ടിട്ടാകണം  ആ വിളി ഞാനേ  കേട്ടുള്ളൂ  എന്ന  ബോധ്യത്തില്‍ അടുത്തേക്ക്  അടുക്കാന്‍ തുടങ്ങിയത്. വേച്ചുവേച്ചാണ് നടത്തം. ട്രൗസര്‍ അഴിഞ്ഞു പോകുന്നതിനാല്‍ ബലമായി അരകെട്ടില്‍  പിടിത്തമിട്ടിട്ടുണ്ട്.
മുന്നേ ഒരു നോക്കുകൊണ്ട്  പോലും  കാണാത്ത അയാളുടെ കണ്ണുകളില്‍ ഞാന്‍ ഒരു ബന്ധുവിനെ പോലെ തിളങ്ങി.അയാള്‍  നീട്ടി പുഞ്ചിരിച്ചു. അതിനെ പുഞ്ചിരി എന്ന് വിളിക്കാമോ എന്നറിയില്ല. ആ അവാച്യമായ മന്ദഹാസത്തില്‍  എന്നെ നൂറ്റാണ്ടുകള്‍ക്കു മുന്നേ അറിയാവുന്ന ഒരു  പ്രതീതിയുണ്ടായിരുന്നു.
അയാള്‍ സംസാരിക്കാന്‍ തുടങ്ങി.
' രാജ്യേതാണ്.......?ശേഷം    ആന പട്ടകണ്ടാലെന്ന പോലെ വൃദ്ധന്‍ തലകുലുക്കികൊണ്ടിരുന്നു.
രാജ്യോ.......!'
ഉത്സാഹിതനായി മറുചോദ്യമെന്നോണം തിരക്കി...
പക്ഷേ ശൂന്യതമാത്രം ശേഷിച്ചു...അയാള്‍ പരിഗണിച്ചില്ല.......     
'ഹേയ്.......ഹേയ് ... '
ചോദ്യം വകവെക്കാതെ മുന്നിലൂടെ പോകുന്ന ഓരോരുത്തരെയും അയാള്‍ വിളിച്ചു കൊണ്ടിരുന്നു. ചിലര്‍ തിരിഞ്ഞുനോക്കി അവഗണിക്കുന്നു. ചിലര്‍ക്ക്  കേട്ടഭാവം പോലുമില്ല. കന്നുകാലികളെ പോലും  കയറൂരി വിടാറില്ലല്ലോ... അപ്പോഴാണ് വാര്‍ദ്ധക്യസഹജമായ സര്‍വ്വ ശരീര വികൃതങ്ങളുമായി ഒരു പാവം നൊസ്സന്‍ അലയുന്നത്.സഹതാപം തോന്നിയതുകൊണ്ടാവാം അയാളെത്തന്നെ വീണ്ടും നോക്കികൊണ്ടിരുന്നത്.
പൊടുന്നനെ വൃദ്ധന്‍   നേരെ കൈ നീട്ടി..ശേഷം  മുഖത്ത് നോക്കി ഒരു  കനത്തആജ്ഞയും.
' വല്ല പൈസയും താ....'
എന്നോ പാന്‍റിന്‍റെ കീശയില്‍ അനാഥമാക്കപ്പെട്ട ഒരു അഞ്ചു രൂപാ  നാണയമല്ലാതെ ഒന്നും നല്‍കാനുണ്ടായിരുന്നില്ല. മാത്രമല്ല......... ആ നാണയം അലക്കുകല്ലിന്‍റെ തൊഴിയാല്‍ നന്നായി കോടിയിട്ടുമുണ്ട്.നാണയം  അയാള്‍ക്ക് നേരെ നീട്ടി..... അല്‍പ്പം സഹതാപത്തോടെ പറഞ്ഞു.
'എന്‍റെ കയ്യില്‍ ഇതേയുള്ളൂ........'
ഒരു വാക്കു പോലും പറയാതെ അയാള്‍ അത് പോക്കറ്റിലാക്കിയപ്പോള്‍  ശരിക്കും അത്ഭുതപെട്ടു . നൊയമ്പ് കാലത്ത് പ്രത്യക്ഷപ്പെടാറുള്ള വീടുതെണ്ടികള്‍ക്ക് പത്തു രൂപാ നോട്ട് കൊടുത്താല്‍ അവരുടെ മുഖഭാവം ഒന്ന് ശ്രദ്ധിക്കണം. ഈര്‍ഷ്യതയും വെറുപ്പും കലര്‍ന്നൊരു നോട്ടമാണ് തിരിച്ചു കിട്ടുക.ഒരുപക്ഷേ ഇയാള്‍ക്ക് വികാരങ്ങള്‍ തന്നെ ഇല്ലായിരിക്കാം.........
അയാളോട് കൂടുതല്‍ അടുക്കാന്‍ വേണ്ടി  സ്നേഹത്തോടെ ചോദിച്ചു.
'കാക്കേ......നിങ്ങള്‍ക്ക്  വീടുണ്ടോ.....?'
അയാള്‍  ഒന്നും ഉരിയാടാതെ  മുഖത്തേക്ക് ആഞ്ഞുനോക്കി.ശേഷം കൈ കൊണ്ട് താളം പിടിച്ച് മൂളാന്‍ തുടങ്ങി.
' ആകെ അടങ്കലും.........'
ഈമുറി വാക്കുകള്‍ ഏതോ പുരാതന വരികളാണെന്ന്  ഗ്രഹിച്ചെടുക്കാന്‍  അല്‍പം സമയമേ വേണ്ടിവന്നുള്ളൂ. നൊസ്സ് പൂക്കാന്‍ തുടങ്ങിയിരിക്കുന്നു.പോകെ പോകെ  അതൊരു പൂങ്കാവനമായി.
ഒന്നും വകവെക്കാതെ  ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു.
'കാക്കേ നിങ്ങളുടെ  വീട് എവിടെ....'
സൂക്ഷിച്ച് നോക്കിയശേഷം അയാള്‍ ഉരിയാടി.
'എന്ത്  ഉമ്മാനെ ഞാന്‍ കെട്ടണന്നോ....?...!' ആയിരം ശങ്കാചിഹ്നങ്ങള്‍ സ്ഫുരിക്കുന്ന മുഖഭാവത്തോടെ അയാള്‍ എന്നോട് കയര്‍ത്തു.
നിമിഷനേരത്തേക്ക് സ്തബ്ധനായിപ്പോയി.  പരക്കെ നോക്കി. ഭാഗ്യം ആരും കേട്ടില്ല. ഇയാള്‍ എന്താണ് പറയുന്നത്.............. !
മനസാ വാചാ കര്‍മ്മണാ  ചിന്തിക്കുകപോലും ചെയ്യാത്തത്.ആളുകള്‍ കേട്ടാല്‍ പിന്നെന്തിന് കൊള്ളാം........
'കാക്കേ നിങ്ങളെന്താ പിച്ചും പേയും പറയുന്നത്.....'
നീരസം പ്രകടിപ്പിക്കേണ്ട താമസം വൃദ്ധന്‍റെ അടുത്തശരം  ഇടനെഞ്ചില്‍ ത്തന്നെ  തറച്ചുകയറി.
' എന്ത്  പേരീല് വന്ന് ....ഉമ്മാനെ കെട്ടണന്നോ...? '
അയാളെരിപിരി കൊള്ളുന്നു.എന്‍റെ നേരെയാണ് അയാളുടെ മുഖമെങ്കിലും  കണ്ണുകള്‍ ഭൂമിയിലും ആകാശത്തുമായി വൃത്തം വരക്കുന്നുണ്ടായിരുന്നു.
' ആഹാ..... ഞാനിത് എല്ലാരോടും പറയട്ടെ......
' കാണുന്നോ ...... ? '
സംസാരത്തില്‍ നിന്ന്  അയാള്‍ക്ക് ആവേശം അധികരിച്ചതായി തോന്നി.നൊസ്സന്‍ കാലും കൈയും ഒരേ ആവൃത്തിയില്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. പിരികം മേലോട്ടും താഴോട്ടും ഇളക്കുന്നതിനനുസരിച്ച് അയാളുടെ കണ്ണുകള്‍ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്.
' വേണ്ട ഇനി ഞാന്‍ ഒരു പൈസയും തരില്ല..'
ഒന്നു  വിരട്ടാന്‍ ശ്രമിച്ചുവെങ്കിലും.എന്തുകാര്യം.......അയാള്‍ ചീറ്റികൊണ്ടിരുന്നു.
'എന്ത് ഇന്‍റേ....പൈസ മാണന്നോ.... അന്‍റെ സുന്നത്ത് ഞ്ഞമ്മള്‍കൈക്കും...... കാണുന്നോ ......? '
അറിയാതെ കാലിറുക്കി. ജാള്യതയും അമ്പരപ്പും വിട്ടുമാറാതെ പത്തിവിതുര്‍ത്താടുന്ന  പാമ്പിനു മുന്‍പില്‍ നിസ്സഹായതയോടെ നില്‍ക്കുന്ന ഇരയെപോലെ ഞാന്‍ പതുങ്ങി. അയാള്‍ മാന്യതയ്ക്ക് നിരക്കാത്ത പലതും വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. അയാളുടെ നാവടക്കാന്‍   പലവുരു കിണഞ്ഞു പിടഞ്ഞു. എല്ലാം നിഷ്ഫലം.....!
ഒടുക്കം ആ വയ്യാവേലി ചുമക്കേണ്ടിതന്നെ വന്നു........
അരികിലൂടെ പോകുന്ന ഒരു ഞൊണ്ടനെ..ഹേയ്... ഹേയ്  എന്ന് ശല്ല്യപെടുത്തി  അരികിലേക്ക്  വിളിപ്പിച്ച്..  അയാള്‍ അത്യുച്ചത്തില്‍ പറയുക കൂടി ചെയ്തു.
'അതേ ഇങ്ങക്ക് കേക്കണോ.... ഈ കുട്ടീടെ  ഉമ്മാനെ ഞാന്‍ കെട്ടണം പോലും... ഈ കുട്ടി ന്നെ വിളിക്കാ......'
ഞൊണ്ടന്‍ നേരെ നോക്കി ഒന്ന് ചിരിച്ചു. ശേഷം അയാളിലേക്ക് തിരിഞ്ഞ് കയ്യാല്‍ ഒരുചോദ്യ ചിഹ്നവും കാണിച്ച്, അയാള്‍  എന്നെ വകഞ്ഞുഞൊണ്ടി. ഒന്നും പറയാന്‍ കഴിഞ്ഞില്ല.
കണ്ഠമിടറുന്ന പോലെ തോന്നി. സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി അവിടെനിന്ന് കുതിച്ചുപാഞ്ഞു.മറ്റൊരു മൂലയില്‍ അതിനെ അടക്കി നിര്‍ത്തി ശ്വാസം വിട്ടു..... ഹാവൂ....


     അയാളോട് തീര്‍ത്താല്‍ തീരാത്ത വെറുപ്പ് തോന്നി.
'ഈ കാലത്ത് നൊസ്സനോട് പോലും അനുകമ്പ പാടില്ല. ഇയാള്‍ക്ക് കാമം മൂത്ത് ഭ്രാന്തായതാ. വെറുപ്പന്‍.........'
' നൊസ്സനായാലും അല്പം മാന്യതയൊക്കെ വേണ്ടേ.... നശൂലം...... ആകെ നാണം കെട്ടു.... ചെകിടത്ത് അടിക്കേണ്ടതായിരുന്നു..'
മനസ്സ് ഞെരിഞ്ഞു. അരമണിക്കൂറിന്‍റെ  ദൈര്‍ഘ്യത്താലാണ് അല്‍പമെങ്കിലും മനസ്സിന്‍റെ രോഷമടങ്ങിയത്. വീണ്ടും അയാളെ മാറിനിന്ന് നിരീക്ഷിക്കാന്‍ തുടങ്ങി.അയാള്‍ ഒരടി മുന്നോട്ടോ  പിന്നോട്ടോ മാറിയിട്ടില്ല. നിന്നനില്‍പ്പില്‍ തന്നെ  കൊക്കികൊണ്ടിരിക്കുന്നു. ട്രൗസര്‍ അഴിഞ്ഞു വീഴാതിരിക്കാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു.അതിനിടയില്‍ മറുകയ്യാല്‍  തുട ശക്തിയായി മാന്തുകയും ചെയ്യുന്നു.
'മാന്യനാണെങ്കില്‍ പിന്നെ ഇയാളെയെന്തിനാ നൊസ്സനെന്ന് വിളിക്കുന്നത്......? തിരിച്ചറിവാണല്ലോ മാനവമുദ്ര. ആ ദൈവസിദ്ധി  ഇല്ലാത്തവരും മൃഗങ്ങളും സമാസമം. ഒരു തെരുവു മാട് അമറിയാ  എനിക്കെന്തു  ചേദം........?  ആരേലും അവയെ വകവെക്കുമോ.....?
മനസ്സ് എന്നോട് ത്തന്നെ പറഞ്ഞുകൊണ്ടിരുന്നു.
ആ നഗ്നപാദനായുള്ള നില്‍പ്പ് കണ്ടാല്‍ ആരുടെ മനസ്സും ഒന്നലിയും. മക്കളുടെ ലാളിത്യത്തില്‍,   പട്ടുമെത്തയില്‍ ആഡംബരപൂര്‍ണമായ സുഖശയനത്തിലാറാടേണ്ട സമയത്ത്,  ചാവാലിപ്പട്ടികളെ പോലെ അങ്ങാടിയില്‍ റോന്തുചുറ്റുന്നു. വിധി വൈപരീത്യം ........!
എന്തു പാപത്തിന്‍റെ പരിണിതഫലമായാലും ഇതല്പം കടുത്തുപോയി ദൈവമേ....അയാള്‍ക്ക് മരണമാണ് ശാന്തി.... അതോടെ ഒന്നുകില്‍ സ്വര്‍ഗ്ഗപ്രവേശം ലഭിക്കുമല്ലോ...
ആകാശത്തോളം ചിന്തകള്‍ ഉയര്‍ന്നു.
പെട്ടെന്നാണ് അങ്ങാടിയാകെ തരിപ്പിച്ചുകൊണ്ട്   ദൂരെ ഒരു  വണ്ടി അലമുറയിട്ടു വരുന്ന ശബ്ദം ചെവിയിലടിക്കുന്നത്. ഏതു കോലാഹലത്തിലും ആ ശബ്ദതന്തുവിനെ തിരിച്ചറിയാം.കാക്കവെപ്രാളത്തില്‍ കുയിലിനെ തിരിച്ചറിയുന്ന പോലെ.ഒരു ടെമ്പോ ലോറി മൂഡ് പൊക്കുമ്പോള്‍ കരിങ്കല്‍ പാളികള്‍ മണ്ണിലേക്ക് തലകുത്തുന്ന അലര്‍ച്ച പോലെ നേര്‍ത്തുവീര്‍ത്ത്  ഒടുക്കം  ഉച്ചിയില്‍ അലിയുന്ന ആ ശബ്ദതാളം ഒരേ ഒരു  വാഹനത്തിനേയുള്ളൂ.. ബുള്ളറ്റ്......! ബസ്സ്റ്റാന്‍ഡിനെ തരിപ്പിച്ച് രണ്ട് ആഡംബര പ്രേമികളുമായി ബുള്ളറ്റ് ഒരു മൂലയില്‍ ഒതുങ്ങി. പുറകിലുള്ളവന്‍  എന്തോ ആംഗ്യഭാഷ കാണിച്ച് ഇറങ്ങിപ്പോയി. പാപ്പാന്‍ മാത്രം ബുള്ളറ്റില്‍ ഇരുകാലുകളും തൂക്കിയിട്ട്  പെണ്ണിരിപ്പായി.
നല്ല കായബലം തോന്നിക്കുന്നതാണ് അയാളുടെ ശരീരം. മുഖത്ത് കൊമ്പന്‍മീശ മാത്രം മുളച്ചിരിക്കുന്നു.
'എന്‍റെ ദൈവമേ........!നൊസ്സന്‍  അയാളുടെ അരികിലേക്കാണല്ലോ പോകുന്നത്... ഇപ്പോ മുഹൂര്‍ത്തം പെരുക്കും...'
നൊസ്സന്‍റെ നടപ്പുകണ്ട്  മനസ്സില്‍ ആകാംക്ഷ തുളുമ്പി.
'ഹേയ്......... '
നൊസ്സന്‍ അയാളെ പലവുരു വിളിച്ചു. മീശക്കാരന്‍ അതു വകവെച്ചില്ലെങ്കിലും  നൊസ്സന്‍ അയാള്‍ക്കുനേരെ തന്‍റെ കൈ നീട്ടി.മീശക്കാരന്‍ ഇറുമ്പിചിരിച്ച് എന്തോ നല്‍കുന്നത് കണ്ടു. ഉടനെ  അയാള്‍  നൊസ്സനോട്  എന്തോ ചോദിക്കുന്നു.... ഞാനൊന്ന് രഹസ്യമായി ചിരിച്ചു..കാരണം, ചൂളി വാടിയ മീശക്കാരന്‍റെ  മുഖബിംബം  മനസ്സില്‍ അപ്പോഴേക്കും ഉദിച്ചിരുന്നു.
നൊസ്സന്‍ മീശക്കാരനോട്   എന്തോ പറഞ്ഞ ശേഷം അടുത്തൂടെ ധൃതിയില്‍ ഓടുന്നവരെ കൈനീട്ടി വിളിക്കാന്‍ തുടങ്ങി.മീശക്കാരന്‍റെ   മുഖം ചുവന്നുതുടുത്തു.അയാളുടെ ചുണ്ടുകള്‍ വിറച്ചിരിക്കാം. ദേഷ്യം കൊണ്ട് അയാള്‍ പുകഞ്ഞിരിക്കാം.  മീശക്കാരന്‍ അയാളോട്  എന്തോക്കെയോ താക്കീത് ചെയ്യുന്നു.സംസാര ശൈലി ഒരു താക്കീതാണെന്ന്  മുഖത്തില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാം. നൊസ്സന്‍ സ്വതസിദ്ധമായ ശൈലിയില്‍ എന്തോ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ പെട്ടെന്ന് മീശക്കാരന്‍ തന്‍റെ കൈ ഒന്ന് വീശി. അത്  നൊസ്സന്‍റെ കവിളിനെ തൊട്ടശേഷം അയാളുടെ തുടക്കീശയിലേക്ക് തന്നെ തിരിച്ചുപോയി.
'അള്ളാ....അള്ളാ.....'
എന്ന അലര്‍ച്ചയോടെ നൊസ്സന്‍ 'പധോം....'

        അയാള്‍ കോണ്‍ക്രീറ്റ് തറയില്‍ കിടന്ന് പിടഞ്ഞു. ട്രൗസര്‍ അഴിഞ്ഞുവീണ് കാല്‍പാദത്തെ മാത്രം മറച്ചു. എഴുന്നേല്‍ക്കാന്‍ കഴിയാതെ  പുളഞ്ഞു.ഒരു കൈ കവിള്‍  പാളികളില്‍ത്തന്നെ  അമര്‍ത്തി പിടിച്ചിരിക്കുന്നു. ബസ് സ്റ്റാന്‍ഡിലെ ഓരോ മൂലയും ഇപ്പോള്‍ നിശബ്ദം.....!പക്ഷേ അത് അല്‍പസമയം മാത്രമേ നീണ്ടുനിന്നുള്ളൂ. എല്ലാവരും ഒന്നു നോക്കി ചുണ്ട്കോട്ടി  തിരിഞ്ഞുനടന്നു. മീശക്കാരന്‍ ഒരു ജാള്യതയില്‍  അടുത്തുള്ള ചായക്കടയിലെ തൂണും  ചാരിനിന്ന് ചായക്കാരനോട് എന്തോ പിറുപിറുത്തുകൊണ്ടിരുന്നു.
ആകാശം കറുകറുത്തു. മഴ പൊടിയാന്‍ തുടങ്ങി. നൊസ്സന്‍ അതി പ്രയത്നത്താല്‍ ഒന്ന്  പടിഞ്ഞിരുന്നു.കൈകാലുകളില്‍ മാറിമാറി നോക്കി. ഇടക്കിടക്ക് കവിളില്‍ തടവിക്കൊണ്ട് ശക്തിയായി ശ്വാസമെടുത്തു. ആ ശ്വാസോച്ഛ്വാസത്തില്‍ അയാളുടെ സര്‍വ്വ അംഗങ്ങളും ഇളകി.മഴ ശക്തിയായതോടെ ഞാന്‍ അടുത്തുള്ള ഇരിപ്പിടത്തിലേക്ക് ഓടിക്കയറി വീണ്ടും നൊസ്സനെ തന്നെ നോക്കി നിന്നു. അയാളുടെ  കണ്ണുകള്‍ ചീര്‍ക്കുന്നുണ്ടാവാം. മഴവെള്ളം ശക്തിയായിനൊസ്സന്‍റെ  മുഖത്തെ പ്രഹരിക്കുകയാണ് ......അയാള്‍ ചെളിയില്‍ കിടന്ന് മറിയുന്നതിനിടയിലും.
'ഹേയ്..... '
എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. പക്ഷേ ആ വിളിക്ക് ആദ്യത്തെ ആവേശമില്ല. അയാളെ താങ്ങി പിടിച്ച്  കൊണ്ടു വന്നാലോ എന്ന് ആലോചിച്ചു. പക്ഷേ എല്ലാവരും  ശ്രദ്ധിക്കില്ലേ... ദുരഭിമാനമുണര്‍ന്ന് മനസ്സില്‍ ചിലച്ചുകൊണ്ടിരുന്നു.  സമ്മര്‍ദ്ദത്തിന്‍റെ  കയങ്ങളില്‍ കുടുങ്ങി.  ഇപ്പോള്‍ മേഘങ്ങളോടൊപ്പം പ്രകൃതിയും കറുത്തിരിക്കുന്നു.സൂര്യന്‍ രക്തം പൊടിക്കാതെ മറഞ്ഞിരിക്കുന്നു.  കാഴ്ച മങ്ങി തുടങ്ങി. ഇപ്പോള്‍ നൊസ്സനെ  നേര്‍ത്തു കാണാം. അയാള്‍ അവിടെ കമിഴ്ന്നു കിടന്ന് എന്തോ പറയുന്നുണ്ട്. തറയില്‍ കെട്ടിക്കിടന്ന വെള്ളത്തിലെ  ഓളങ്ങളായി അവ പര്യവസാനിക്കുന്നു. മൂക്കിലേക്ക് വെള്ളം കയറുമ്പോള്‍ അയാള്‍ പാടുപെട്ട്  മൂക്ക്ചീറ്റുന്നു. എന്തുവന്നാലും വേണ്ടില്ല അയാളെ പിടിച്ചെഴുന്നേല്‍പ്പിക്കുക  തന്നെ. മനസ്സ്  കനകനത്തു. ആ ഊര്‍ജ്ജത്തെ തകര്‍ക്കാന്‍ ദുരഭിമാന ത്തിന്‍റെ പൈശാചിക പ്രേരണകള്‍ക്ക്  സാധിക്കുന്നില്ല.  ഇരിപ്പിടത്തില്‍ നിന്നും മെല്ലെ പുറത്തേക്ക് നടന്നു.
'പടച്ചോനേ......'

ബസ്സ്റ്റാന്‍ഡിലെ പ്രവേശന കവാടത്തില്‍ നിന്നും ഏതോ സ്ത്രീ   അലമുറയിടുന്നത്  നേര്‍ത്തു കേട്ടപ്പോള്‍ വീണ്ടും ഇരിപ്പിടത്തിലേക്ക് തന്നെ മടങ്ങി. ആരുടേതാണ് ആ വിളികളെന്ന് വ്യക്തമല്ല. കടകളുടെ കുറിവെളിച്ചത്തില്‍ സൂക്ഷിച്ചു നോക്കിയപ്പോഴാണ്  കരിമ്പടം പുതച്ച ഇരുട്ടിനെ  പോലെ പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയാണ് ദൈവത്തെ വിളിക്കുന്നതെന്ന് മനസ്സിലായത്.  അവര്‍ ഓടിക്കിതച്ച്  നൊസ്സന്‍റെ  അരികിലെത്തി പതുക്കെ എന്തൊക്കെയോ പറയാന്‍ തുടങ്ങി.ശേഷം അവര്‍ അയാളുടെ തോളെല്ലു താങ്ങി പതിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. പലവുരു പരാജയപ്പെട്ടു.അവസാനം തന്‍റെ തുടയില്‍ അയാളുടെ ഭാരമേറിയ ശരീരം ചാരിനിറുത്തി  പണിപെട്ട് അയാളെ എഴുന്നേല്‍പ്പിച്ചു.അയാള്‍ അവളുടെ ശരീരത്തില്‍ ചാരി മെല്ലെ വേച്ച് നടക്കാന്‍തുടങ്ങി.നേര്‍ത്തുനേര്‍ത്ത് ആ കാഴ്ച അവസാനിച്ചുവെങ്കിലും വേദനയുടെ നിറക്കാഴ്ച്ചയായി  മനസ്സില്‍  പതിഞ്ഞു.എന്തിനാ  അസ്വസ്ഥനാകുന്നതെന്ന് പലവുരു ആലോചിച്ചു.  മനസ്സില്‍  അയാളെന്‍റെ ബന്ധുവായി മാറിയതിനാലാണോ ....?അന്നേരം മുതല്‍  കനത്ത ചിന്തയിലാണ്.അയാള്‍ എവിടെയാണിപ്പോള്‍......? അയാളെ വീണയുടനെ സഹായിക്കാമായിരുന്നില്ലേ.....? പരിസരം മറന്ന് ചിന്തയില്‍ മുഴുകി.ഞാന്‍ എന്നെ മറന്ന് വേദനിച്ചു.


വീശിയടിച്ച കാറ്റില്‍ പറന്നു വന്ന ഒരു ആകാശത്തുള്ളി  കണ്ണടയില്‍ പതിഞ്ഞപ്പോഴാണ്  ചിന്തയില്‍ നിന്നുണര്‍ന്നത്.  കണ്ണട ഊരിത്തുടച്ച്  വീണ്ടും ധരിച്ചു. സമയം രാത്രി  എട്ടുമണിയോടടുക്കുന്നു. വേദനയിലാഴ്ത്തിയ ആ ആടിനെ പലയിടത്തായി തിരയുന്നതിനിടയില്‍  പീടിക കോലായില്‍ ജേഷ്ഠനെന്നെ തിരയുന്നത് കടയുടെ കുറിവെളിച്ചത്തില്‍  കണ്ടപ്പോള്‍  ആശ്വാസമായി, കാത്തിരിപ്പിന്  വിരാമമായിരിക്കുന്നു.  ജേഷ്ഠന് കേള്‍ക്കാനെന്നോണം   ഉറക്കെ വിളിച്ചു...' ഹേയ് ഹേയ്......


ډ    കെട്ടുക:കല്യാണം കഴിക്കുക
ډ    സുന്നത്ത്:ചേലാകര്‍മം

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സെയിൽസ്മാൻ (ഷംസു വടക്കുംപുറം, ഇ-മലയാളി കഥാമത്സരം 18)

ജല്‍പനങ്ങളില്‍ തെളിഞ്ഞ് കേട്ടവ (സുനില്‍ ഗുരുകുലം, ഇ-മലയാളി കഥാമത്സരം 17)

ചിത്രലേഖ (രാജൻ പെരുമ്പുള്ളി,  ഇ-മലയാളി കഥാമത്സരം 16)

ജഡ്ജ് മെയ്ഡ് ലോ (ഡോ.എം.ഷാജഹാൻ, ഇ-മലയാളി കഥാമത്സരം 15)

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

View More