ഏറെ വൈകാതെ തന്നെ കമലഹാസന്റെ വിശ്വരൂപം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ജോലികളിലും പ്രമോഷന് പ്രവര്‍ത്തനങ്ങളിലുമായി തിരക്കിലാണ് കമലഹാസന്. കമലഹാസന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രം കൂടിയാണ് വിശ്വരൂപം. തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് 180 കോടിയൂടെ ബജറ്റാണ് ഇതുവരെ ചിലവായിരിക്കുന്നത്. ചിത്രത്തിന്റെ പബ്ലിസിറ്റി ജോലികള്‍ കൂടി കഴിയുമ്പോള്‍ ബജറ്റ് ഇതിലും ഉയര്‍ന്നേക്കും.
കമലഹാസനും സഹോദരന് ചന്ദ്രഹാസനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമല്‍ തന്നെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു സൈക്കിക് ത്രില്ലര്‍ ചിത്രമാണ് വിശ്വരൂപം. കഥക് നര്‍ത്തകന്റെയും പോലീസ് ഓഫീസറുടെയും വേഷത്തില്‍ കമലഹാസന് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളാണ് ചിത്രത്തിലെ പ്രധാന പ്രമേയം. പൂജാകുമാറാണ് ചിത്രത്തിലെ നായിക. രാഹൂല്‍ ബോസ് ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഒക്ടോബര്‍ അവസാനം ചിത്രം റിലീസിനെത്തുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.