മെല്‍ബണ്‍: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി ഓസ്ട്രേലിയന്‍ തപാല്‍ വകുപ്പ് പുറത്തിറക്കുന്ന പരിശുദ്ധ ബാവായുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് മെല്‍ബണ്‍ കത്തീഡ്രലില്‍ വച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് അംഗവും മുന്‍ സാംസ്കാരിക വകുപ്പ് അധ്യക്ഷനുമായ പീറ്റര്‍ ഖലീല്‍ എം. പി. പരിശുദ്ധ ബാവായ്ക്ക് നല്കി പ്രകാശനം ചെയ്തു. ഓസ്ട്രേലിയന്‍ ഗവണ്മെന്റ് ഒരു ഇന്ത്യന്‍ സഭാ മേലധ്യക്ഷന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്നത് ആദ്യമായാണ്. സ്റ്റാമ്പിന്റെ കോപ്പി ലോകത്തെവിടെ നിന്നും ആര്‍ക്കും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി secretary@stmarysioc.org.au എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
പുതുതായി പണി കഴിപ്പിച്ച ബ്രിസ്ബെന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അഭി. ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി എന്നീ ദേവാലയങ്ങള്‍ ബാവാ സന്ദര്‍ശിച്ചു. മെല്‍ബണ്‍ കത്തീഡ്രലില്‍ നടന്ന സ്വീകരണ ചടങ്ങില്‍ വിവിധ സഭാ മേലദ്ധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത് പരിശുദ്ധ പിതാവിനെ അനുമോദിച്ചു. ഓസ്ട്രേലിയന്‍ സന്ദര്‍ശനം പൂര്‍ത്തീകരിച്ച് പരിശുദ്ധ ബാവാ ഇന്ന് (19/09/2022) അമേരിക്കന്‍ നാടുകളിലേക്ക് യാത്ര തിരിക്കും.
ഫാ. മോഹന്‍ ജോസഫ് (PRO)